Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഇടിയുന്ന രൂപ, ഉടയുന്ന...

ഇടിയുന്ന രൂപ, ഉടയുന്ന വിശ്വാസ്യതകള്‍

text_fields
bookmark_border
money
cancel

ഇന്ത്യൻ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ച വിപണിയിലെ ഒരു താൽക്കാലിക പ്രതിഭാസമല്ല, മറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ ആഴത്തിലുള്ള ദുർബലതകളുടെ ഘടനാപരമായ സൂചകമാണ്. 1995 മുതൽ 2025 വരെയുള്ള മൂന്ന് ദശകങ്ങളിലെ രൂപ-ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ ശതമാനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, രൂപയുടെ മൂല്യത്തകർച്ചയില്‍ ഒരു നൈരന്തര്യം കാണാമെങ്കിലും ഇത്തരം ദീർഘകാല ഘടനാപരമായ സമ്മർദങ്ങള്‍ക്കുപരി വ്യക്തമാവുന്ന ഒരു കാര്യമുണ്ട്: ബി.ജെ.പി ഭരണകാലത്താണ് രൂപയുടെ മൂല്യം കുത്തനെ കൂടുതലായി ഇടിയുന്നത്. 1995-2005 കാലഘട്ടത്തിൽ (ഇതില്‍ ബി.ജെ.പിയുടെ ഷൈനിങ് ഇന്ത്യ ഉള്‍പ്പെടുന്നു), രൂപയുടെ മൂല്യം ഏകദേശം 43 ശതമാനം ഇടിയുകയുണ്ടായി.

വാർഷികമായി രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നത് ശരാശരി 4.3 ശതമാനമായിരുന്നു (സംയോജിതമായി ഏകദേശം 3.6 ശതമാനം). തുടര്‍ന്നുവന്ന ഒന്നും രണ്ടും യു.പി.എ സർക്കാറുകളുടെ കാലഘട്ടത്തിൽ (2005-2015) രൂപയുടെ മൂല്യത്തകർച്ചയുടെ വേഗം കുറയുന്നതായി കാണാം. ആകെ വർധന ഏകദേശം 39 ശതമാനമായി ചുരുങ്ങുകയും, മൂല്യം ഇടിയുന്നതിന്റെ വാർഷികനിരക്ക് 3.9 ശതമാനമായും സംയോജിത വളർച്ച ഏകദേശം 3.4 ശതമാനമായും കുറയുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധി ആഞ്ഞടിച്ചിട്ടും രൂപയുടെ ഇടിവ് നിയന്ത്രിതമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് സാമ്പത്തിക വളർച്ചാ പ്രതീക്ഷകളും, നിക്ഷേപ പ്രവാഹങ്ങളും, സ്ഥാപനപരമായ വിശ്വാസ്യതയും രൂപക്ക് ഒരു പരിധിവരെ സംരക്ഷണം നൽകിയിരുന്നുവെന്ന് സൂചിപ്പിക്കുന്നു. 2008ലെ ലോക സാമ്പത്തികക്കുഴപ്പംപോലും രൂപയെ അധികമായി ബാധിച്ചില്ല. ഒബാമ മന്‍മോഹന്‍സിങ്ങിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചത് ഇതിന്‍റെ പേരിലായിരുന്നു.

എന്നാൽ, ബി.ജെ.പിയുടെ 2015-2025 കാലഘട്ടത്തിൽ രൂപയുടെ മൂല്യത്തകർച്ചക്ക് വീണ്ടും ആക്കം കൂടുകയാണുണ്ടായത്. ആകെ ഏകദേശം 45 ശതമാനത്തിലധികം ഇടിവും, വാർഷിക ഇടിവിന്‍റെ നിരക്ക് 4.5 ശതമാനവും ആവുന്നു. മൂല്യത്തകർച്ചയുടെ സംയോജിത വർധനവ് ഈ കാലയളവില്‍ ഏകദേശം 3.8 ശതമാനമാണ്. ശക്തമായ രാഷ്ട്രീയാധിപത്യവും സാംസ്കാരിക ദേശീയതയുടെ വാചാടോപവും നിലനിന്നിട്ടും, രൂപയുടെ സ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. വ്യാപാരക്കുറവ്, ഊർജ ഇറക്കുമതികളിലെ ആശ്രിതത്വം, ആഗോള മൂലധന പ്രവാഹങ്ങളിലെ അനിശ്ചിതത്വം എന്നിവ പോലുള്ള ഘടനാപരമായ പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ രൂപയുടെ ഇടിവിനെ നിത്യസംഭവമാക്കി മാറ്റിയതായി വായിക്കാം. ഇതിനൊന്നും നയപരമായ എന്തെങ്കിലും പ്രതിരോധമുയര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇത്രയും “സാമ്പത്തിക നിസ്സഹായത”യുള്ള ഒരു സര്‍ക്കാര്‍ മുമ്പ് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.

ഭരണകൂട നയങ്ങളുടെ പങ്ക്

മോദി സർക്കാരിന്റെ നയങ്ങൾ രൂപയുടെ മൂല്യത്തെ അടിസ്ഥാനപരമായി പ്രതികൂലമായി ബാധിച്ചുവെന്നത് വെറുതെ പറയുന്നതല്ല. കാരണം, മൂല്യത്തകർച്ചയെ കേവലം ബാഹ്യഘടകങ്ങളിലേക്കോ ആഗോള പ്രതിസന്ധികളിലേക്കോ മാത്രം ചുരുക്കുന്നത് അപര്യാപ്തമാണ്. ഒന്നാമതായി, ഉൽപാദന അടിത്തറ മോദി കാലഘട്ടത്തിൽ കൂടുതൽ രൂക്ഷമായി. ‘മേക്ക് ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികൾ ശക്തമായ ആഭ്യന്തര നിർമാണം സൃഷ്ടിക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും, യഥാർഥത്തിൽ ഇറക്കുമതി ആശ്രിതത്വം കുറക്കാൻ കഴിഞ്ഞിട്ടേയില്ല.

വ്യാവസായിക ഉൽപാദനം ആവശ്യത്തിന് ഉയരാതിരിക്കുകയും, കയറ്റുമതി വളർച്ച പരിമിതമാവുകയും ചെയ്തതോടെ, വ്യാപാരക്കമ്മി രൂക്ഷമായി. ഈ വ്യാപാരക്കമ്മിയാണ് രൂപക്കെതിരെ സ്ഥിരമായ സമ്മർദം സൃഷ്ടിക്കുന്നത്. രണ്ടാമതായി, വിദേശ മൂലധന നിക്ഷേപത്തിലുള്ള അമിത ആശ്രിതത്വം രൂപയുടെ സ്ഥിരത കൂടുതൽ അനിശ്ചിതമാക്കി. ദീർഘകാല ഉൽപാദന നിക്ഷേപങ്ങളേക്കാൾ, ഹ്രസ്വകാല പോർട്ട്ഫോളിയോ നിക്ഷേപങ്ങളിലേക്കുള്ള മാറ്റം വർധിച്ചതോടെ, ആഗോള വിപണികളിലെ ചെറിയ ചലനങ്ങൾപോലും രൂപയെ ദുർബലപ്പെടുത്തുന്ന സാഹചര്യം രൂപപ്പെട്ടു. ശരിയായ സാമ്പത്തിക നയമില്ലായ്മ രൂപയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുകയാണ് എന്നർഥം.

മൂന്നാമതായി, ധനകാര്യ നയങ്ങളിലെ വൈരുധ്യങ്ങൾ രൂപയുടെ വിശ്വാസ്യതയെ ബാധിച്ചു. വലിയ കോർപറേറ്റുകൾക്ക് നൽകിയ നികുതിയിളവുകളും, പൊതുമേഖലാ നിക്ഷേപങ്ങളിലെ പിന്‍വലിയലും, വർധിക്കുന്ന തൊഴിലില്ലായ്മയും ആഭ്യന്തര ഡിമാൻഡിനെ ദുർബലമാക്കി. ഡിമാൻഡ് കുറയുമ്പോൾ ഉൽപാദനവും കയറ്റുമതിയും ഉയരുന്നില്ല. ഇതിന്റെ പ്രത്യാഘാതമായി രൂപയുടെ മൂല്യം കൂടുതല്‍ ഇടിയുന്നു. രാഷ്ട്രീയ-സാംസ്കാരിക ദേശീയതയുടെ ആധിപത്യം ഈ സാമ്പത്തിക യാഥാർഥ്യങ്ങളെ മറച്ചുവെക്കാന്‍ സഹായിക്കുന്നു എന്നതുകൊണ്ട്‌ സത്യം സത്യമല്ലാതാവുന്നില്ല. അമിതാധികര പ്രയോഗങ്ങളും വാചാലമായ ദേശീയതയും സാമ്പത്തികശക്തിയായി പരിഭാഷപ്പെടുമെന്ന് കരുതുന്ന വിഡ്ഢിത്തം സാമ്പത്തികനയത്തിന് പകരംനില്‍ക്കുന്ന സാഹചര്യമാണുള്ളത്.

യാഥാർഥത്തിൽ ഇത് ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽനിന്ന് ശ്രദ്ധതിരിക്കുന്ന വിലകുറഞ്ഞ തന്ത്രമാണ്. രൂപയുടെ ഇടിവ് ഒരു ‘അസാധാരണ പ്രതിസന്ധി’യായി കാണാതെ, പതിവ് സംഭവമായി എല്ലാവരും അംഗീകരിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിയത്. മോദി സർക്കാറുകളുടെ കാലത്ത് രൂപയുടെ മൂല്യം ദുർബലമായത് ആകസ്മികമോ അനിവാര്യമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഉൽപാദന-വ്യാപാര നയങ്ങളിലെ പരിമിതികളും വിദേശ മൂലധന ആശ്രയത്വവും, സാമ്പത്തിക നയങ്ങളിലെ സങ്കുചിതത്വവും ചേർന്നാണ് എന്ന വസ്തുത ഇനിയും മൂടിവെക്കാന്‍ കഴിയില്ല.

കയറ്റുമതി വാദത്തിന്റെ പൊള്ളത്തരം

മന്‍മോഹന്‍സിങ്ങിനെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പേരില്‍ കടന്നാക്രമിച്ച പഴയകാല ചരിത്രം വിസ്മരിക്കുന്നതായി അഭിനയിച്ചുകൊണ്ട് രൂപയുടെ മൂല്യം താഴുമ്പോൾ കയറ്റുമതി സ്വാഭാവികമായി വർധിക്കും എന്ന ടെക്സ്റ്റ്ബുക്ക് വാദവുമായാണ് ബി.ജെ.പി നേതൃത്വം സ്വന്തം പ്രതിരോധമുയര്‍ത്തുന്നത്. സാമ്പത്തികമായി ഏറെ ലളിതവത്കരിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഈ വാദം. വിനിമയ നിരക്കിലെ മാറ്റം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉൽപന്നങ്ങളുടെ വിലകുറക്കും എന്നതുകൊണ്ട്‌ കയറ്റുമതിക്ക് അനുകൂലമാകാമെന്നത് സിദ്ധാന്തപരമായ ഒരു സാധ്യത മാത്രമാണ്.

യഥാർഥത്തിൽ ആഗോള ഡിമാൻഡ് വിലയെമാത്രം ആശ്രയിക്കുന്നതല്ല ഒന്നാമതായി, ഗുണനിലവാരം, സ്ഥിരത, സാങ്കേതിക നിലവാരം, ബ്രാൻഡ് വിശ്വാസ്യത, വിതരണം കൃത്യമായി നടത്താനുള്ള കഴിവ് എന്നിവയെല്ലാം നിർണായകമാണ്. രൂപയുടെ മൂല്യം താഴ്ന്നതുകൊണ്ട് ഒരു ഉൽപന്നം വിലകുറഞ്ഞതായി തോന്നിയാലും, ഗുണനിലവാരവും സാങ്കേതിക നിലവാരവും കുറഞ്ഞാൽ വിപണി വികസിക്കുകയില്ല. ഇന്ത്യയുടെ കയറ്റുമതിഘടന ഇപ്പോഴും വലിയതോതിൽ കുറഞ്ഞ മൂല്യവർധനയുള്ള ഉൽപന്നങ്ങളിലേക്കാണ് ചുരുങ്ങിയിരിക്കുന്നത്. അതിനാൽ വിനിമയ നിരക്കിലെ മാറ്റംകൊണ്ടുമാത്രം ആഗോള ഡിമാൻഡ് ഉയരുകയില്ല. രണ്ടാമതായി, കയറ്റുമതി വർധിക്കാൻ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥ സജീവമായിരിക്കണം. ആഗോള മൂലധനം ഊർധശ്വാസം വലിക്കുന്ന സമയമാണ്. ആഗോളമാന്ദ്യം, വ്യാപാരയുദ്ധങ്ങൾ, ട്രംപിന്റെ സംരക്ഷണവാദ നയങ്ങൾ, സാമ്രാജ്യത്വം സൃഷ്ടിക്കുന്ന ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ തുടങ്ങിയ ഘടകങ്ങൾ നിലനിൽക്കുമ്പോൾ, വിലക്കുറവ് ഉണ്ടായാലും ആഗോള ഡിമാൻഡ് വർധിക്കില്ല. 2015നുശേഷം ലോകവ്യാപാരത്തിന്റെ വളർച്ചതന്നെ മന്ദഗതിയിലായിരിക്കുന്ന സാഹചര്യത്തിൽ, രൂപയുടെ മൂല്യത്തകർച്ച കയറ്റുമതിയെ ഗണ്യമായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യ വിരുദ്ധമാണ്.

മൂന്നാമതായി, ഇറക്കുമതി ആശ്രിതത്വ ഉൽപാദന ഘടന. ഇന്ത്യയിലെ പല കയറ്റുമതി വ്യവസായങ്ങളും അസംസ്‌കൃത വസ്തുക്കൾ, യന്ത്രങ്ങൾ, അവയുടെ ഘടകങ്ങൾ എന്നിവക്കായി ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. രൂപയുടെ മൂല്യം താഴുമ്പോൾ, ഈ ഇറക്കുമതി ഇൻപുട്ടുകളുടെ ചെലവ് ക്രമാതീതമായി ഉയരുന്നു. കയറ്റുമതിക്കാരുടെ മൊത്തംചെലവ് കൂടുകയും വിനിമയ നിരക്കിലൂടെ ലഭിക്കുമെന്നു കരുതുന്ന ലാഭം വലിയതോതിൽ നഷ്ടപ്പെടുകയും ചെയ്യുന്നു. അതായത്, രൂപയുടെ ഇടിവ് കയറ്റുമതിക്ക് നേട്ടമാകുന്നതിനേക്കാൾ പലപ്പോഴും അധികചെലവിന്റെ സമ്മർദം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നാലാമതായി, കയറ്റുമതി വർധിക്കണമെങ്കിൽ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, വൈദ്യുതി, ഗതാഗത ശൃംഖലകൾ എന്നിവ കാര്യക്ഷമമായിരിക്കണം. വിലക്കുറവുണ്ടായാലും ആവശ്യത്തിന് ഉൽപാദിപ്പിക്കാനും സമയബന്ധിതമായി വിതരണംചെയ്യാനും കഴിയുന്നില്ലെങ്കിൽ, ആഗോള ഡിമാന്‍ഡിനെ കയറ്റുമതിയായി പരിവര്‍ത്തനംചെയ്യാന്‍ സാധിക്കില്ല.

വിനിമയനിരക്ക് മാറ്റം ഈ ഘടനാപരമായ പരിമിതികളെ മറികടക്കാന്‍ പര്യാപ്തമല്ല. അവസാനമായി, ദീർഘകാല കയറ്റുമതിതന്ത്രത്തിന്റെ അഭാവം ഒരു പ്രധാന പ്രശ്നമാണ്. രൂപയുടെ മൂല്യത്തകർച്ചയെ കയറ്റുമതി വളർച്ചയുടെ പ്രധാന ആയുധമായി കാണുന്നത് നയപരമായ പരാജയത്തിന്റെ ലക്ഷണമാണ്. ദീർഘകാലത്തിൽ കയറ്റുമതി വർധിക്കാൻ വേണ്ടത് സാങ്കേതിക നവീകരണം, ഉയർന്ന മൂല്യവർധനയുള്ള ഉൽപന്നങ്ങൾ, വൈവിധ്യമാർന്ന വിപണികൾ, സ്ഥിരതയുള്ള വ്യവസായനയം എന്നിവയാണ്. ഇവയൊന്നുമില്ലാതെ, കേവലമായ ക്രോണി മുതലാളിത്ത സമീപനം കൊണ്ടുമാത്രം രൂപയുടെ ഇടിവ് കയറ്റുമതി വർധിപ്പിക്കുമെന്ന വാദം ഒരു അർഥശൂന്യമായ ആശ്വാസവാദം മാത്രമായി മാറുന്നു. അതുകൊണ്ട്, വിനിമയനിരക്ക് ഉയർന്നതുകൊണ്ട് കയറ്റുമതി വർധിക്കുമെന്ന ലളിതമായ വാദം സാമ്പത്തിക യാഥാർഥ്യങ്ങളെ മറക്കാനുള്ള വാചാടോപം മാത്രമാവുന്നു.

ആഭ്യന്തരമായും ബാഹ്യമായും രാഷ്ട്രത്തിന്‍റെ സാമ്പത്തിക വിശ്വാസ്യതയുടെ അടിത്തറയിളക്കുന്ന പ്രതിഭാസമായി രൂപയുടെ മൂല്യത്തകര്‍ച്ച മാറുകയാണ്. മാത്രമല്ല, അടിസ്ഥാന സാമ്പത്തികഘടനകളില്‍ അതിദ്രുതമായി സംഭവിക്കുന്ന ദ്രവീകരണം, രൂപയുടെ മൂല്യത്തകര്‍ച്ചയെ എണ്‍പതുകളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കണ്ടതുപോലെയുള്ള സര്‍റിയല്‍ തലങ്ങളിലേക്ക് എത്തിക്കുമോ എന്ന സന്ദേഹവും ഇപ്പോള്‍ തീര്‍ത്തും അപ്രസക്തമല്ല.

Show Full Article
TAGS:money money value article 
News Summary - Falling money, crumbling trust
Next Story