മരിയോ വര്‍ഗാസ് യോസ; കഥയുടെ കടലിരമ്പങ്ങള്‍
text_fieldsപെറു സന്ദര്‍ശനകാലത്ത് ലിമയിലും കുസ്കോയിലും മാച്ചുപിച്ചുവിലുമായാണ് ഞാന്‍ സമയം ചെലവഴിച്ചത്. ആദ്യമായി ഞാൻ സന്ദർശിച്ച ലാറ്റിനമേരിക്കന്‍ രാജ്യമായിരുന്നു അത്. പിന്നീട് കൊളംബിയ സന്ദര്‍ശിക്കാനും അവസരമുണ്ടായി. സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അതിസൂക്ഷ്മമായ സങ്കലനമാണ് ഇരുരാജ്യങ്ങളിലും ഞാന്‍ കണ്ടത്. സ്പാനിഷ് കൊളോണിയല്‍ അധിനിവേശം സൃഷ്ടിച്ച സങ്കരസംസ്കാരം മനുഷ്യാനുഭവങ്ങളുടെയും ചരിത്രത്തിന്റെയും അത്ഭുതകരമായ ചേരുവയായിരുന്നു. ഈ രണ്ട് രാജ്യങ്ങള്‍ക്കുമുള്ള സവിശേഷത ലോകം ഏറ്റവും കൂടുതല്‍ വായിച്ച രണ്ട് എഴുത്തുകാര്‍ അക്കാലത്ത് അവിടെ സജീവമായിരുന്നു എന്നതാണ്-കൊളംബിയയില്‍ ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസും പെറുവില്‍ മരിയോ വര്‍ഗാസ് യോസയും. ഇരുവരും സാഹിത്യത്തില്‍ നൊബേല്‍ സമ്മാന ജേതാക്കളാണ്, അതിലുപരി രാഷ്ട്രീയത്തെ നോവലിലേക്ക് അന്യാപദേശത്തിലൂടെ സമഗ്രമായി സംക്രമിപ്പിക്കുന്ന രസവിദ്യയില്‍ അദ്വിതീയരുമായിരുന്നു. തന്റെ ജന്മഗൃഹംവിട്ട് മാര്‍ക്വേസ് മെക്സികോയിലാണ് അക്കാലത്ത് താമസിച്ചിരുന്നതെങ്കിലും കൊളംബിയ സന്ദര്‍ശിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം തീവ്രമായി അനുഭവപ്പെടുമെന്നതാണ് എന്റെ അനുഭവം. അദ്ദേഹത്തിന്റെ ഭവനം സ്ഥിതിചെയ്യുന്ന മഗ്ദലീന സംസ്ഥാനത്തേക്കുള്ള സാഹിത്യതീർഥാടനം പല ടൂര്‍ പാക്കേജുകളുടെയും ഭാഗമാണ്. എന്റെ അക്കാദമികയാത്രയില് പക്ഷേ, അതുള്പ്പെട്ടിരുന്നില്ല. അനുഭവസങ്കീർണമായ ആ യാത്രക്കിടയില്‍ അവിടെയുംകൂടി പോകാമായിരുന്നുവെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്നാല്‍, എന്റെ പെറുയാത്രയുടെ സമയത്ത് യോസ ലിമയിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ കാണുക എളുപ്പമായിരുന്നില്ല. ഞാന്‍ ആവശ്യപ്പെട്ടില്ലെങ്കിലും യോസയെക്കുറിച്ച് സംസാരിച്ചതിന്റെ ആവേശത്തില്‍ ചില സുഹൃത്തുക്കള്‍ ശ്രമിച്ചുനോക്കിയിരുന്നു. അതിന്റെ നൂലാമാലകള്‍മൂലം ശ്രമം പരാജയപ്പെട്ടു. മാത്രമല്ല ഒരു യു.എന്‍ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ പോയിരുന്നത് എന്നതിനാല്‍ ലിമയില്‍ എന്റെ ഷെഡ്യൂള്‍ കര്‍ക്കശമായിരുന്നു. ആ സന്ദര്‍ശനസമയത്ത് അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നുമില്ല. ആകസ്മികമായെങ്കിലും ഞാന്‍ അനൗദ്യോഗികമായി പങ്കെടുത്തതാവട്ടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് രുചിക്കാത്ത ഒരു പരിപാടിയിലായിരുന്നു-അമേരിക്ക തടവിലിട്ടിരിക്കുന്ന ക്യൂബൻ വംശജരുടെ മോചനത്തിനായി സംഘടിപ്പിച്ച യോഗത്തില്‍. എന്നാല്‍, ക്യൂബയിലെ മനഃസാക്ഷിത്തടവുകാരെ ഓര്‍ക്കാനുള്ള സന്ദര്‍ഭംകൂടിയായി അതെന്നത് ഞാന്‍ എടുത്തുപറയേണ്ടതില്ല. വിപ്ലവം അതിന്റെ കുട്ടികളെ ഭക്ഷിക്കുന്നത് ഞാന്‍ ഒരുകാലത്തും ഇഷ്ടപ്പെടുന്നില്ല. അതോടൊപ്പം പ്രധാനമായിരുന്നു, അമേരിക്കയിലെ ക്യൂബന്‍ തടവുകാരുടെ പ്രശ്നവും എന്നേയുള്ളു.
പെറുവില്‍നിന്ന് മടങ്ങുന്നതിനുമുമ്പ് കുസ്കോയും മാച്ചുപിച്ചുവും സന്ദര്‍ശിക്കുന്നതിനായി ഞാന്‍ മുന്‍കൂര്‍ പദ്ധതിയിട്ടിരുന്നു. അതുകൊണ്ട് കേവലം നാലുദിവസമേ ലിമയില്‍ തങ്ങിയിരുന്നുള്ളു. പക്ഷേ, യോസ എത്രമാത്രം വലിയ വികാരമാണ് ജനങ്ങള്ക്കിടയിലെന്നത് എനിക്ക് തൊട്ടറിയാന്‍ കഴിഞ്ഞു. രാഷ്ട്രീയമായി അദ്ദേഹം പരാജിതനായപ്പോഴും എഴുത്തുകാരനെന്ന വലിയ ആദരവ് അവര്‍ അദ്ദേഹത്തിന് നൽകുന്നുണ്ടായിരുന്നു. എന്റെ പെറൂവിയന്‍ യാത്രാനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ‘മാതൃഭൂമി’യില്‍ എഴുതിയ കുറിപ്പില്‍ ജോര്‍ജ് ഷാവേസ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയില്‍ത്തന്നെ യോസ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്ന വൈകാരികമുഹൂര്‍ത്തം ഞാന്‍ അടയാളപ്പെടുത്തിയിരുന്നു. ‘മിറാഫ്ലോറസ്’ എന്ന സ്ഥലനാമം കണ്ണില്‍പെട്ടതായിരുന്നു യോസയെക്കുറിച്ചുള്ള വിചാരമായി മാറിയത്. കാരണം യോസയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ‘The Bad Girl’ എന്ന നോവലിലെ കഥാതന്തുവിന്റെ തുടക്കം മിറാഫ്ലോറസിലാണ്. മിറാഫ്ലോറസ് എന്നാല്‍ ‘പൂവുകള്‍ കാണുക’ എന്നാണർഥം. മൃദുലമായ ഒരു സ്ഥലനാമം.
1940കളിലും 1950കളിലും മിറാഫ്ലോറസിലെ ഡീഗോഫെറെ സ്ട്രീറ്റിൽ താമസിച്ചിരുന്ന യോസയുടെ അനുഭവങ്ങൾ സാങ്കൽപികരൂപത്തിൽ അദ്ദേഹത്തിന്റെ നിരവധി നോവലുകളില്‍ ഭൂതാതുരതയോടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കൗമാരത്തെക്കുറിച്ചുള്ള അവിസ്മരണീയമായ വായനാനുഭവം നല്കുന്ന Time of the Hero എന്ന നോവലില്‍ വെറും മുന്നൂറുവാര നീളമുള്ളത് എന്നദ്ദേഹം പറയുന്ന ഡീഗോഫെറെ കടന്നുവരുന്നുണ്ട്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട നോവല്‍ “Conversation in the Cathedral” ആണെന്ന് എവിടെയോ പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു. നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാവുന്നതുപോലെ, ലിമയിലെ പ്രസിദ്ധമായ കത്തീഡ്രലല്ല, ആ പേരിലുള്ള ഒരു ചെറിയ ബാറാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. പ്രധാന രണ്ടു കഥാപാത്രങ്ങളില്‍ ഒരാളായ സാന്റിയാഗോയുടെ പിതാവ് ഡോൺഫെർമിൻ മിറാഫ്ലോറസിൽനിന്നുള്ള ബിസിനസുകാരനായിരുന്നു. 1950കളിൽ പ്രസിഡന്റ് ഒഡ്രിയയുടെ സ്വേച്ഛാധിപത്യകാലത്ത് സർക്കാറിന്റെ രാഷ്ട്രീയ, സൈനിക വൃത്തങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അസ്വസ്ഥമായ ഈ അന്തരീക്ഷത്തിനെതിരെയാണ് സാന്റിയാഗോ രാഷ്ട്രീയമായി പോരാടുന്നത്. അക്കാലത്ത് ഇടതുപക്ഷക്കൂടാരമായി കണക്കാക്കിയിരുന്ന സാൻ മാർക്കോസ് സർവകലാശാലയിൽ പഠിക്കാൻ തീരുമാനിക്കുന്ന സാന്റിയാഗോ ഒരു രഹസ്യ കമ്യൂണിസ്റ്റ് സെല്ലിൽചേർന്ന് അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, പിതാവിന്റെ രാഷ്ട്രീയബന്ധങ്ങൾ ഈ യുവാവിനെ ഉടൻതന്നെ ജയിൽമോചിതനാക്കി. നിരാശനായ സാന്റിയാഗോ കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുകയും നിയമപഠനം നിർത്തുകയും പത്രപ്രവർത്തകനായി ഒന്നുമില്ലായ്മയുടെ അടിത്തട്ടിൽനിന്ന് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. മിറാഫ്ലോറസ് ഇവിടെ ഒരു സ്ഥലമല്ല, യഥാതഥമായിരിക്കുമ്പോഴും അത് കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിന്റെ ഭ്രമസ്ഥലിയാണ്.
വലിയ ബൂർഷ്വാപശ്ചാത്തലമുള്ള സാന്റിയാഗോയും ദാരിദ്ര്യത്തിൽ ജനിച്ചുവളർന്ന കറുത്തവർഗക്കാരനായ ഡ്രൈവർ അംബ്രോസിയോയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ, സൈനികസ്വേച്ഛാധിപത്യത്തിനു കീഴിലുള്ള പെറൂവിയൻ സമൂഹത്തിന്റെ സംഭ്രമാത്മകമായ ചിത്രമാണ് നോവലില്‍ ക്രമേണ തെളിഞ്ഞുവരുന്നത്. ഒരു തെറിവാക്കോടെ ആരംഭിക്കുന്ന നോവല്‍, രാഷ്ട്രം സ്വന്തം അശ്ലീലസായൂജ്യത്തിനുള്ള വേദിയാക്കുന്ന രാഷ്ട്രീയസ്വേച്ഛാധിപത്യങ്ങള്ക്കെതിരെ നടത്തുന്ന ശക്തമായ ഏസ്തറ്റിക് കലാപമാണ്. പെറൂവിയൻ സമൂഹത്തിന്റെ സ്വേച്ഛാധിപത്യ-സൈനികഘടനയെക്കുറിച്ചുള്ള സൂക്ഷ്മാന്വേഷണമുള്ള കൃതിയാണ് The Time of the Hero. സൈനിക അക്കാദമി എന്ന സ്ഥാപനത്തിലൂടെ സമൂഹത്തിലെ കർക്കശമായ അധികാര-ശ്രേണീബന്ധങ്ങളും അഴിമതിയും നൈതികത്തകര്ച്ചകളും കാട്ടിത്തരുന്ന നോവലിന്റെ ആദ്യത്തെ പേര് ‘നഗരവും നായ്ക്ക’ളുമെന്ന് അർഥംവരുന്നതായിരുന്നു.
ഫാഷിസ്റ്റ് ഉയര്ച്ചകളുടെ സമകാലത്ത് ഏറ്റവും പ്രസക്തമായ നോവലായി എനിക്കുതോന്നിയിട്ടുള്ളത് The Feast of the Goat ആണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ട്രൂഹിയോ (Rafael Trujillo) സ്വേച്ഛാധിപത്യത്തിന്റെ അവസാനനാളുകള്‍ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഈ നോവൽ, ഏകാധിപത്യ ഭരണകൂടത്തിന്റെ ദുസ്സഹമായ ഒരു മുഖം വരച്ചുകാട്ടുന്നു. ഒരു സ്വേച്ഛാധിപതി, അയാളുടെ കൂട്ടാളികള്‍, നിസ്സഹായരായ പൗരര്‍ എന്നിവരുടെ മനഃശാസ്ത്ര പഥങ്ങളിലേക്ക് ജോസ ആഴ്ന്നിറങ്ങുന്നു. ഇന്നത്തെ കാലഘട്ടത്തിൽ നാമനുഭവിക്കുന്ന രാഷ്ട്രീയഭീകരതയുടെ പിരിമുറുക്കമാണ് നോവലിലുടനീളം കാണാന്‍ കഴിയുക. The Death of Artemio Cruz ആഖ്യാനഘടനയില്‍ മനഃശാസ്ത്രത്തിന്റെ ഗൂഢാവരണമുള്ള അലിഗറിയാണ്. ആർട്ടെമിയോ ക്രൂസ് എന്ന മരണാസന്നനായ മനുഷ്യൻ തന്റെ ജീവിതത്തെക്കുറിച്ച് പരിചിന്തിക്കുകയാണ്. അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ക്രൂസിന്റെ പരക്കംപാച്ചിലില്‍ അയാള്‍ക്ക് ചെയ്തു കൂട്ടേണ്ടിവന്ന നൈതികവും രാഷ്ട്രീയവുമായ വിട്ടുവീഴ്ചകള്‍ അയാളെ കൊണ്ടെത്തിക്കുന്ന പരിണാമത്തിന്റെ ആഴങ്ങള്‍ നോവല്‍ വായനക്കാരെ ശിഥിലമായ ഒരു കാലത്തിന്റെ നീക്കിയിരിപ്പുകളെക്കുറിച്ചുള്ള അഗാധമായ ദാര്‍ശനിക മനനങ്ങളിലേക്ക് നയിക്കുന്നതാണ്.
The Bad Girl ചിലരെങ്കിലും കരുതുന്നതുപോലെ യോസയുടെ രാഷ്ട്രീയ പ്രാധാന്യമുള്ള കൃതികളിൽനിന്ന് വ്യത്യസ്തമായതല്ല. മറിച്ച്, അദ്ദേഹം അതില്‍ രാഷ്ട്രീയത്തെ മറ്റൊരു സൂക്ഷ്മദര്‍ശിനിയിലൂടെ വീക്ഷിക്കുകയാണ്. പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും പ്രമേയത്തെ വ്യക്തിയുടെ ചരിത്രാനുഭാവമെന്ന ദാര്‍ശനിക തലത്തിലേക്ക് അദ്ദേഹം ഉയര്‍ത്തുന്നു. ഒരു പുരുഷനും, നിരന്തരം വ്യക്തിത്വം മാറിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയും തമ്മിലെ ആജീവനാന്തവും പ്രക്ഷുബ്ധവുമായ പ്രണയത്തിന്റെ കഥയാണ് ഇത് പറയുന്നത്. അയാള്‍ക്ക് ഒറ്റപ്പേരെയുള്ളു, റിക്കാഡോ. അവള് ലിമയില്‍ നിസ്വയായ ലില്ലി, അവിടുന്ന് രക്ഷപ്പെടുമ്പോള്‍ സഖാവ് ആര്ലെറ്റ്, ക്യൂബയില്‍ മാഡം ആര്‍ണോസ്, ഇംഗ്ലണ്ടില്‍ മിസ്സിസ് റിച്ചാഡ്സണ്, ജപ്പാനില്‍ ലൈംഗിക അടിമയായ കൂറിക്കോ. അയാളെ തുടക്കത്തില്‍ത്തന്നെ നിർദയം തിരസ്കരിച്ചെങ്കിലും, ഈ പേരുകളിലെല്ലാം മാറിമറിഞ്ഞ ജീവിതത്തില്‍ അവള് അയാളെ കരുതലോടെയും പുറമെ കാട്ടാത്ത സ്നേഹത്തോടെയും മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു. ആ പ്രഹേളികയില്‍ മുഴുകിയായിരുന്നു അയാളുടെ ജീവിതം ഓരോഘട്ടത്തിലും മുന്നോട്ടുപോയത്. ലിമ, ഹവാന, പാരിസ്, ലണ്ടന്‍, ടോക്യോ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ പതിറ്റാണ്ടുകളിലൂടെ ഈ ആഖ്യാനം പരന്നുകിടക്കുന്നു. പ്രണയബന്ധങ്ങളുടെ സങ്കീർണതകളും സാമൂഹികമാറ്റങ്ങളും ഇടകലരുന്നു.
യോസ യാത്രയാകുമ്പോള്‍ കഥയുടെ ആഴങ്ങളില്‍നിന്നുള്ള കടലിരമ്പങ്ങളാണ് അവസാനിക്കുന്നത്. അദ്ദേഹം കമ്യൂണിസ്റ്റായും കമ്യൂണിസ്റ്റ് വിരുദ്ധനായും ജീവിച്ചിട്ടുണ്ട്. പക്ഷേ, എപ്പോഴും മനുഷ്യവംശത്തിന്റെ ആത്മീയ പ്രതിസന്ധിയെപ്പറ്റി വ്യാകുലനായിരുന്നു. പെറുവിനെ അദ്ദേഹം വിമര്‍ശിച്ചത് അത്രമേല്‍ നാടിനെ സ്നേഹിച്ചതുകൊണ്ടാണ്. അത്രമേല്‍ വിപ്ലവത്തെ സ്നേഹിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് വിപ്ലവത്തോട് കലഹിക്കേണ്ടിവന്നതും.