ഭരണഘടനയുടെ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍
text_fields
1976ലെ 42ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ നിര്‍വചിക്കാന്‍ ‘സോഷ്യലിസ്റ്റ്’ എന്നും ‘മതേതരം’ എന്നും കൂട്ടിച്ചേര്‍ത്തത് ഒരു തർക്കവിഷയമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുകയാണ്. ഇത് നടപ്പിലാക്കിയത് അടിയന്തരാവസ്ഥക്കാലത്താണ് എന്നതിനു ഊന്നല്‍ നല്‍കുകയും ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുക എന്നതിനെത്തന്നെ വലിയ പാതകവും ഭരണഘടനാ വിരുദ്ധവുമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഉപരാഷ്ട്രപതിതന്നെ ഈ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1976ലെ 42ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ നിര്‍വചിക്കാന്‍ ‘സോഷ്യലിസ്റ്റ്’ എന്നും ‘മതേതരം’ എന്നും കൂട്ടിച്ചേര്‍ത്തത് ഒരു തർക്കവിഷയമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുകയാണ്. ഇത് നടപ്പിലാക്കിയത് അടിയന്തരാവസ്ഥക്കാലത്താണ് എന്നതിനു ഊന്നല്‍ നല്‍കുകയും ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുക എന്നതിനെത്തന്നെ വലിയ പാതകവും ഭരണഘടനാ വിരുദ്ധവുമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഉപരാഷ്ട്രപതിതന്നെ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, സൂക്ഷ്മപരിശോധനയിൽ ഈ വാദങ്ങൾ ഭരണഘടനാപരമായോ രാഷ്ട്രീയമായോ നിലനിൽക്കുന്നതല്ലെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. കാരണം, ഭരണഘടനയിലും ഇന്ത്യൻ രാഷ്ട്രീയഭാവനയിലും, കൊളോണിയല്‍വിരുദ്ധ സമരത്തിലും രാഷ്ട്രത്തിന്റെ പൊതുവിലുള്ള നൈതികാടിസ്ഥാനങ്ങളിലും ഇതിനകം ഉൾച്ചേർത്ത സാമൂഹികമൂല്യങ്ങളുടെ ഔപചാരിക സ്ഥിരീകരണമായി മാത്രമേ ഈ ഭേദഗതിയെ കാണാന്‍ കഴിയുകയുള്ളൂ.
വിമർശകർ പ്രധാന എതിർപ്പായി ഉന്നയിക്കുന്നതുപോലെ ഭരണഘടനയുടെ ആമുഖം ഒരിക്കലും ഭേദഗതിചെയ്യാന്‍ പാടില്ലാത്തതാണോ എന്ന ചോദ്യം പ്രസക്തമാണ്. ആമുഖം പ്രഖ്യാപനാത്മകമാണെന്നും ഭരണഘടനയുടെ പ്രവർത്തനപരമായ ഭാഗമല്ലെന്നും അവർ വാദിക്കുന്നു. എന്നാല്‍, ഈ വീക്ഷണത്തെ ഭരണഘടനയോ അതിന്റെ പല ഘട്ടങ്ങളില്‍ ഉണ്ടായിട്ടുള്ള ജുഡീഷ്യൽ വ്യാഖ്യാനങ്ങളോ പിന്തുണക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 368, നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി ഈ ഭരണഘടനയില്‍ ഏതെങ്കിലും വ്യവസ്ഥ കൂട്ടിച്ചേർക്കാനോ, വ്യതിയാനം വരുത്താനോ അല്ലെങ്കിൽ റദ്ദാക്കൽ വഴി ഭേദഗതിചെയ്യാനോ പാർലമെന്റിന് വ്യക്തമായി അധികാരം നൽകുന്നതാണ്. ‘ഏതെങ്കിലും വ്യവസ്ഥ’ എന്ന പ്രയോഗത്തിൽ സ്വാഭാവികമായും ആമുഖവും വ്യക്തമായി ഉൾപ്പെടുന്നുണ്ട്. ഇക്കാര്യം, എന്റെ വായന ശരിയാണെങ്കില്‍ കേശവാനന്ദ ഭാരതി vs കേരളസംസ്ഥാനം (1973) എന്ന വിധിന്യായത്തിൽ സുപ്രീംകോടതി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഭരണഘടനയുടെ ‘അടിസ്ഥാനഘടന’യിൽ പാർലമെന്റിന് മാറ്റംവരുത്താൻ കഴിയില്ലെന്ന് വിധി സ്ഥാപിച്ചെങ്കിലും, അടിസ്ഥാനഘടന മാറ്റപ്പെടാതെ ഇരിക്കുന്നിടത്തോളം കാലം ആമുഖത്തിലെ ഭേദഗതികളെ അത് അസാധുവാക്കുന്നില്ല എന്നർഥം. അതുപോലെ, എസ്.ആർ. ബൊമ്മൈ vs. യൂനിയൻ ഓഫ് ഇന്ത്യ (1994) എന്ന വിധിയിലും, ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായി മതേതരത്വത്തിന്റെ പ്രാധാന്യം സുപ്രീംകോടതി വീണ്ടും ഉറപ്പിച്ചുപറയുന്നുണ്ട്. ഇതില്‍നിന്ന് മനസ്സിലാകുന്നത് ആ ഭേദഗതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നതുകൂടിയാണ്.
സംവരണവും ന്യൂനപക്ഷ സംരക്ഷണവും ലിംഗസമത്വവും അവസരസമത്വവും മതനിരപേക്ഷതയും നിരന്തരം വാഗ്ദാനംചെയ്യുന്ന ഒരു ഭരണഘടനയുടെ ആമുഖത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട പരികൽപനകളാണ് മതേതരത്വവും സമത്വവും. ആമുഖത്തെ ഭരണഘടനയുടെ ആത്മസത്തയുമായി നിബന്ധിപ്പിക്കുന്ന അനിവാര്യമായ കൂട്ടിച്ചേര്‍ക്കലായിരുന്നു നാൽപത്തിരണ്ടാം ഭേദഗതിയിലൂടെ നിര്‍വഹിക്കപ്പെട്ടത്.

‘അടിയന്തരാവസ്ഥ സന്ദര്‍ഭം’ എന്ന അതിവായന
ഭേദഗതിക്കെതിരായ രണ്ടാമത്തെ പ്രധാന വാദം, അത് പാസാക്കിയത് അടിയന്തരാവസ്ഥയുടെ (1975–77) കാലഘട്ടത്തിലാണ് എന്നതാണ്. എഴുപതുകളിലെ വളര്‍ന്നുവന്ന മതഭൂരിപക്ഷ വലതുപക്ഷ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ നേരിടാന്‍ രാഷ്ട്രീയമായിമാത്രം ശ്രമിക്കുന്നതില്‍നിന്ന് ഗതിമാറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനാപരമായി സാധുതയുള്ളതാണെങ്കിലും ജനാധിപത്യ സമീപനത്തിന് തെല്ലും നിരക്കുന്നതായിരുന്നില്ല. അതിനെത്തുടര്‍ന്നുണ്ടായ അതിക്രമങ്ങളാവട്ടെ രാഷ്ട്രത്തിന്റെ ജനാധിപത്യ ചരിത്രത്തിനു തീരാക്കളങ്കം ചാര്ത്തുന്നവയുമായിരുന്നു. ആ കാലഘട്ടത്തിൽ സ്വേച്ഛാധിപത്യപരവും അതിരുകടന്നതുമായ ഇടപെടലുകള്‍ വ്യാപകമായി സംഭവിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ മറവില്‍ നടന്ന ബലപ്രയോഗവും ജനാധിപത്യ നിഷേധങ്ങളും സംബന്ധിച്ച ന്യായമായ ചോദ്യങ്ങൾ എക്കാലത്തും പ്രസക്തമാണ്. എന്നാല്‍, ആ കാലയളവിൽ വരുത്തിയ ഭേദഗതികളുടെ ഭരണഘടനാപരമായ നിയമസാധുതയെ അത് അസാധുവാക്കുന്നില്ല. രണ്ട് കാരണങ്ങള്‍കൊണ്ട് അക്കാലത്തുണ്ടായ ഭരണഘടനാ ഭേദഗതി നിയമവിരുദ്ധമല്ല എന്ന കാര്യം വിശദമാക്കാന്‍ കഴിയും. ഒന്നാമതായി, സാധാരണ സമയത്ത് പാസാക്കിയ ഭേദഗതികളെയും അടിയന്തരാവസ്ഥയിൽ പാസാക്കിയ ഭേദഗതികളെയും ഭരണഘടന വേർതിരിക്കുന്നില്ല. ആർട്ടിക്കിൾ 368 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭേദഗതി അവതരിപ്പിച്ചതും പാസാക്കിയതും. ഫെഡറൽ ഘടനയെ ബാധിക്കുന്ന മാറ്റങ്ങൾക്ക് ആവശ്യമായ ഭേദഗതി പകുതിയിലധികം സംസ്ഥാന നിയമസഭകളും അംഗീകരിക്കുകയും ചെയ്തിരുന്നു. തെറ്റായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിന്നിരുന്നുവെന്നത് ഭേദഗതിയുടെ ഉള്ളടക്കത്തെ ഭരണഘടനാപരമായോ ധാർമികമായോ നിയമവിരുദ്ധമാക്കുന്നില്ല. രണ്ടാമത്തെ കാര്യം, ഈ ഭേദഗതി അന്നത്തെ വലതുപക്ഷ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ വെല്ലുവിളിക്കാന്‍ വേണ്ടികൂടി കൊണ്ടുവന്നതാണ് എന്നതാണ്. ആര്.എസ്.എസ് മുതല്‍ ജനസംഘവും സിന്‍ഡിക്കേറ്റ് കോൺഗ്രസും സ്വതന്ത്ര പാര്ട്ടിയുമെല്ലാമടങ്ങുന്ന വിഷമയ ഫാഷിസ്റ്റ് സംഖ്യത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ ഭരണഘടനയുടെ ഈ ഭേദഗതി എത്രമാത്രം പൊള്ളിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവരുടെ ഉദീരണങ്ങള്‍. ജയപ്രകാശിനും, സോഷ്യലിസ്റ്റ് മറയോടെ ആര്.എസ്.എസ് സഖ്യത്തില്‍ അണിചേര്‍ന്ന മറ്റുള്ളവര്‍ക്കും തെറ്റ് ഏറ്റുപറയാനുള്ള സന്ദര്‍ഭമാണിത്. ഈ ഭേദഗതിയുടെ പതിറ്റാണ്ടുകളായുള്ള നിയമപരവും ജനകീയവുമായ സ്വീകാര്യത ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ ആദർശങ്ങള്‍ക്കുള്ള പ്രാധാന്യവും അംഗീകാരവും സൂചിപ്പിക്കുന്നതാണ്. എഴുപതുകള്‍ മുതല്‍ ഇത്തരം ആദര്ശങ്ങള്ക്കെതിരെ ഫാഷിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഭരണഘടനയുടെ സമീപനത്തിന്റെ ഉള്‍വെളിച്ചം പ്രകാശിപ്പിക്കുന്ന ആശയങ്ങള്‍ എന്ന നിലയില്‍ ഇത് പൊതുസമൂഹം സ്വീകരിച്ചിട്ടുള്ളതാണ്.

റിപ്പബ്ലിക്കൻ മൂല്യങ്ങളോടുള്ള പ്രതിബദ്ധത
നീതിയുക്തവും ബഹുസ്വരവും സമത്വപരവുമായ ഒരു സമൂഹമാണ് വ്യക്തിസ്വാതന്ത്ര്യം സാധ്യമാവുന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമെന്നത് വിളിച്ചറിയിക്കുന്ന റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഫെഡറല്‍ ഭരണഘടനയാണ് ഡോ. അംബേദ്കര്‍ വിഭാവനം ചെയ്തിരുന്നത്. അസമത്വവും അസ്വതന്ത്രതയും ജന്മ-കര്‍മ ഫലങ്ങളായി വാഴ്ത്തപ്പെട്ടുപോന്ന ഒരു സമൂഹത്തിലേക്ക് ജനാധിപത്യം എത്തിക്കുന്നതിനാണ് ഈ മാർഗം അദ്ദേഹം സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ ചില കുതര്ക്കങ്ങള്മൂലം ഈ വാക്കുകള്‍ ആമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഈ അടിസ്ഥാനതത്ത്വങ്ങൾ അതിന്റെ വ്യവസ്ഥകളിൽ വ്യക്തമായി പ്രതിപാദിച്ചിരുന്നു എന്ന കാര്യം സുവ്യക്തമാണ്: ഭരണകൂട നയത്തിന്റെ നിർദേശകതത്ത്വങ്ങൾ (ഭാഗം നാല്) സാമ്പത്തികനീതി, അസമത്വം കുറക്കൽ, തൊഴിലാളികളുടെ സംരക്ഷണം എന്നിവക്കായി നിലകൊള്ളുന്നവയാണ്. ഇവയെല്ലാം ജനാധിപത്യപരമായ സോഷ്യലിസ്റ്റ് സങ്കൽപവുമായി പൊരുത്തപ്പെടുന്നവയാണ്. മതേതരത്വത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായ വിശ്വാസ സംരക്ഷണവും മതസ്വാതന്ത്ര്യവും മതകാര്യങ്ങളിലുള്ള ഭരണകൂട നിഷ്പക്ഷതയും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പുനൽകുന്ന ഭരണഘടനയാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ, ഭരണഘടനയുടെ അന്തഃസത്തക്കു വിപരീതമായ കാര്യമാണ് ആമുഖത്തിൽ ഈ ആശയങ്ങൾ ഉൾപ്പെടുത്തിയതെന്നും, അവ ഇന്ത്യക്ക് അന്യമായ ആശയങ്ങളാണെന്നും പറയുന്നതും പ്രചരിപ്പിക്കുന്നതും വസ്തുതകള്‍ക്കോ ചരിത്രത്തിനോ നിരക്കുന്നതല്ല. മറിച്ച്, ഭരണഘടന നിരങ്കുശം പിന്തുടർന്നിരുന്ന പ്രത്യയശാസ്ത്രപാതയെ കൂടുതല്‍ സുവ്യക്തമാക്കുന്ന പ്രാഥമിക വ്യാഖ്യാനം മാത്രമാണ് ഈ ഭേദഗതി. ഇന്ത്യയെപ്പോലെ വൈവിധ്യവും വൈജാത്യവും അസമത്വവുമുള്ള ഒരു സമൂഹത്തിൽ, ഈ തത്ത്വങ്ങൾ അർഥരഹിതമായ ആശയങ്ങളല്ല. മറിച്ച്, ദേശീയ ഐക്യത്തിനും സാമൂഹിക ഐക്യത്തിനും തുല്യവികസനത്തിനും ആവശ്യമായ സുരക്ഷാമാർഗങ്ങളാണ്. അടിയന്തരാവസ്ഥക്കാലത്ത് ഈ വസ്തുതക്ക് അടിവരയിടേണ്ടിവന്നത് രാഷ്ട്രത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ അപകടപ്പെടുത്താന്പോന്ന രാഷ്ട്രീയമുന്നണി എഴുപതുകളില്‍ ഇവിടെ രൂപപ്പെട്ടതുകൊണ്ടാണ്. ആ പശ്ചാത്തലം അവഗണിച്ചുകൊണ്ട് ഇക്കാര്യം പരിശോധിക്കാന്‍ കഴിയില്ല.
സമീപ വർഷങ്ങളിൽ, അത്തരം ശ്രമങ്ങൾ പലപ്പോഴും പാര്‍ശ്വവത്കൃത സമൂഹങ്ങളെ ലക്ഷ്യമാക്കിയുള്ള ഒഴിവാക്കൽ രാഷ്ട്രീയത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും ഭൂരിപക്ഷവാദത്തിന്റെയും വിപണി മൗലികവാദത്തിന്റെയും വർധിച്ചുവരുന്ന വലതുപക്ഷ സ്വാധീനത്തിന്റെയും ഫലമായി ഉണ്ടായിട്ടുള്ളതാണ്. ഈ ഭേദഗതി റദ്ദാക്കുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും സാമ്പത്തികനീതി ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതീകാത്മകമായി ഇല്ലാതാക്കും. അതുകൊണ്ടാണ് ഇതിന് പകരംവെക്കാന്‍ ബി.ജെ.പി കൊണ്ടുവരുന്നത് മനുസ്മൃതിയാണെന്ന് വളരെ കൃത്യമായി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയത്. മാത്രമല്ല, അങ്ങനെ ചെയ്യുന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്കായി നിലകൊള്ളുന്ന ജനാധിപത്യ റിപ്പബ്ലിക്കായിരിക്കാനുള്ള ഇന്ത്യയുടെ ഭരണഘടനാ വാഗ്ദാനത്തെ ദുർബലപ്പെടുത്തുകയും, സൈദ്ധാന്തികമായി മാത്രമല്ല, ജീവിതാനുഭവത്തിലും സ്വേച്ഛാധിപത്യം, വിഭാഗീയത എന്നിവയിൽനിന്നുള്ള അവശേഷിക്കുന്ന സംരക്ഷണ കവചങ്ങൾക്കൂടി നിസ്സാരമായി എടുത്തുമാറ്റപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യും.