‘ആദര്‍ശഗാന്ധി’യും ഗാന്ധിയന്‍ ആദര്‍ശങ്ങളും
text_fields
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു നീക്കുപോക്കുണ്ടാക്കില്ലെന്നു വാശിപിടിച്ച ആം ആദ്മി പാര്‍ട്ടി ഉണ്ടായതുതന്നെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിടാനുള്ള ബി.ജെ.പി തന്ത്രമായിരുന്ന അണ്ണാ ഹസാരെയുടെ ‘ഗാന്ധിയന്‍ സമര’ത്തിന്റെ ഉപോൽപന്നം ആയിട്ടായിരുന്നു എന്നതാണ് അവരുടെ അസംബ്ലി ഇലക്ഷന് പരാജയ സന്ദര്‍ഭത്തില്‍ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്. ഗാന്ധിയുടെ പേര് ആര്‍ക്കും എങ്ങനെയും ഉപയോഗിക്കാവുന്ന മട്ടിൽ അപ്പോഴേക്ക് ഇന്ത്യന്‍ രാഷ്ട്രീയം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു നീക്കുപോക്കുണ്ടാക്കില്ലെന്നു വാശിപിടിച്ച ആം ആദ്മി പാര്‍ട്ടി ഉണ്ടായതുതന്നെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിടാനുള്ള ബി.ജെ.പി തന്ത്രമായിരുന്ന അണ്ണാ ഹസാരെയുടെ ‘ഗാന്ധിയന്‍ സമര’ത്തിന്റെ ഉപോൽപന്നം ആയിട്ടായിരുന്നു എന്നതാണ് അവരുടെ അസംബ്ലി ഇലക്ഷന് പരാജയ സന്ദര്‍ഭത്തില്‍ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്. ഗാന്ധിയുടെ പേര് ആര്‍ക്കും എങ്ങനെയും ഉപയോഗിക്കാവുന്ന മട്ടിൽ അപ്പോഴേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഗാന്ധിയെക്കുറിച്ച് പറയാന്‍ അവകാശമില്ല എന്ന വ്യവഹാരം തഴച്ചുവളരുന്നത് തുടക്കം മുതല്‍ ബി.ജെ.പിയുടെ പരിലാളനത്തിലാണ് എന്നത് അതുന്നയിക്കുന്നവരും മറന്നുപോവുന്നു.
ഗാന്ധിസം സമരത്തിലും ഭരണത്തിലും
പ്രായോഗികമായി ഗാന്ധിയെ രാഷ്ട്രം പിന്തുടര്ന്നിട്ടില്ല എന്നത് കോണ്‍ഗ്രസിന്റെ മാത്രം ചരിത്രമല്ല. ഗാന്ധിയില്‍നിന്ന് സ്വീകരിക്കാന്‍ കഴിയുന്നത് സ്വീകരിച്ചും നിരാകരിക്കേണ്ടത് നിരാകരിച്ചും മുന്നോട്ടുപോവുക എന്നതാണ് കോണ്‍ഗ്രസ് അടക്കം എല്ലാ ജനാധിപത്യ ശക്തികളും അവലംബിച്ച രീതി. സി.പി.ഐയുടെയോ സി.പി.എമ്മിന്റെയോ പാര്‍ട്ടി കോൺഗ്രസുകള്‍ നടക്കുമ്പോള്‍ അവരുടെ പ്രത്യയശാസ്ത്രമുദ്ര പതിയുന്ന വിഖ്യാതമായ ബാനറില്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്, സ്റ്റാലിന്, മാവോ എന്നിവരോടൊപ്പം ഗാന്ധിയുടെ ചിത്രം വെക്കാറില്ല. അത് വിളിച്ചുവരുത്തിയേക്കാവുന്ന വിമർശം അവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. (പക്ഷേ, പരീക്ഷിച്ചുനോക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം).
ഹിന്ദുമഹാസഭയോ ജനസംഘമോ ആർ.എസ്.എസോ ഗാന്ധിയെ ഒരിക്കലും മുന്നോട്ടുവെച്ചിട്ടില്ല. ബി.ജെ.പിയുടെ ആദ്യസമ്മേളനത്തില്‍ ഗാന്ധിയന്‍ സോഷ്യലിസം നയപരിപാടിയായി അംഗീകരിച്ചുവെങ്കിലും ദഹിക്കാത്ത ആ വാക്കുകള്‍ അപ്പോഴേതന്നെ അവര്‍ കക്കിക്കളയുകയും ചെയ്തു. കോൺഗ്രസ് അല്ലാതെ മറ്റേത് രാഷ്ട്രീയശക്തി അധികാരത്തില്‍ വന്നിരുന്നുവെങ്കിലും ഗാന്ധി മായ്ക്കപ്പെട്ടുപോയേനെ എന്നതാണ് വസ്തുത. ആ മായ്ച്ചുകളയലാണ് ബി.ജെ.പിക്ക് ആവശ്യം. ഗാന്ധിയെ പിന്പറ്റുന്നവര് ആരുമില്ലെന്നും കോൺഗ്രസിനു ആ പാരമ്പര്യം ഒട്ടുമില്ലെന്നും സ്ഥാപിച്ചു തനിക്കാക്കുകയും പിന്നീട് വെടക്കാക്കുകയും ചെയ്യാമെന്ന പരിവാര്‍ ദുഷ്ടലാക്കിന്റെ കെണിയിലേക്കു നമ്മള് എത്ര നിസ്സാരമായാണ് വീണുകൊടുക്കുന്നത്!
ആപേക്ഷികവും വൈരുധ്യപൂർണവുമായ നിരവധി ചിന്തകളുടെയും ആശയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ സ്വന്തം അവ്യക്തതകളെ ഭയക്കാത്ത ആത്മവിശ്വാസമായിരുന്നു ഗാന്ധിക്ക് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേധ്യ നേതാവായി അദ്ദേഹം ഉയര്‍ന്നുവന്നത് ഈ അവ്യക്തതകള്‍ ആര്‍ക്കുംവേണ്ടി കൃത്യമായി പരിഹരിച്ചിട്ടല്ല, മറിച്ച്, അനുയായികള്‍ക്ക് ആ വൈരുധ്യങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിന് തടസ്സമല്ല എന്ന് മനസ്സിലാക്കിക്കൊണ്ടും, ആരും അദ്ദേഹത്തെ പൂർണമായും അംഗീകരിച്ചില്ലെങ്കിലും തന്റെ ആത്മീയ-രാഷ്ട്രീയ നേതൃത്വത്തിന് ഒന്നും സംഭവിക്കുകയില്ല എന്ന ആത്മവിശ്വാസംകൊണ്ടുമായിരുന്നു. അദ്ദേഹവും സ്വന്തം നേതൃത്വത്തിന്റെ ശക്തിയും പരിമിതിയും തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു.
പാകിസ്താന് ഇന്ത്യ കൊടുക്കാനുള്ള വിഹിതം നൽകാന്വേണ്ടി ആഹാരം ഉപേക്ഷിച്ചു സമരംചെയ്യാനും അതിന്റെകൂടി പേരില്‍ തന്നെ കൊന്നുകളയണം എന്ന് വിചാരിക്കുന്ന നാഥുറാം ഗോദ്സേമാരെ നേരിടാനും അദ്ദേഹം തയാറായിരുന്നു. എന്നാല്‍, ഇന്ത്യക്ക് സൈന്യം വേണ്ടെന്നും അത് തന്റെ അഹിംസക്ക് എതിരാണെന്നും ഇന്ത്യന്‍ സൈന്യം ശക്തമാകണമെന്നു വാദിക്കുന്ന ജനറല്‍ മനേക് ഷാക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന അദ്ദേഹം അത് നേടിയെടുക്കാന്‍ ഒരു മൗനവ്രതംപോലും അനുഷ്ഠിച്ചിട്ടില്ല. ചൗരിചൗര ആക്രമണത്തിന്റെ പേരില്‍ ഒരു ദേശീയസമരം ഒന്നാകെ പിന്‍വലിക്കാന്‍ കെൽപുള്ള ഗാന്ധിയാണ് ദലിത് സംവരണത്തിന് വഴങ്ങില്ല എന്നുപറഞ്ഞു നിരാഹാരം അനുഷ്ഠിക്കുന്നതും അതിന്റെ പേരില്‍ അംബേദ്കര്‍ രാഷ്ട്രത്തിന്റെ മുന്നില്‍ ‘ബാപ്പുവിന്റെ കൊലയാളി’ ആവരുതെന്ന് അന്നത്തെ പൊതുജാതി സമൂഹത്താല്‍ ഓർമിപ്പിക്കപ്പെടുന്നതും.
‘ആദര്‍ശഗാന്ധി’ എന്ന സങ്കല്പം
ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടുന്നതിനും വളരെമുമ്പ് മോട്ടിലാൽ നെഹ്റു മകൻ ജവഹര്‍ലാലിന് ഗാന്ധിയെ പുകഴ്ത്തിത്തന്നെ എഴുതിയിട്ടുള്ള കത്തുകളില്‍ ഇന്ത്യയുടെ വികസനത്തിന് ഗാന്ധിമാർഗം സ്വീകരിച്ചാല്പോരെന്നും വ്യവസായവത്കരണത്തിന് ശ്രമിക്കണമെന്നും പറയുന്നുണ്ട്. പിതാവിന്റെ വാക്കുകളാണ്, അല്ലാതെ ഗാന്ധിയുടെ ഗ്രാമസ്വരാജല്ല ജവഹര്‍ലാല്‍ സ്വീകരിച്ചത്. അതില്‍ തന്റെ ജീവിതാശയത്തിന്റെ ഒരു നിരാകരണവും ജീവിച്ചിരുന്നകാലത്തും ഗാന്ധി കണ്ടിട്ടില്ല.1938 മുതല്‍ കോൺഗ്രസ് ആവിഷ്കരിച്ച സാമ്പത്തികാസൂത്രണ പദ്ധതികള്‍ മാതൃകയാക്കിയത് ഗാന്ധിയെയല്ല, സോവിയറ്റ് യൂനിയനെയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നെഹ്റുവിനെ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്കും ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കും ഗാന്ധിയും പിന്തുണച്ചിരുന്നത്.
ഗാന്ധിയന്‍ ആശയങ്ങളില്‍ പലതും രാഷ്ട്രത്തിന് ആവശ്യമാണെന്നും എന്നാല്‍, ആ മാതൃക രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാനമാക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ദേശീയനേതൃത്വം കരുതുന്നു എന്നത് ഗാന്ധിയില്‍ യാതൊരു സംഘര്‍ഷവും സമ്മർദവും ഉണ്ടാക്കിയിരുന്നില്ല. ഗാന്ധിയുടെ നേതൃത്വം അപ്രമാദിത്വമുള്ളതായി കോണ്‍ഗ്രസ് കരുതിയിരുന്നില്ല എന്നത് അതിലെ ജനാധിപത്യത്തിന്റെ ഭാഗമായല്ലാതെ തനിക്കെതിരെയുള്ള ഗൂഢാലോചനയായി അദ്ദേഹം കണ്ടിരുന്നില്ല. അങ്ങനെ ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത ആദര്ശഗാന്ധിയുടെ സ്വന്തം സെക്ടേറിയന്‍ വൈക്കോല്രൂപങ്ങള് സൃഷ്ടിച്ചുവേണം സംഘ്പരിവാറിനെതിരെ പോരാടേണ്ടതെന്ന് കരുതുന്നതാണ് യഥാർഥത്തില്‍ ഗാന്ധിവഞ്ചനയായി മാറുന്നത്.
നമ്മുടെ ലളിതമായ രാഷ്ട്രീയവിചാരങ്ങളുടെ കളത്തിലേക്കല്ല നാം ഗാന്ധിയെ കൊണ്ടുവരേണ്ടത്. സ്വീകരിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്റെതന്നെ സന്ദിഗ്ധതകളെയും ശക്തികളെയും പരിമിതികളെയും ഒഴിവാക്കിക്കൊണ്ട് നമ്മുടെ സൗകര്യത്തിനുള്ള ഒരു ആദര്ശഗാന്ധിയെ സൃഷ്ടിക്കുന്നതില്‍ അർഥമില്ല. മറ്റാര്‍ക്കും അറിയില്ലെങ്കിലും ജവഹര്‍ലാല്‍ നെഹ്റുവും പട്ടേലും അടങ്ങുന്ന ദേശീയനേതൃത്വം അത് തിരിച്ചറിഞ്ഞിരുന്നു. ഇല്ലായിരുന്നെങ്കില്‍ ആധുനിക ഇന്ത്യക്കുപകരം ഗാന്ധി പറഞ്ഞതുപോലെ അറുന്നൂറു നാട്ടുരാജ്യങ്ങളും അവര്‍ രാജാക്കന്മാര്ക്ക് തിരിച്ചുകൊടുത്തേനെ. അതുണ്ടായില്ലെന്ന് കരുതി ഗാന്ധി നിരാഹാരസമരം നടത്തിയിട്ടില്ല. അദ്ദേഹം അടിയന്തര പ്രശ്നമായി കണ്ടത് വിഭജനത്തിന്റെ ചോരച്ചാലുകള്‍ അവയുടെ പ്രഭാവത്തില്‍ തടയുക എന്നതായിരുന്നു.
ഹിംസാത്മക സമൂഹത്തില്‍ നമ്മുടെ സ്വന്തം പങ്കാളിത്തം മറയ്ക്കാൻ, നാം ആഴത്തിൽ കുടുങ്ങിക്കിടക്കുന്ന ആക്രമണത്തിന്റെയും അഹങ്കാരത്തിന്റെയും സംസ്കാരം മറയ്ക്കാൻ അദ്ദേഹത്തിന്റെ പ്രതിച്ഛായയാണ് നാം ഉപയോഗിക്കുന്നത്. ഏറ്റവും വലിയ വിരോധാഭാസം ഗാന്ധിയന്മാരായി നടിക്കുമ്പോഴും, ഗാന്ധിയെ പ്രതിരോധിക്കുമ്പോഴും, അദ്ദേഹം അവകാശപ്പെടുന്ന തത്ത്വചിന്തയിൽനിന്നുള്ള നമ്മുടെ ആത്യന്തികവിച്ഛേദം തുറന്നുകാട്ടിക്കൊണ്ട് നാം ഹിംസാത്മകമായൊരു ഭാഷയെത്തന്നെ ആശ്രയിക്കുന്നു എന്നതാണ്. ഗാന്ധി ഒരു സൗകര്യപ്രദമായ സൂചകമായി മാറിയിരിക്കുന്നു - ആരും അദ്ദേഹത്തെ പിന്തുടരാൻ ആഗ്രഹിക്കുന്നില്ല, എന്നിട്ടും എല്ലാവരും അദ്ദേഹത്തെ അവകാശപ്പെടാനും അദ്ദേഹത്തെ പിന്തുടരാത്തതിന് മറ്റുള്ളവരെ വിമർശിക്കാനും നാം ആഗ്രഹിക്കുന്നു!
ജോഡോ യാത്രയില്‍ തെളിഞ്ഞ ഗാന്ധിയന്‍ ആദര്‍ശം
ഒരു ദേശീയനായകൻ എന്ന നിലയിൽ ഗാന്ധിയുടെ സ്ഥാനം കുറക്കാൻ പരിവാർ ശ്രമിക്കുകയാണ്. പക്ഷേ, പൊതുബോധത്തിൽ ആധിപത്യശക്തി നിലനിർത്തുന്നിടത്തോളം കാലം ആ പ്രതിച്ഛായയെ ഉപയോഗിക്കാൻ അവരും തയാറാണ്. ഞാൻ ഒരു ഗാന്ധിയനല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയം അതിന്റെ വഴിക്കുപോയി എന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു. എന്നിരുന്നാലും അതിന്റെ പാരമ്പര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ഗ്രാംഷി വിവരിച്ചതുപോലെ, മതപരമായ അന്തർധാരകളുള്ള സമാധാനവിപ്ലവം എന്ന അദ്ദേഹത്തിന്റെ ആശയം അതിന്റെ മതപരമായ അംശങ്ങള്‍ ഉപേക്ഷിച്ചാല്‍, സിവിൽസമൂഹ രാഷ്ട്രീയത്തിന് ഉൾക്കാഴ്ചകൾ നൽകാൻ കഴിയുന്ന സമീപനമാണ്. പ്രത്യേകിച്ച് വർഗവൈരുധ്യങ്ങളുടെ ആഗോള പ്രാധാന്യവും മൂലധനത്തെ ചെറുക്കേണ്ടതിന്റെ അനിവാര്യതയും പ്രധാനമാവുന്ന സമകാലിക സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ സമീപനരീതിക്ക് തീര്‍ച്ചയായും ചില സാംഗത്യങ്ങളുണ്ട്.
എന്നാല്‍ അതിന് മുതിരേണ്ടത്, ബി.ജെ.പിയുടെ സ്വാംശീകരണതന്ത്രത്തെ മുന്‍നിര്‍ത്തിയുണ്ടാക്കുന്ന ഒരു ഹിംസാവ്യവഹാരത്തിലൂടെയല്ല. കോൺഗ്രസില്ലാത്ത ഇന്ത്യയില്‍ ഗാന്ധി പേരിനുപോലും ഉണ്ടാവില്ലെന്ന ചരിത്രബോധം ഗാന്ധിയുടെ പേരില്‍ കലഹംകൂടുമ്പോള് നാം ഓര്‍ക്കേണ്ടതുണ്ട്. ഈ അടുത്തകാലത്തുണ്ടായ ഒരെയൊരു ഗാന്ധിയന്സമരം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ആയിരുന്നു.
രാഷ്ട്രം ഭയത്തിന്റെയും അസഹിഷ്ണുതകളുടെയും ദുസ്സഹമായ ന്യൂനപക്ഷ-ദലിത് ഹിംസയുടെയും ഭരണഘടനാ ധ്വംസനത്തിന്റെയും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റക്കൊരു പ്രതിരോധ യാത്രക്ക് രാഹുൽ ഇറങ്ങിത്തിരിച്ചത് ഇന്ത്യയില്‍ ഒരുപക്ഷേ ഗാന്ധിക്ക് മാത്രം സാധ്യമാവുന്ന ധീരത ആയിരുന്നു. മണിപ്പൂരിലും അദ്ദേഹം ചെയ്തത് അതാണ്. അതിന്റെ ഫലമായാണ് ബി.ജെ.പിയുടെ മുന്നേറ്റം താൽക്കാലികമായെങ്കിലും പലയിടത്തും തടയപ്പെട്ടത്. മൂര്‍ത്തമായ ഗാന്ധിയന്‍ ഇടപെടലുകളെ പരിഹസിച്ചും നിസ്സാരവത്കരിച്ചും അപ്പുറത്ത് ഗാന്ധിയുടെ നാമത്തില്‍ വമ്പന്‍ പ്രഭാഷണോത്സവങ്ങള് നടത്തിയും നാം മുന്നേറുന്നത് വീണ്ടും വീണ്ടും പരിവാറിന്റെ കെണിയിലേക്കുതന്നെയാണ്.