ബുള്‍ബുള്‍ പക്ഷിയുടെ ചിറകില്‍ പറക്കുന്ന വിദ്യാഭ്യാസം
text_fieldsനെറ്റ് പരീക്ഷയുടെ ഭാഗമായി ചില ചോദ്യപേപ്പറുകളില്‍, പാഠഭാഗങ്ങളുമായി ബന്ധമില്ലാത്തവയും ഹൈന്ദവ മിത്തുകള്‍ അറിയുന്നവര്‍ക്കുമാത്രം ഉത്തരംനല്കാന് കഴിയുന്നതുമായ ചില ചോദ്യങ്ങള്‍ ഉണ്ടായി എന്നത് കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാമചരിതമാനസം പ്രധാനപ്പെട്ട ഒരു കൃതിയാണ്. പക്ഷേ അതിനെക്കുറിച്ചുള്ള ചോദ്യം, ഏതു കാണ്ഡത്തിലാണ് ഹനുമാന് ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് എന്നായിരുന്നു. മറ്റൊരു ചോദ്യം കബന്ധമായിട്ടും ജീവന് ഉപേക്ഷിക്കാനാവാതെ മഹാഭാരത യുദ്ധത്തിന്റെ അന്ത്യംവരെ ജീവിച്ച, ‘പോരാളി’ (കഥാപാത്രം അല്ല) ആരായിരുന്നു എന്നായിരുന്നു.
ഹൈന്ദവ ദര്‍ശനത്തിലെ പ്രസ്ഥാനത്രയി എന്നറിയപ്പെടുന്നത് ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, യജുര്‍വേദം, അഷ്ടാദ്ധ്യായി എന്നിവയില്‍ ഏതൊക്കെയാണ്.... ഇതിനുപുറമെ സമകാല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെമാത്രം താൽപര്യമായ ചോദ്യങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന്, അയോധ്യയില്‍ പുതിയ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്ന ദിവസമേത് എന്നതായിരുന്നു. ഇതൊക്കെ ചോദിക്കാനുള്ള ധൈര്യം ഉണ്ടാവുന്നത് ഇതിനകംതന്നെ സ്കൂള്‍-കോളജ് സിലബസുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഹൈന്ദവ വിശ്വാസത്തിന്റെ ജനപ്രിയ ഭാഗങ്ങള്‍ പഠിപ്പിക്കപ്പെടുന്നുണ്ട് എന്ന ഉറപ്പിലാണ്. ഇത് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായുള്ള ബി.ജെ.പി ഭരണത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള നീക്കമല്ല. അതിനും വളരെ മുമ്പുതന്നെ ആര്.എസ്.എസ്-സംഘ്പരിവാര്‍ സംഘടനാ ശൃംഖലകളുടെ അടിസ്ഥാന പ്രവര്‍ത്തനമായി അവര്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലെ ഇടപെടല്‍ നടത്തിത്തുടങ്ങിയിരുന്നു എന്നതാണ് പരമാർഥം.
പരിവാറിന്റെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍
ഗാന്ധിവധത്തെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട ആര്.എസ്.എസ്, നിരോധനം അവസാനിച്ചശേഷം ആരംഭിച്ച ആദ്യപ്രവര്‍ത്തനം സ്കൂളുകള്‍ ആരംഭിക്കലാണ്. ഇതിന്റെ പ്രത്യക്ഷ ലക്ഷ്യം പുതിയ തലമുറയെ ക്രമേണ മതഭൂരിപക്ഷ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുക എന്നതുതന്നെ ആയിരുന്നു. ആര്.എസ്.എസ് അന്ന് നേരിട്ടിരുന്ന ഒരു പ്രധാന പരിമിതി കൂടി മനസ്സിലാക്കേണ്ടതുണ്ട്. 1940കളില്‍ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് പൂർണമായും വിട്ടുനില്‍ക്കുകയും ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അനുയായികളെ പിന്തിരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍നിന്ന് പ്രോത്സാഹനങ്ങള്‍ ലഭിച്ച ആര്.എസ്.എസ്, ജനസാമാന്യത്തിനു അപ്രിയരായിരുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ അതീവ താൽപര്യത്തോടെ കാത്തിരുന്ന ഇന്ത്യന്‍ ഭരണഘടനയെ, അത് മനുസ്മൃതിയെ ആധാരമാക്കുന്നില്ല എന്ന കാരണത്താല്‍ ആര്.എസ്.എസ് എതിര്‍ത്തിരുന്നു. ഇതും അവരെ ജനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തി. ഗാന്ധിവധത്തില്നിന്നു ആര്.എസ്.എസ് നേതാക്കള്‍ കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍ നിരോധനംനീക്കാന് ഗോള്‍വാള്‍ക്കര്‍ ആദ്യം സമീപിക്കുന്നത് നെഹ്റുവിനെയാണ്. അത് ആഭ്യന്തര വകുപ്പിന്റെ അധികാരത്തില്‍പ്പെടുന്നതാണ് എന്നുപറഞ്ഞ് കൈയൊഴിഞ്ഞു അദ്ദേഹം. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന പട്ടേലിനെ സമീപിച്ച ഗോള്‍വാള്‍ക്കര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയ പ്രതികരണമാണ് ലഭിച്ചത്.
ആര്.എസ്.എസ് ഒരു പരസ്യ ലിഖിത ഭരണഘടനയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ത്തിരുന്ന ദേശീയപതാകയെയും ഇന്ത്യന്‍ ഭരണഘടനയെയും അംഗീകരിക്കുന്നതായി അതില്‍ എഴുതിച്ചേര്ക്കണമെന്നുമായിരുന്നു പട്ടേല്‍ ആദ്യം ആവശ്യപ്പെട്ടത്. ആര്.എസ്.എസ് നേതൃത്വത്തെ സംഘടനയിലെ ആഭ്യന്തര ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കണമെന്നും കുട്ടികളെ സംഘടനയില്‍ ചേര്‍ക്കുന്നതിനു മുമ്പായി മാതാപിതാക്കളുടെ സമ്മതപത്രം എഴുതിവാങ്ങണമെന്നും പട്ടേല്‍ നിർദേശിച്ചു. ഇവ സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ച ഗോള്‍വാള്‍ക്കര്‍ അതിനെതിരെ കുറെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും പട്ടേല്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പ്രാവര്ത്തികമാക്കാന്വേണ്ടി അല്ലെങ്കില്‍പോലും പട്ടേലിന്റെ അനുശാസനങ്ങള്‍ ആര്.എസ്.എസിന് അനുസരിക്കേണ്ടിവന്നു. ഈ പ്രക്ഷോഭവും അവരെ ജനങ്ങളില്‍നിന്ന് കൂടുതല്‍ അകറ്റുന്നതില്‍ പങ്കുവഹിച്ചിരുന്നു. ഇത്തരം ഒറ്റപ്പെടലുകളില്‍നിന്ന് രക്ഷനേടാനുള്ള ഒറ്റമൂലി ആയാണ് ആര്.എസ്.എസ് ഔപചാരിക വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്നത്.
ചില ആര്.എസ്.എസ് നേതാക്കൾ ചേര്‍ന്ന് 1952ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആരംഭിച്ച ‘സരസ്വതി ശിശുമന്ദിര്‍’ ആണ് ആദ്യ സ്ഥാപനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനു നെഹ്റു സര്‍ക്കാര്‍ നല്കിയ മുന്‍ഗണന പൊതുവില്‍ വിദ്യാഭ്യാസത്തിനുള്ള താൽപര്യം ജനങ്ങളില്‍ വർധിപ്പിച്ചിരുന്നു. ഇതിന്റെകൂടി ഫലമായി ഉത്തര്‍പ്രദേശിലും പുറത്തുമായി വളരെപ്പെട്ടെന്ന് സ്കൂളുകളുടെ ഒരു ശൃംഖല വളര്‍ത്തിയെടുക്കാന്‍ ആര്.എസ്.എസിന് സാധിച്ചു. 1977ല്‍ രണ്ടാമത്തെ നിരോധനം കഴിഞ്ഞ കാലത്താണ് ദേശീയാടിസ്ഥാനത്തില്‍ സ്കൂളുകള്‍ നടത്തുന്നതിനുവേണ്ടി വിദ്യാഭാരതി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാസംസ്ഥാന്’ ആര്.എസ്.എസ് സ്ഥാപിക്കുന്നത്.
13000 ഔപചാരിക സ്കൂളുകളും 6400 അനൗപചാരിക സ്കൂളുകളും നടത്തുന്ന വിദ്യാഭാരതി ഏറ്റവും ഒടുവില്‍, സ്വകാര്യ മേഖലയില്‍ പ്രതിരോധ വകുപ്പുമായി ചേര്‍ന്ന് കേരളത്തിലെ കോഴിക്കോട്ടുൾപ്പെടെ സൈനിക സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. 1993-94ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെയാണ് വിദ്യാഭാരതിയുടെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ ബിപിന്‍ചന്ദ്ര, അര്‍ജുന്‍ദേവ്, രവീന്ദര്‍ കുമാര്‍ എന്നിവര്‍കൂടി അംഗങ്ങളായ ഒരു സമിതിയെ നിയോഗിക്കുന്നത്. സമിതിയുടെ കണ്ടെത്തല്‍ നിർണായകമായിരുന്നു-ദേശാഭിമാന ബോധം പകരാന്‍ എന്നപേരില്‍ ഈ പുസ്തകങ്ങളില്‍ ചരിത്രവിരുദ്ധതയും മതവിഭാഗീയതയും വർഗീയതയും നിറച്ചിരിക്കുന്നു എന്നായിരുന്നു അത്. സരസ്വതി ശിശുമന്ദിര്‍, വിദ്യാഭാരതി തുടങ്ങിയ സ്ഥാപനങ്ങളുടെ പുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുത് എന്നായിരുന്നു സമിതിയുടെ വ്യക്തമായ നിർദേശം.
എന്നാല്‍, 1998ല്‍ വാജ്പേയി പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ പാഠപുസ്തകങ്ങളില്‍ പരക്കെ ഇതേരീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനാണ് ശ്രമം തുടങ്ങിയത്. അതിനിടയില്‍ കർണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവിടെയും പാഠപുസ്തകങ്ങളിലെ തിരുത്തലുകള്‍ ആരംഭിച്ചിരുന്നു. സവര്‍ക്കര്‍ ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി അന്തമാന്‍ തടവറയില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു തുടങ്ങിയ പാഠഭാഗങ്ങള്‍ ആ സമയത്താണ് ഉൾപ്പെടുത്തിയത്.
കര്‍സേവകര്‍ ബാബരിപ്പള്ളി പൊളിക്കുന്നത് ഒരു സ്കൂളില്‍ സ്കിറ്റായി അവതരിപ്പിക്കുകയുമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ പാഠ്യപദ്ധതി സമഗ്രമായി മതവിഭാഗീയ വീക്ഷണത്തോടെ തിരുത്താന്‍ തുടങ്ങുന്നത് വാജ്പേയി സര്‍ക്കാറിന്റെ കാലത്താണ്. അതിലേറ്റവും പ്രധാനം സിന്ധുനദീതട സംസ്കാരം ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. ആര്യ ന്കുടിയേറ്റ നിരാകരണവും അതിന്റെ ഭാഗമായിരുന്നു. മാത്രമല്ല, ഗാന്ധിവധം ടെക്സ്റ്റ്ബുക്കുകളില്‍നിന്ന് നീക്കാനും ശ്രമമുണ്ടായി. ഇത്തരം പദ്ധതികള്‍ക്ക് ഒരു പരിധി വരെയെങ്കിലും തടയിട്ടത് പിന്നീടുവന്ന യു.പി.എ സര്‍ക്കാറുകള്‍ ആയിരുന്നു.
വിഭാഗീയ വിദ്യാഭ്യാസം
ചരിത്രത്തെ മതപരമായിമാത്രം കാണുന്ന വീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ് ബി.ജെ.പി സര്‍ക്കാറുകള്‍ മധ്യകാല രാജവംശങ്ങളെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ നിലനിന്നിരുന്ന ഭരണകൂടങ്ങളെയും ചിത്രീകരിക്കുന്ന സമീപനത്തില്‍ തെളിഞ്ഞുകാണുന്നത്. ഇന്ത്യാചരിത്രത്തെ ഹിന്ദുചരിത്രമായി വ്യാഖ്യാനിക്കാനാണ് ഇപ്പോഴത്തെ ശ്രമം. മുഗള്‍ ചരിത്രത്തെ എന്‍.സി.ഇ.ആര്.ടി സിലബസില്‍നിന്ന് പൂർണമായും നീക്കാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു; മുഗള്‍ ഭരണത്തോടുള്ള എതിര്‍പ്പിന്റെ കാരണം തികച്ചും മതപരമാണ്.
ഹിന്ദുത്വ സാംസ്കാരിക ദേശീയതക്ക് ലിബറല്‍ വിദ്യാഭ്യാസത്തോടുതന്നെ എതിര്‍പ്പുകളുണ്ട്. സ്വന്തമായി അവര്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതുതന്നെ ഈ എതിര്‍പ്പിന്റെ ഭാഗമായാണ്. ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ അവര്‍ക്ക് അസ്വീകാര്യമാകുന്നു. മുഗൾ കാലഘട്ടത്തിലെ ചരിത്രം എതിര്‍ക്കപ്പെടുന്നതും അത് മതവിഭാഗീയ ചരിത്രപഠനത്തിനു തടസ്സമാകും എന്നതിനാലാണ്. മുഗള്‍ ഭരണകൂടത്തെക്കുറിച്ച് നിലവിലുള്ള വസ്തുതകള്‍ നോക്കിയാല്‍ വ്യക്തമാവുന്ന ഒരു കാര്യം, അക്കാലത്തെ ലോകസാഹചര്യത്തില്‍ ഏറ്റവും ഉല്പതിഷ്ണുത നിറഞ്ഞ ഒരു ഭരണമായിരുന്നു അത് എന്നതാണ്.
ലോകത്തിലെ മറ്റു മധ്യകാല ഭരണകൂടങ്ങള്‍, യൂറോപ്പിലെ ഭരണകൂടങ്ങള്‍, ചൈനയിലെ യുവാന്‍, മിംഗ്, ചിംഗ് ഭരണകൂടങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ അവയേക്കാള്‍ മെച്ചപ്പെട്ട ഭരണയുക്തിയും നീതിന്യായ സംവിധാനവും നികുതിപിരിവ് രീതികളും നിലനിന്നിരുന്നത് മുഗള്‍ ഭരണത്തിലായിരുന്നു. സ്പെയിനിലെയും ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും ഭരണകൂടങ്ങളുടെ ഭരണരീതി എത്ര പ്രാകൃതമായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഫൂക്കോയുടെ ‘ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്’ എന്ന പുസ്തകത്തിന്റെ ആദ്യഭാഗം വായിച്ചാല്‍ മതി. വ്യാപകമായ മതപരിവര്‍ത്തനമോ, മതാടിസ്ഥാനത്തിലുള്ള ക്രൂരമായ ശിക്ഷാവിധികളോ, മതപീഡനമോ മറ്റു വിവേചനങ്ങളോ ഇതരപ്രദേശങ്ങളില്‍ കാണുന്നതുപോലെ ഇന്ത്യയില്‍ മുഗള്‍കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇത് ഏകപക്ഷീയവും അടിസ്ഥാനരഹിതവുമായ ഇസ്ലാമോഫോബിയ പിന്തുടരുന്നവരെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട് എന്ന വസ്തുത ഞാന്‍ മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ ആര്.എസ്.എസ് ഇടപെടലുകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും. ഇപ്പോള്‍ വിവാദത്തിലായ നെറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കഴിഞ്ഞ എട്ടു ദശാബ്ദങ്ങളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും സംഘ്പരിവാര്‍ ലക്ഷ്യംവെക്കുന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ അടിസ്ഥാനം എന്താണെന്ന് സൂചിപ്പിക്കുന്ന ചോദ്യങ്ങളാണവ. ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സംഘ്പരിവാര്‍ എത്തുന്നതും ഹനുമാന് എവിടെയെന്ന് നെറ്റ് പരീക്ഷയില്‍ ചോദിക്കുന്നതും ഇനിമേൽ ചിരിച്ചുതള്ളാവുന്ന തമാശകളല്ല. വിപുലമായ സോഷ്യല്‍ എൻജിനീയറിങ് അതിന്റെ പിന്നില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത.