മുംബൈ ആരുടെ കൈയിലൊതുങ്ങും?
text_fields‘മുംബൈ മേരീ ജാൻ’- ഏതൊരു മുംബൈ നിവാസിയുടെയും രക്തത്തിലലിഞ്ഞ വാചകമാണ്. സാഹിത്യം, സിനിമ ഉൾപ്പെടെ കലാരംഗത്തും ആ വാചകം പടർന്നുനിൽക്കുന്നു. സാധാരണക്കാർ മുംബൈയുടെ സത്ത നുകർന്നാനന്ദിക്കുമ്പോൾ രാഷ്ട്രീയക്കാർ അതിന്റെ അസ്തിത്വത്തെ ചൊല്ലിയുള്ള വിലാപത്തിലാണ്. വ്യത്യസ്ത പ്രദേശ, ഭാഷ, സംസ്കാരം ഇഴകിച്ചേർന്ന മെട്രോപോളിറ്റന്സിറ്റി ആരുടേതാണെന്ന ചോദ്യം ഓരോ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയമായി ഉയർന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തിനോട് കൂട്ടിച്ചേർക്കാനിരുന്ന പട്ടണത്തെ തലസ്ഥാനമാക്കി മഹാരാഷ്ട്ര സംസ്ഥാനം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിലൂടെയാണ്. എന്നാൽ, മുംബൈ കൈവിട്ടു പോകുമെന്ന ഭീതി ഇന്നും മറാത്തികളിലുണ്ട്. ആ ഭീതിയാണ് മണ്ണിന്റെ മക്കൾ അടിസ്ഥാന ആശയമായ ശിവസേനയുടെയും മഹാരാഷ്ട്ര നവ നിർമാൺ സേനയുടെയും (എം.എൻ.എസ് ) രാഷ്ട്രീയ മൂലധനം. മുംബൈ മഹാരാഷ്ട്രയുടെ തലസ്ഥാനമാണെങ്കിലും ജനസംഖ്യയുടെ പകുതിയിലേറെയും മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയവരാണ്.
32 ശതമാനത്തോളമാണ് മറാത്തി ജനസംഖ്യ. നഗരത്തിൽ ഗുജറാത്തികൾ മേൽകൈ നേടുന്നു എന്ന ആശങ്കയിലാണ് മാറാത്തികൾ. നഗരത്തിലെ ചില വ്യവസായ സ്ഥാപനങ്ങളും ഗുജറാത്തിലേക്ക് ചേക്കേറുന്നത് സാമ്പത്തിക തലസ്ഥാനം എന്ന തിളക്കം കെടുത്തുമെന്ന ആശങ്ക ശക്തമാണ്. മാംസാഹാരികൾ എന്നതിനാൽ നഗരത്തിലെ കെട്ടിടങ്ങളിൽ മറാത്തികൾക്ക് പാർപ്പിടം ലഭിക്കാത്ത അവസ്ഥയുമുണ്ടാകുന്നു. തങ്ങൾ പതുക്കെ പുറന്തള്ളപ്പെടുകയാണെന്ന ഒരു തോന്നൽ മറാത്തികളിൽ ഉണ്ടായിത്തുടങ്ങി. അത് നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറേ പക്ഷ ശിവസേന-എം.എൻ.എസ് കൂട്ടുകെട്ടിന്റെ ശ്രമം.
മഹാരാഷ്ട്രയിലെ 29 നഗരസഭകളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തൊട്ടുമുമ്പ് കഴിഞ്ഞ മുനിസിപ്പൽ കൗൺസിൽ, നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായിരുന്നു നേട്ടം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ സഖ്യമൊന്നും ഈ തെരഞ്ഞെടുപ്പുകളിൽ ഇല്ല. കോൺഗ്രസ്, ശരദ് പവാർപക്ഷ എൻ.സി.പി പാർട്ടികൾക്കൊപ്പമല്ല ഉദ്ധവ് പക്ഷ ശിവസേന. കാൽനൂറ്റാണ്ട് ഭരിച്ച, 75000 കോടി ബജറ്റുള്ള, മുംബൈ നഗരസഭയിൽ അധികാരം നിലനിർത്തുകയാണ് ഉദ്ധവ് പക്ഷത്തിന്റെ പരമ ലക്ഷ്യം. അതിന് മറാത്തി കാർഡോളം വലുത് മറ്റൊന്നില്ല. മറാത്തി കാർഡ് ഉയർത്തിപ്പിടിക്കുമ്പോഴും 2019ന് ശേഷമുള്ള രാഷ്ട്രീയ നയമാറ്റത്തെ തുടർന്ന് ഒപ്പം കൂടിയ മറ്റു ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കാനുള്ള സൂക്ഷ്മത പുലർത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുംബൈ നഗരസഭ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ ഉദ്ധവ് താക്കറെയുടെ നില പരുങ്ങലിലാകും. അതുകൊണ്ടാണ് രണ്ടു പതിറ്റാണ്ടുമുമ്പ് വഴിപിരിഞ്ഞുപോയ കസിൻ രാജ് താക്കറെയുമായി ഒന്നിച്ചത്. രണ്ടുപേരും ചേർന്നാൽ മറാത്തികൾ സന്തോഷിക്കുമെന്നും ആ സന്തോഷം വോട്ടായി മാറുമെന്നും അവർ കണക്കുകൂട്ടുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്ന വിഡിയോകളുമായി വന്ന രാജ് ഇക്കുറി 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം അദാനി ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യം രാജ്യവ്യാപകമായി വളർന്നതിന്റെ മാപ്പുമായാണ് കളം നിറഞ്ഞാടുന്നത്. മുംബൈ നഗരത്തെ അദാനിക്ക് തീറെഴുതിക്കൊടുക്കുകയാണെന്ന് രാജും ഉദ്ധവും ആരോപിക്കുന്നു. ഛത്രപതി ശിവജി മഹാരാജ ടെർമിനൽ ഇന്റർനാഷനൽ വിമാനത്താവളം ജി.വി.കെ ഗ്രൂപ്പിൽനിന്ന് അവർ ഏറ്റെടുത്തു. ആധുനിക സാങ്കേതിക വിദ്യകളോടെ നിർമിക്കപ്പെട്ട നവീ മുംബൈ വിമാനത്താവളവും അദാനിയുടെ കൈകളിലാണ്. വധ്വാൻ തുറമുഖത്തിനോട് അടുത്ത് മഹാരാഷ്ട്രയിലെ പാൽഘറിൽ വരാനിരിക്കുന്ന വിമാനത്താവളവും ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയിലെ ഭൂമിയും അദാനിക്ക് പതിച്ചുനൽകാനുള്ള നീക്കത്തിലാണ് സർക്കാർ- അങ്ങനെ നിരവധി ആരോപണങ്ങളാണ് രാജ് താക്കറെ ഉന്നയിച്ചത്. ജനങ്ങളെ ഹിന്ദു-മുസ്ലിം, ഹിന്ദു-മറാത്തി വികാരങ്ങളിൽ കുരുക്കിയിട്ട് രാജ്യത്തെ അദാനി ഗ്രൂപ്പിന് തീറെഴുതുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഗുജറാത്തി-മറാത്തി വികാരവും കൂടി അദാനി വിഷയത്തിൽ ഉൾച്ചേർന്നിരിക്കുന്നുണ്ട്. മുംബൈയെ അദാനി ഗ്രൂപ് കൈയടക്കുന്നതോടെ നഗരത്തിലെ മറാത്തികളുടെ അസ്ഥിത്വമില്ലാതാകുമെന്ന ധ്വനി രാജ് താക്കറയുടെ ശരീരഭാഷയിലടങ്ങിയിട്ടുണ്ട്. എന്നാൽ, ജയിക്കാൻ ആളും അർഥവും ഇറക്കി തന്ത്രങ്ങൾ മെനയുന്ന ബി.ജെ.പിക്ക് മുമ്പിൽ ഇതെത്ര വിലപ്പോകുമെന്ന് വെള്ളിയാഴ്ച നഗരസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വ്യക്തമാകും.


