Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightവാര്‍ത്താ വിനിമയ...

വാര്‍ത്താ വിനിമയ ഭീകരവാദത്തിന്റെ പ്രാരംഭം

text_fields
bookmark_border
വാര്‍ത്താ വിനിമയ ഭീകരവാദത്തിന്റെ പ്രാരംഭം
cancel

2024 സെപ്റ്റംബറിൽ ലബനാനിലെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനെക്കുറിച്ച് വായിച്ചപ്പോൾ ഞാന്‍ ആദ്യം ആലോചിച്ചത്, ആക്രമികൾ ഉന്നമിട്ട വ്യക്തികളാരെങ്കിലും അപ്പോള്‍ ഒരു വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നതാണ്. അതുകൂടി പരിഗണിച്ച ഒരു സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത് എന്ന് വാദിച്ചാല്‍പോലും ഇത്തരത്തില്‍ ഒരു സാധ്യത എന്നേക്കും എല്ലാവര്‍ക്കുമായി തുറന്നിടുന്നു എന്നും അതിന്‍റെ നൈതികരാഹിത്യം ആക്രമണകാരികള്‍ ചിന്തിക്കുന്നില്ല എന്നുമാണല്ലോ അതിന്‍റെ അർഥം. ലോകത്തോടോ, മനുഷ്യവംശത്തോടോ, സംസ്കൃതി എന്ന് നാം അർഥമാക്കുന്ന ആഗോള നിയമവാഴ്ചയോടോ തരിമ്പും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

2024 സെപ്റ്റംബറിൽ ലബനാനിലെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനെക്കുറിച്ച് വായിച്ചപ്പോൾ ഞാന്‍ ആദ്യം ആലോചിച്ചത്, ആക്രമികൾ ഉന്നമിട്ട വ്യക്തികളാരെങ്കിലും അപ്പോള്‍ ഒരു വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നതാണ്. അതുകൂടി പരിഗണിച്ച ഒരു സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത് എന്ന് വാദിച്ചാല്‍പോലും ഇത്തരത്തില്‍ ഒരു സാധ്യത എന്നേക്കും എല്ലാവര്‍ക്കുമായി തുറന്നിടുന്നു എന്നും അതിന്‍റെ നൈതികരാഹിത്യം ആക്രമണകാരികള്‍ ചിന്തിക്കുന്നില്ല എന്നുമാണല്ലോ അതിന്‍റെ അർഥം. ലോകത്തോടോ, മനുഷ്യവംശത്തോടോ, സംസ്കൃതി എന്ന് നാം അർഥമാക്കുന്ന ആഗോള നിയമവാഴ്ചയോടോ തരിമ്പും പ്രതിബദ്ധത പുലര്‍ത്താന്‍ തയാറല്ലാത്ത ഒരു ഭീകരതയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്‌. ഇസ്രായേല്‍ എന്ന രാഷ്ട്രമാണ് സംശയനിഴലില്‍ നില്‍ക്കുന്നത് എന്നത് ഇതിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇസ്രായേലും അവരുടെ രഹസ്യപ്പൊലീസായി അറിയപ്പെടുന്ന മൊസാദും നിരവധി ആഗോള ഭീകരപദ്ധതികളിലും അന്താരാഷ്ട്ര നിയമലംഘനങ്ങളിലും പങ്കാളികളാണ് എന്ന കടുത്ത ആരോപണം നിലവിലുണ്ട്. എന്നാല്‍, ഇതുവരെയുള്ള എല്ലാ ഇടപെടലുകളെയും മറികടക്കുന്ന തരത്തില്‍ ലോക മനഃസാക്ഷിയോടുള്ള യുദ്ധപ്രഖ്യാപനമായി മാറിയിരിക്കുകയാണ് ലബനാനിലെ പേജറാക്രമണം.

ഭീകരത എന്ന സംഭാഷണ രാഹിത്യം

ഭീകരത അത് ഏത് കോണില്‍നിന്നുള്ളതാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, വിമോചന സംഘടനകളെ വളരെ എളുപ്പത്തില്‍ ആ കളത്തില്‍ കയറ്റിനിര്‍ത്താന്‍ കഴിയില്ല. പി.എല്‍.ഒയൊ ഹമാസോ ഭീകരതയുടെ വക്താക്കളല്ല. ആഗോളതലത്തില്‍ ഐക്യരാഷ്ട്രസഭ ഉറപ്പുനൽകുന്ന നീതി നടപ്പിലാക്കിക്കിട്ടാന്‍ ആയുധമേന്തിയവരാണവർ. ഹമാസിനെ തുടക്കംമുതല്‍ ഭീകരസംഘടന എന്ന് വിളിക്കാന്‍ കൂട്ടാക്കാത്തവരില്‍ പ്രമുഖന്‍ എഡ്വാര്‍ഡ് സൈദ്‌ ആയിരുന്നു. അതേസമയം, ആരായാലും സിവിലിയന്‍ വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയി ലോകവ്യാപാര കേന്ദ്രത്തില്‍ ആക്രമണം നടത്തുന്നത് ഭീകരവാദമാണ് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. അതിനെ സാമ്രാജ്യത്വത്തെ ചൂണ്ടി നീതിമത്കരിക്കാനുമാവില്ല. എന്നാല്‍, ആഗോള ഭീകരതയെക്കുറിച്ചുള്ള ദാര്‍ശനികാഖ്യാനങ്ങള്‍, വിശേഷിച്ച് ഫ്രഞ്ച് പോസ്റ്റ്‌മോഡേണ്‍ ചിന്തകനായിരുന്ന ബോദ്രിലാദ് മുതല്‍ ഇപ്പോള്‍ കൊറിയന്‍-ജർമന്‍ ചിന്തകന്‍ ബ്യുങ്-ചുല്‍ ഹാന്‍ വരെയുള്ളവര്‍ നടത്തുന്ന വിശദീകരണങ്ങളില്‍ ആഗോള വ്യാപാരത്തെ ‘ഹിംസയുടെ ആഗോളതലം’ (violence of the global) എന്ന് വിളിക്കുന്നതാണ്‌ നാം കാണുന്നത്. ട്രേഡ് സെന്ററില്‍ നടന്ന ആക്രമണം ആ ആഗോള ഹിംസയുടെ ഭാഗമായാണ് അവര്‍ കാണുന്നത്. ഭരണകൂടങ്ങള്‍ നടത്തുന്ന ഹിംസക്കും, വ്യാപാരത്തിന്‍റെ ഭാഗമായി നടക്കുന്ന യുദ്ധത്തേക്കാള്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത് എന്ന് അവര്‍ പറയുന്ന മൂലധനത്തിന്‍റെ ഹിംസക്കും, സമാന്തരമായാണ് ദാര്‍ശനികർ ഭീകരവാദത്തെ കാണുന്നത്.

എന്താണ് ഹിംസയുടെ ആഗോളതലം?

ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പ്രാദേശികമല്ല. ഇസ്രായേൽ‍-ഫലസ്​തീൻ സംഘര്‍ഷവും പ്രാദേശികമല്ല. പക്ഷേ, അതിനർഥം അതൊരു ആഗോള സംഘര്‍ഷമാണ് എന്നല്ല. ആഗോളനീതിയുടെ സാക്ഷാത്കരണം-ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുക എന്നുള്ളത്-നിരന്തരം നീട്ടിവെക്കപ്പെടുന്നു എന്നതാണ് ആ സംഘര്‍ഷത്തിന് അന്തർദേശീയ മാനങ്ങള്‍ നല്‍കുന്നത്. അതിനപ്പുറം, ഇസ്രായേല്‍ നീതി നടപ്പാക്കുന്നില്ലെന്നു മാത്രമല്ല, ഭീകരതയുടെയും ഹിംസയുടെയും കുപ്പായം സ്വയം എടുത്തണിയുകയും ചെയ്യുന്നു. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന ഹിംസയുടെ പോര്‍മുഖമായുള്ള ഇസ്രായേലിന്‍റെ നിൽപാണ് ഭീകരതയുടെ ഏറ്റവും മൂര്‍ത്തരൂപമായി ഇന്ന് ആഗോളതലത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതെഴുതുമ്പോള്‍ ഗസ്സയിലെ സ്കൂളിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 കുട്ടികളടക്കം 22 പേര്‍ കൊല്ലപ്പെട്ടതിന്‍റെ വാര്‍ത്തകള്‍ എത്തിക്കഴിഞ്ഞിരുന്നു. മാധ്യമങ്ങള്‍ വിളിച്ചുപറയുന്നില്ലെങ്കിലും, ഹിംസയുടെ ആഗോളതലത്തിലെ ഭീകരവാദത്തിന്‍റെ തീവ്രമുഖം തന്നെയാണ് ഇതില്‍ തെളിയുന്നത്. ഭീകരവാദത്തിന്‍റെ പ്രശ്നം അതില്‍ ഒരു സംഭാഷണത്തിനുള്ള സാധ്യത ഇല്ലെന്നുള്ളതാണ്. സംഭാഷണത്തിന് സാധ്യതയില്ലെങ്കില്‍ പാരസ്​പര്യവും സൗഹാർദവും സമാധാനവും സ്വാതന്ത്ര്യവുമില്ല. പാരസ്പര്യത്തിന്‍റെ ഭാഷക്ക് പുറത്താണ് ഭീകരവാദം നിലകൊള്ളുന്നത്. യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാം. അതാണ്‌ രാഷ്ട്രനീതി. പക്ഷേ, ഭീകരവാദത്തിനു ചര്‍ച്ചയില്ല. അതിന് അത്തരമൊരു യുക്തി വഴങ്ങുന്നില്ല. ഇസ്രായേല്‍ ഒരു രാഷ്ട്രമാണ് എന്ന് അവര്‍ മറന്നുപോകുന്നതല്ല, മറിച്ച് തങ്ങള്‍ ഒരു രാഷ്ട്രമല്ല എന്ന അബോധത്തിലാണ്, ഫലസ്തീന്‍ ഉണ്ടാകാതെ തങ്ങള്‍ക്ക് ലെജിറ്റിമസി ഉണ്ടാവുന്നില്ല എന്ന തിക്തബോധത്തിലാണ്, ഇസ്രായേലിന്‍റെ ഭീകരതയുടെ സിനിക്കല്‍ യുക്തി പ്രവര്‍ത്തനക്ഷമമാവുന്നത്. അതാണ്‌ അവരെ സംഭാഷണരഹിതമായ ഭീകരവാദത്തിലേക്ക് തള്ളിവിടുന്നത്.

വിനിമയ വിദ്യയുടെ ആയുധവത്കരണം

വ്യാപാരത്തിന്‍റെ പേരില്‍ നിയോലിബറലിസം നടത്തുന്ന ഹിംസയെക്കുറിച്ച് ബ്യുങ്-ചുല്‍ ഹാന്‍ പറയുന്നുണ്ട് (The Expulsion of the other). നിയോലിബറലിസത്തിന്​ യുക്തിയില്ലെന്നും അതൊരു മനോനിലതെറ്റിയ നശീകരണ സംഘര്‍ഷമാണെന്നും അദ്ദേഹം പറയുന്നു. ഭീകരവാദത്തിനും സങ്കുചിത ദേശീയവാദത്തിനും വളമിട്ടുകൊടുക്കുന്നത് നിയോലിബറലിസമാണ്. ‘വ്യാപാര ഔത്സുക്യം’ (spirit of trade) എന്ന കാന്റിന്റെ ആശയം പെർപെച്വൽ പീസ്: എ ഫിലോസഫിക്കൽ സ്കെച്ച് (1795) എന്ന പുസ്തകത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. യുദ്ധവാദത്തിനെതിരെ സമാധാനത്തിന്‍റെ അടയാളമായാണ് അദ്ദേഹം വാണിജ്യത്തെ കാണുന്നത്. എന്നാല്‍, യുദ്ധത്തേക്കാള്‍ കൂടുതല്‍ അഭയാര്‍ഥികള്‍ ഉണ്ടായത് വ്യാപാരത്തിന്‍റെ ഹിംസകളില്‍ നിന്നായിരുന്നുവെന്ന് ബ്യുങ്-ചുല്‍ ഹാന്‍, കാന്റിന്‍റെ വിമര്‍ശനമായി മുന്നോട്ടുവെക്കുന്നു. വാണിജ്യത്തെ ഇത്തരത്തില്‍ ഹിംസയുടെ ആയുധമാക്കാന്‍ സാമ്രാജ്യത്വത്തിന് കഴിയുമെന്ന് മുന്‍കൂട്ടിക്കാണാന്‍ കാന്റിന് കഴിഞ്ഞില്ല.

എന്നാലിപ്പോള്‍ വാണിജ്യത്തെ ആയുധമണിയിക്കുക എന്ന ആഗോളഹിംസയേക്കാള്‍ ക്രൂരവും തീര്‍ത്തും മനോനില തെറ്റിയതുമായ ഒരു ഇടപെടലാണ് പേജര്‍-വാക്കിടോക്കി ആക്രമണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ആരുടെ ആയുധലാബില്‍ നിന്നാണെങ്കിലും, വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളെ ആയുധവത്കരിക്കുക എന്ന അങ്ങേയറ്റം അപകടകരമായ പകര്‍ച്ചവ്യാധിയുടെ വൈറസിനെയാണ് ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്നത്. ആശയവിനിമയ ഉപകരണങ്ങളുടെ ആയുധവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ, ആഗോള സുരക്ഷയിൽ അവയുടെ സ്വാധീനം കണക്കിലെടുക്കുമ്പോൾ അവഗണിക്കുന്നത് എളുപ്പമല്ല. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഭരണകൂടങ്ങളോ, നോൺ-സ്‌റ്റേറ്റ് സംഘടനകളോ പേജറുകൾ അല്ലെങ്കിൽ വാക്കിടോക്കികൾ പോലുള്ള ദൈനംദിന ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ റിഗ് ചെയ്യുകയാണെങ്കിൽ, വിമാനയാത്രകൾ മുതല്‍ തെരുവുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഓരോരുത്തരുടെയും സുരക്ഷിത ഭവനങ്ങളുംവരെയും അതിന്‍റെ രഹസ്യ ഭീഷണികൾക്ക് ഇരയാകാം എന്ന അരക്ഷിതത്വം ലോകത്തിന് താങ്ങാന്‍ കഴിയുന്നതല്ല. ചെറുതും എംബെഡ്‌ ചെയ്തതുമായ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ആഗോളസുരക്ഷാ സാങ്കേതികവിദ്യക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നതാണ്.

വിനിമയ ഭീകരതയുടെ ലോകത്തേക്ക്

ഇത്തരം ഹിംസകള്‍ക്കായി ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഗ്രൂപ്പുകൾക്കിടയിൽ മാത്രമല്ല, പൊതുജനങ്ങൾക്കിടയിലും അത് സൃഷ്ടിക്കുന്ന മാനസികമായ ആഘാതം മനുഷ്യസംസ്കൃതിക്കെതിരെയുള്ള വെല്ലുവിളിയായി മാറുമെന്നതില്‍ സംശയമില്ല. ഏതൊരു പോസ്റ്റ്‌ഹ്യൂമന്‍ ആശയവിനിമയ ഉപകരണവും ആരാലും ആയുധമാക്കപ്പെടുമെന്ന ഭയം പതിവ് സുരക്ഷാ സ്ക്രീനിങ്ങിലുള്ള വിശ്വാസത്തെത്തന്നെ ദുർബലപ്പെടുത്തുകയും പൊതുസുരക്ഷയില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഭീകരവാദം കൂടുതല്‍ മൂര്‍ത്തവും സൂക്ഷ്​മവുമായ രൂപം സ്വീകരിച്ച് നമ്മുടെ കീശയിലേക്കും തോള്‍സഞ്ചിയിലേക്കും എത്തിയിരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഡിജിറ്റൽ യുഗത്തിലെ ലോകയുദ്ധത്തിനാണ് ഇതിലൂടെ പ്രാരംഭം കുറിച്ചിരിക്കുന്നത്.

ഇതിനുമുമ്പ് ഇതേതന്ത്രം നെതര്‍ലന്‍ഡ്‌സ്‌ പൊലീസ് ഉപയോഗിച്ചിരുന്നു. അവര്‍തന്നെ നിർമിച്ച്‌ വിപണിയിലിറക്കിയ അനോം (ANOM) എന്ന മൊബൈല്‍ ഫോണിന്‍റെ സവിശേഷത, ഏതു സന്ദേശവും അത് വായിക്കപ്പെട്ടുകഴിഞ്ഞാല്‍ സ്വയം മാഞ്ഞുപോകും എന്നുള്ളതായിരുന്നു. നിയമപരമായി പൊലീസ് ഇത്തരം ഫോണുകള്‍ രഹസ്യമായി നിർമിക്കുകയും മായുന്ന സന്ദേശങ്ങള്‍ പൊലീസ് തലസ്ഥാനത്ത് എത്തുന്ന രീതിയില്‍ ആന്തരിക സാങ്കേതിക സംവിധാനങ്ങള്‍ ഫോണില്‍ എംബഡ് ചെയ്യുകയും ചെയ്തു. ഇടനിലക്കാരെ ഉപയോഗിച്ച് ഇതുവിറ്റത് മാഫിയാ സംഘങ്ങളുമായി ബന്ധമുള്ളവര്‍ക്കായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡ്രഗ് മാഫിയാ ബന്ധത്തിന്‍റെ പേരില്‍ ഏതാണ്ട് ആയിരത്തോളം പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭരണകൂടങ്ങള്‍ക്ക് ഇത്തരത്തിലുള്ള മാനിപ്പുലേഷന്‍ നടത്താനുള്ള ലൈസന്‍സാണ് അന്ന് അതിലൂടെ ലോകത്തിന് ലഭിച്ചതെങ്കില്‍ പേജര്‍-വാക്കിടോക്കികളും മൊബൈല്‍ ഫോണും കിന്‍ഡിലും ഒക്കെത്തന്നെയും ആയുധവത്കരിക്കുന്ന നിരുത്തരവാദപരമായ നിലപാടിലൂടെ ഇസ്രായേലോ അല്ലെങ്കില്‍ അവരുടെ ഏജന്‍സികളോ നടത്തിയതായി സംശയിക്കപ്പെടുന്ന ഈ ഭീകരാക്രമണം ലോകത്തിനു നല്‍കുന്നത് അത്യന്തം വിഭ്രാന്തകരമായ സർവനാശിനിയുടെ ഉദാത്തവത്കരണമാണ്. ഉത്തരവാദികള്‍ തങ്ങളല്ലെന്ന വാദത്തില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുമ്പോഴും എല്ലാ ചൂണ്ടുവിരലുകളും അവരിലേക്കാണ് നീളുന്നത്. ആഗോളതലത്തില്‍ അപലപിക്കപ്പെടേണ്ടതാണ് ലോകസംസ്കൃതിക്കെതിരെയുള്ള ഈ ഭീകരാക്രമണം.

Show Full Article
TAGS:Lebanon Pager attack Violence World News 
News Summary - Pager attack in Lebanon-violence of the global
Next Story