ഇന്ത്യ-ചൈന-റഷ്യ: പുതിയ ഭൗമരാഷ്ട്രീയത്തിന്റെ സുസ്ഥിരത
text_fieldsറഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, പ്രധാന മന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് എന്നിവർ ഒന്നിച്ചൊരു വേദിയിൽ
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ട് രൂപം കൊണ്ടിരിക്കുന്നു എന്നും അത് ലോകസാമ്രാജ്യത്വത്തിന് എതിരായ ശക്തമായ സാമ്പത്തിക കവചമാണെന്നും പലരും കരുതുന്നുണ്ട്. അത്തരമൊരു ആഘോഷം ഇന്ത്യയിലെങ്കിലും പ്രകടമാണ്. എന്നാല്‍, കൂടുതല്‍ വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമുള്ള വിഷയമാണിത്.
ഇത്തരം ഒരു അച്ചുതണ്ട് ഏതാനും ദിവസം കൊണ്ട് രൂപപ്പെടുന്ന ഒന്നല്ല. എങ്കിലും അത്തരമൊരു രൂപവത്കരണം അമേരിക്കയെ ഭയപ്പെടുത്തുന്നതാണ് എന്നതിൽ സംശയമില്ല. കൃത്യമായ ജിയോപൊളിറ്റിക്കൽ അർഥത്തിൽ ഇതിനു ശ്രദ്ധേയമായ സാമ്രാജ്യത്വവിരുദ്ധ സ്വഭാവമുണ്ട്. ഇന്ത്യയിലെ യാഥാസ്ഥിതിക ഭരണകൂടം പുടിൻ നയിക്കുന്ന റഷ്യയെ ഉൾക്കൊള്ളാൻ എന്നും തയാറായിരുന്നുവെന്ന് നമുക്കറിയാം. എന്നാൽ, ചൈനയെ ശത്രുരാജ്യമായി പ്രതിഷ്ഠിക്കുന്ന റെട്ടോറിക്ക് അവരുടെ പ്രത്യയശാസ്ത്ര ആയുധങ്ങളിൽ പ്രധാനമായിരുന്നു. അത് ഉപേക്ഷിക്കാൻ തൽക്കാലം അവർ നിർബന്ധിതരായി. രാഹുൽ ഗാന്ധി ഇത്രകാലം അവര്‍ക്ക് ചൈനീസ് ചാരനായിരുന്നു, ഒന്ന് പുലർന്നപ്പോഴേക്ക് യു.എസ് ചാരനായി എന്നൊരു തമാശ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
ഇവിടെ പ്രധാനമായ കാര്യം, ട്രംപിന്റെ അധികതീരുവ ഉടനടി പിന്‍വലിക്കപ്പെടുന്നില്ലെങ്കില്‍ ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക-വ്യാവസായിക മേഖലകളെ രക്ഷിക്കാൻ ‘പുതിയ ജിയോ പൊളിറ്റിക്സ്’ എന്ന് നാം പേരിട്ടുവിളിക്കുന്ന ആ നയതന്ത്രത്തിനു കഴിയില്ല എന്നതാണ്. വിദേശനാണ്യ വരവ് കുറയലും, വ്യാപാര സന്തുലിതാവസ്ഥയിലെ സമ്മർദങ്ങളും, യു.എസ് കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകൾ ജി.ഡി.പി വളർച്ചയിൽ മാന്ദ്യം സൃഷ്ടിക്കാനുള്ള സാധ്യതകളും നിസ്സാരമല്ല. ഇതിലൊന്നും ഇന്ത്യയെ സഹായിക്കാന്‍ റഷ്യക്കോ ചൈനക്കോ സാധ്യമല്ല. അവരുടെ വിപണികള്‍ ഇന്ത്യക്കുവേണ്ടി തുറക്കാനും പോകുന്നില്ല. അവർക്ക് അവരുടേതായ എമ്പാടും താൽപര്യങ്ങൾ സംരക്ഷിക്കാനുണ്ട്. സ്റ്റീൽ, അലൂമിനിയം, നിർമാണ യൂനിറ്റുകൾ എന്നിവയിൽ ഇതുമൂലം ഉണ്ടാവുന്ന നിഷ്ക്രിയ ശേഷിയും; എം.എസ്.എം.ഇകളിലെ സമ്മർദവും ഇന്ത്യൻ ഗ്രാമീണ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
വേണം ആഭ്യന്തര വിപണി വികാസം
ഇന്ത്യ നേരിടുന്ന സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ആഭ്യന്തര വിപണി വികാസം അനിവാര്യമാണ്. പുതിയ കയറ്റുമതി വിപണികള്‍ കണ്ടെത്തുന്നതും ദുഷ്കരമാണ്. തൊഴിൽമേഖല ഇതിനകം തന്നെ കുഴപ്പത്തിലാണ്. മാനുഫാക്ചറിങ് ക്ലസ്റ്ററുകളിലെ തൊഴിൽ നഷ്ടം, കയറ്റുമതി അധിഷ്ഠിത എസ്.എം.ഇകളിലെ പിരിച്ചുവിടലുകൾ, അനുബന്ധ സേവന മേഖലയിൽ ഉണ്ടാകുന്ന തൊഴിൽനഷ്ടം എന്നിവ രാജ്യത്തെ വളരെ ഹാനികരമായി ബാധിക്കാൻ പോവുകയാണ്. വിപണികളുടെയും വിതരണ ശൃംഖലകളുടെയും വൈവിധ്യവത്കരണത്തിന്റെ ആവശ്യകതയാണ് ഇവിടെ വെളിവാകുന്നത്.
അരി, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ മറ്റ് പ്രദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ അമേരിക്ക മുൻഗണന നൽകുമ്പോൾ ഉണ്ടാകുന്ന പരോക്ഷസമ്മർദം ഇന്ത്യ നേരിടേണ്ടിവരും. താരിഫ് മൂലമുണ്ടാകുന്ന അനിശ്ചിതത്വം ചരക്ക് വിലകളിൽ ചാഞ്ചാട്ടമുണ്ടാക്കുകയും ഗ്രാമീണ വരുമാനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. തുണിത്തരങ്ങളും വസ്ത്രങ്ങളും, പ്രത്യേകിച്ച് യു.എസിലേക്കുള്ള ഇന്ത്യൻ തുണിത്തര കയറ്റുമതി, വില മത്സരക്ഷമതക്കും (price competitive) മുൻഗണനാ വ്യാപാര കരാറുകൾക്കും വിധേയമാണ്. അതിന്റെ ഓർഡറുകളിലെ ഇടിവ്, വിലയിലെ ഇടിവ്, എം.എസ്.എം.ഇ ടെക്സ്റ്റൈൽ യൂനിറ്റുകൾക്കുള്ള വെല്ലുവിളികൾ എന്നിവ എങ്ങനെ ബാധിക്കുമെന്ന് ഇവിടത്തെ സർക്കാർ ഇതുവരെ ചിന്തിച്ചുതുടങ്ങിയിട്ടുപോലുമില്ല. ഓട്ടോമൊബൈലുകളും ഓട്ടോഘടകങ്ങളും വാഹനക്കയറ്റുമതിയും താരിഫ് തടസ്സങ്ങൾ നേരിടേണ്ടിവരും, പ്രത്യേകിച്ച് ആഡംബര, സ്പെഷാലിറ്റി വിഭാഗങ്ങളിൽ വലിയ പ്രത്യാഘാതമുണ്ടാവും. ഇത് വ്യാപകമായ കയറ്റുമതിമാന്ദ്യം, ഇൻവെന്ററി കുമിഞ്ഞുകൂടൽ, മഹാരാഷ്ട്ര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ ഓട്ടോ ക്ലസ്റ്ററുകളിൽ സമ്മർദം തുടങ്ങിയവക്ക് കാരണമാകും.
കേരളത്തിന്റെ യു.എസിലേക്കുള്ള കയറ്റുമതിയുടെ ഒരു പ്രധാന പങ്ക് സമുദ്രോൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കയർ അധിഷ്ഠിത ഉൽപന്നങ്ങൾ എന്നിവയാണ്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ആർ. ദേവദാസ് ‘മാധ്യമ’ത്തില്‍ പ്രധാനപ്പെട്ട ഒരു ലേഖനം എഴുതിയിരുന്നു.(ട്രംപിന്റെ തീരുവക്കൊള്ള തീരമേഖലയെ പട്ടിണിയിലാഴ്ത്തും, സെപ്റ്റംബര്‍ 1). യു.എസ് താരിഫുകൾ വർധിക്കുന്നത് ഡിമാൻഡ് കുറക്കുകയും വില കുറക്കുകയും ചെയ്യും. ഇത് കൊച്ചി, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കയറ്റുമതിക്കാരെ ബാധിക്കും. ചെറുകിട സുഗന്ധവ്യഞ്ജന വ്യാപാരികൾ, കരകൗശല യൂനിറ്റുകൾ പോലുള്ള എം.എസ്.എം.ഇകൾ പ്രത്യേകിച്ച് ദുർബലമാണ്, കാരണം അവക്ക് പെട്ടെന്നുള്ള നഷ്ടങ്ങൾ ആഗിരണം ചെയ്യാനോ വേഗത്തിൽ വൈവിധ്യവത്കരിക്കാനോ ഉള്ള മൂലധനം ഇല്ല. അതുപോലെ, തൊഴിൽ കയറ്റുമതിയെ ആശ്രയിച്ചുള്ള വ്യവസായങ്ങൾ, പ്രത്യേകിച്ച് കയർ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപന്നങ്ങൾ എന്നിവ പതിനായിരക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്നതാണ്. കേന്ദ്ര ഭരണകൂടത്തെ കാത്തിരിക്കാതെ കേരള സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിരിച്ചുവിടലുകൾ, വേതനക്കുറവ് എന്നിവ നമ്മളെ ദോഷകരമായി ബാധിക്കും. ഇത് താഴ്ന്ന വരുമാനക്കാരെയും കുടിയേറ്റ തൊഴിലാളികളെയും ബാധിക്കും.
ചൈനയുടെ ശേഷി നമുക്കില്ല
ചൈനയെയും റഷ്യയെയുംപോലെ ഈ തീരുവപ്രശ്നം നേരിടാൻ പ്രാപ്തിയുള്ളതല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ചൈനയുടെ കയറ്റുമതി അടിത്തറ വിപുലവും വൈവിധ്യ പൂർണവുമാണ്. ഭരണകൂട പിന്തുണയുംമൂലം അവിടത്തെ സ്ഥാപനങ്ങൾക്ക് പൊതുവേ താരിഫ് ആഘാതങ്ങൾ ആഗിരണം ചെയ്യാൻ കഴിയും. ചൈനക്ക് സ്വന്തം ഉൽപന്നങ്ങളെ ബദൽ വിപണികളിലേക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചുവിടാനും സാധിക്കും. ഇന്ത്യക്ക് അത്തരം പകരക്കാരുടെ അഭാവമുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.
ചൈനക്ക് വൻതോതിലുള്ള വ്യാവസായിക ക്ലസ്റ്ററുകൾ, സംയോജിത വിതരണ ശൃംഖലകൾ, ഉയർന്ന മൂല്യമുള്ള ഉൽപാദനശേഷി എന്നിവയുണ്ട്. ആഗോള മൂലധനത്തിലും മത്സരക്ഷമതയിലും ചൈന സൃഷ്ടിക്കുന്ന ആഘാതത്തെ ചെറുക്കാനാണ് യു.എസ് അവർക്കെതിരെ താരിഫ് ചുമത്തുന്നത്. ആഗോള വിതരണ ശൃംഖലകളിൽ ചൈനീസ് സ്വാധീനം പരിമിതപ്പെടുത്താനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ചൈനക്കെതിരായ താരിഫുകൾ. എന്നാൽ, കയറ്റുമതി ആധിപത്യം നിലനിർത്താൻ ചൈനക്ക് അതിന്റെ സ്വന്തം ശൃംഖലയെ ഉപയോഗപ്പെടുത്താൻ കഴിയും. യു.എസ് താരിഫുകളെ നേരിടാനുതകുന്ന സാമ്പത്തിക, ധന, വ്യാവസായിക നയങ്ങൾ വേഗത്തിൽ വിന്യസിക്കാനും അവർക്കാവും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, താരിഫുകൾ ഉടനടി വരുമാനനഷ്ടം, വിവിധ സാമ്പത്തിക മേഖലകളിൽ കൊടിയ സമ്മർദം, തൊഴിൽ നഷ്ടം എന്നിവ തീർച്ചയായും സൃഷ്ടിക്കും.
ജനാധിപത്യ ഭരണകൂടത്തിന്റെ പ്രസക്തി
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര അഭൂതപൂര്‍വമായ ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറിയത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ഭരണകൂട സ്ഥാപനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം ജനാധിപത്യ അവകാശ ചട്ടക്കൂടിൽ ഉറച്ചുനിൽക്കുകയും ഇന്ത്യയുടെ ഭൗമരാഷ്ട്രീയ നിലപാട് പുനർനിർമിക്കുകയും ചെയ്യാന്‍ പാര്യാപ്തമാണ്. തെരഞ്ഞെടുപ്പ് നീതിയുടെ വാഗ്ദാനത്തെ അടിസ്ഥാനമാക്കി യാത്രയെ ആഭ്യന്തര സ്വേച്ഛാധിപത്യ കടന്നുകയറ്റത്തിന്റെ മാത്രമല്ല, ഇന്ത്യയെ അമേരിക്കൻ നിർബന്ധത്തിന് വിധേയമാക്കുന്ന ഒരു അലംഭാവപരമായ വിദേശനയത്തിന്റെയും വ്യക്തമായ കുറ്റപത്രമായും രാഹുൽ മാറ്റിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കൃത്യമായ പ്രതിരോധം നല്കാന് കഴിയാത്ത പ്രതീകാത്മക സഖ്യങ്ങളില്‍ മാത്രം പ്രതീക്ഷ പുലര്‍ത്തുന്നതില്‍ കാര്യമില്ല. സാമ്രാജ്യത്വ വിരുദ്ധമായ കാഴ്ചപ്പാടുള്ള ഒരു ഭരണകൂടം അധികാരത്തില്‍വരുക എന്നത് ഈ പുതിയ ‘ജിയോ പൊളിറ്റിക്സ്’ കൂടുതല്‍ കരുത്തോടെ കെട്ടിപ്പടുക്കുന്നതിനും അനിവാര്യമാണ്. ഇപ്പോള്‍ ഉയർന്നുവരുന്ന ബഹുധ്രുവ സഖ്യങ്ങളുടെ നിലനിൽപിനെ നിർണയിക്കുന്നത് ഇന്ത്യയില്‍ ഒരു യഥാർഥ ജനാധിപത്യ ഭരണകൂടം ഉണ്ടാവുന്നതിലൂടെയേ സാധ്യമാവൂ. യഥാർഥ പ്രതിരോധത്തിന് ഘടനാപരമായ പരിഷ്കരണം, ജനാധിപത്യ സമാഹരണം, തന്ത്രപരമായ സ്വയംഭരണം എന്നിവ ആവശ്യമാണെന്ന സൂചന രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളില്‍ തെളിഞ്ഞുകാണാം. കേവലമായ നയതന്ത്ര കെട്ടുകാഴ്ചയല്ല, പ്രത്യയശാസ്ത്രപരമായി സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുള്ള ഒരു ഭരണമാണ് ഇന്ത്യക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായിട്ടുള്ളത്.