ഓരോ കരുനീക്കവും അതീവ കരുതലോടെ
text_fieldsശനിവാർവാഡ കോട്ട മുറ്റത്ത് മുസ്‍ലിം വനിതകൾ നമസ്കരിച്ചുവെന്നാരോപിച്ച് മേധ കുൽക്കർനിയും അനുയായികളും
നടത്തിയ പ്രതിഷേധ മാർച്ച്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആവേശത്തോടെയും സൂക്ഷ്മതയോടെയുമാണ് വിളിപ്പാടകലെ എത്തിനിൽക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മഹാരാഷ്ട്രയിലെ പാർട്ടികളെല്ലാം തയാറെടുക്കുന്നത്. സംസ്ഥാന ഭരണസഖ്യമായ മഹായുതിയിലെ ബി.ജെ.പിക്ക് ചിലയിടങ്ങളിൽ തനിച്ച് മത്സരിക്കാനാണ് താൽപര്യം. മറ്റ് സഖ്യ കക്ഷികളായ ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്ക് താണെ നഗരസഭയിൽ കൂട്ടില്ലാതെ മത്സരിക്കണം. അജിത് പവാറിന്റെ എൻ.സി.പിക്ക് പുണെ, പിമ്പ്രി-ചിഞ്ച്വാഡിൽ സഖ്യം വേണ്ട. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് വിജയസാധ്യതയുള്ള നഗരസഭകളിൽ സഖ്യമായി മത്സരിക്കാനും തങ്ങൾക്ക് മേൽക്കോയ്മയുള്ള ഇടങ്ങളിൽ ഒറ്റക്ക് മത്സരിക്കാനുമാണ് ബി.ജെ.പി തീരുമാനം.
താണെ ഷിൻഡെയുടെ ശക്തികേന്ദ്രമാണ്. സഖ്യമായി മത്സരിച്ചാൽ സീറ്റ് വിഭജനം പ്രതികൂലമാകും. സീറ്റ് കിട്ടാത്തവർ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയിലേക്ക് തിരിച്ചുപോകും. ഒറ്റക്ക് മത്സരിച്ചാൽ ബി.ജെ.പിക്കും ശിവസേനക്കും ഇടയിൽ വോട്ട് ചിതറുകയും അത് ഉദ്ധവ് താക്കറേക്ക് ഗുണമാവുകയും ചെയ്യും. താണെ നഗരസഭയിൽ രാജ് താക്കറെയുടെ എം.എൻ.എസുമായി സഖ്യം ചേർന്നാകും മത്സരിക്കുകയെന്നാണ് ഈയിടെ ഉദ്ധവ് പക്ഷ ശിവസേന വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞത്.
പ്രതിപക്ഷ മഹാ വികാസ് അഘാഡിയിൽ (എം.വി.എ) സഖ്യ സംബന്ധമായ ചർച്ചകൾ നടക്കുന്നില്ല. ഉദ്ധവ് പക്ഷ ശിവസേന രാജ് താക്കറയെയും കൂടെ കൂട്ടണമെന്ന നിലപാടിലാണ്. എം.വി.എയിൽ കൂടാൻ രാജ് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സഞ്ജയ് റാവുത്ത് പറഞ്ഞത്. ഇത് എം.എൻ.എസുകാർ നിഷേധിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കൂടിക്കാഴ്ചകളിൽ എം.വി.എ നേതാക്കൾക്കൊപ്പം രാജുമുണ്ടായിരുന്നത് റാവുത്തിന്റെ വാക്കുകളെ ശരിവെക്കുന്നതാണ്.
എന്നാൽ, ഹിന്ദി ഭാഷക്കെതിരായ രാജിന്റെ അക്രമാത്മക ഇടപെടൽ ഉത്തരേന്ത്യൻ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന് കോൺഗ്രസ് ഭയക്കുന്നു. മഹാരാഷ്ട്രയിൽ പ്രാഥമിക ക്ലാസുകൾ മുതൽ ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള സർക്കാർ ശ്രമത്തെ രാജും ഉദ്ധവും ഒരുമിച്ചാണ് എതിർത്തത്. ഒടുവിൽ സർക്കാറിന് ഉത്തരവ് പിൻവലിക്കേണ്ടിവന്നു. തെരുവിൽ മറാത്തി സംസാരിക്കാതെ ഹിന്ദി സംസാരിച്ച കച്ചവടക്കാരെ കായികമായാണ് രാജിന്റെ അണികൾ നേരിട്ടത്. കൈവിട്ടുപോയ മറാത്തി വോട്ടുബാങ്കിനെ തിരിച്ചുപിടിക്കാൻ മറാത്തി വിഷയങ്ങളുമായി രാജും ഉദ്ധവും കൈകോർക്കുമ്പോൾ കോൺഗ്രസിനത് ഉൾക്കൊള്ളുക അത്ര എളുപ്പമല്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണം സമർഥമായി ഉന്നയിച്ചുവരുകയാണ് രാജ് താക്കറെ. നഗരസഭ തെരഞ്ഞെടുപ്പിനുവേണ്ടി തയാറാക്കിയ വോട്ടർപട്ടികയിൽ 96 ലക്ഷം വ്യാജന്മാർ ഉണ്ടെന്നാണ് രാജിന്റെ ആരോപണം. ബിഹാറിലെ പോലെ വോട്ടർപട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിട്ടുമതി തെരഞ്ഞെടുപ്പെന്ന് രാജ് പറയുന്നു. ഇതേ ആവശ്യമാണ് ശരദ് പവാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ കണ്ട പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചത്. വീടുവീടാന്തരം കയറി വ്യാജ വോട്ടർമാരെ കണ്ടെത്താൻ രാജ് തന്റെ അണികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ചങ്ങാതി മുതലാളിമാർക്ക് പദ്ധതികൾ അനുവദിച്ചുനൽകാനും ഭൂമി പതിച്ചുനൽകാനും താഴേക്കിട മുതൽ അധികാരത്തിന് ശ്രമിക്കുകയാണ് ബി.ജെ.പി എന്നതാണ് രാജ് താക്കറെ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുന്നതും ഇതിന്റെ ഭാഗമായാണെന്ന് രാജ് പറയുന്നു. മുംബൈ നഗരത്തെ അദാനിയിൽ നിന്ന് രക്ഷിക്കാൻ തങ്ങളെ ജയിപ്പിക്കണമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ മുദ്രാവാക്യം. ഇതേ വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസിനോട് ഒപ്പം നിൽക്കാനാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. ശരദ് പവാർ പക്ഷമാകട്ടെ നഗരസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ, യുവാക്കളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ്.
ഇതിനിടയിലാണ് പുരാവസ്തു ഗവേഷണ വകുപ്പിന്റെ സംരക്ഷണത്തിലുള്ള ശനിവാർവാഡയിൽ മുസ്‍ലിം സ്ത്രീകൾ നമസ്കരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും വിവാദമാവുകയും ചെയ്തത്. പേഷ്വാ ഭരണകാലത്തെ കൊട്ടാരത്തിന്റെ പുൽത്തകിടിയിൽ സ്ത്രീകൾ നമസ്കരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് രംഗത്തുവന്നത് ബി.ജെ.പി രാജ്യസഭാ എം.പി മേധ കുൽക്കർനിയാണ്. പക്ഷേ, മന്ത്രി നിതേഷ് റാണെ ഒഴികെ ഒരു ബി.ജെ.പി നേതാവ് പോലും വിഷയം ഏറ്റെടുത്തില്ല. ബി.ജെ.പിയുടെ സഖ്യകക്ഷികളായ ഷിൻഡെ ശിവസേനയും അജിത് പക്ഷ എൻ.സി.പിയും ബി.ജെപി എം.പിക്കെതിരെ ശക്തമായി രംഗത്തുവരുകയുംചെയ്തു.
ഹിന്ദുത്വ സംഘടനകളെ കൂട്ടുപിടിച്ച് വന്ന മേധ സ്ത്രീകൾ നമസ്കരിച്ചിടത്ത് ഗോമൂത്രം തെളിച്ചും മന്ത്രങ്ങളുച്ചരിച്ചും ശുദ്ധികലശം നടത്തി. ആളുകളെ ജാതിമതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്ന വിഷയങ്ങളിൽ അല്ലാതെ മേധ കുൽക്കർണി തെരുവിലിറങ്ങാറില്ലെന്നും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയതിന് അവർക്കെതിരെ കേസെടുക്കണമെന്നും അജിത് പക്ഷ നേതാവ് രൂപാലി പാട്ടീൽ ആവശ്യപ്പെട്ടു. ശനിവാർവാഡക്കകത്ത് നമസ്കരിച്ചതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും മേധയുടെ നടപടികളെ ഷിൻഡെ ശിവസേനയും എതിർത്തു. നഗരസഭ തെരഞ്ഞെടുപ്പായിരുന്നു മേധയുടെ ലക്ഷ്യം. അത് തിരിച്ചറിഞ്ഞാണ് താമസംവിനാ അജിത് പക്ഷ എൻ.സി.പി പ്രതികരിച്ചത്. പുണെയിൽ സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്. അജിത്തിനും അതാണ് ആവശ്യം.
2017ലാണ് അവസാനമായി മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 2022ൽ കാലാവധി പൂർത്തിയാക്കിയശേഷം ഒരു നഗരസഭയിലും കോർപറേറ്റർമാർ ഇല്ല. കമീഷണർ ഭരണത്തിലാണ് 27 നഗരസഭകളും. ഒ.ബി.സി കോട്ടയുടെ പേരിലെ തർക്കമാണ് തെരഞ്ഞെടുപ്പ് മുടങ്ങാൻ കാരണം. ഒടുവിൽ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സുപ്രീംകോടതി നൽകിയ സമയപരിധി അടുത്ത ജനുവരിയോടെ തീരും. അതിനുമുമ്പ് തെരഞ്ഞെടുപ്പ് നടത്തണം.


