ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉയിര്ത്തെഴുന്നേല്പ്
text_fieldsവഖഫ് ഭേദഗതി നിയമത്തിനെതിരെ വിവിധ മുസ്ലിം വനിതാ സംഘടനകളുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ നിന്ന് (photo: രതീഷ് ഭാസ്കർ)
സമീപവർഷങ്ങളിൽ, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം ഗുണപരമായ വലിയ പരിവർത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നിരന്തര പോരാട്ടത്തിലൂടെ വർധിച്ച ദൃശ്യത, പുതിയ രാഷ്ട്രീയസഖ്യങ്ങൾ, സംവാദത്തിന്റെയും പ്രതിരോധത്തിന്റെയും സങ്കീർണമായ തന്ത്രങ്ങൾ എന്നിവയാൽ സജീവമായിരിക്കുകയാണത്. ഈ സമുദായത്തിൽനിന്നുള്ള എം.പിമാരുടെയും മന്ത്രിമാരുടെയും പ്രാതിനിധ്യം ഇല്ലാതാക്കുന്ന ബി.ജെ.പി ഭരണത്തില്‍ മുസ്ലിം സമുദായം നിർജീവമാകുമെന്ന് കണക്കുകൂട്ടിയവരെ ഞെട്ടിച്ചുകൊണ്ട് ഉവൈസിയെപ്പോലൊരു കടുത്ത വിമര്‍ശകനെ തന്റെ വിദേശസംഘത്തിന്റെ തലവനാക്കാന്‍ മോദി നിര്‍ബന്ധിതനാവുന്നത് ചെറിയൊരു മാറ്റമല്ല. ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന ജനാധിപത്യനൈതികതയുടെ വിശാലമായ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് 2014 മുതൽ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരം ഉറപ്പിച്ച ബി.ജെ.പി ഭരണത്തിൻകീഴിൽ ഈ പുതിയ രാഷ്ട്രീയഭൂമിക ന്യൂനപക്ഷം ഒന്നിച്ചുള്ള സമരങ്ങളിലൂടെ നേടിയെടുത്ത ദൃശ്യതയാണ്. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ), അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം), ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ സാമൂഹിക-രാഷ്ട്രീയ മുന്നണികൾ തുടങ്ങിയ രാഷ്ട്രീയസ്ഥാപനങ്ങളുടെ ഉയർച്ചയും മുസ്ലിം സിവിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ള സമാഹരണങ്ങളും പ്രവർത്തനങ്ങളും ഇന്ത്യൻ മുസ്ലിം സമൂഹം നേരിടുന്ന ആഴമേറിയ പ്രതിസന്ധിയോടുള്ള ബഹുതലങ്ങളിലുള്ള പ്രതികരണത്തിന്റെ അടയാളങ്ങളായി മാറിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയ ജനാധിപത്യ ദേശീയപാർട്ടികളുടെ അഡ്വക്കസിയുടെ തണലിലേക്ക് ചുരുങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വിഭജനശേഷം, പ്രധാന രാഷ്ട്രീയകക്ഷികള്‍ മുസ്ലിം സംഘടനകളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം നിലനിന്നു. എല്ലാക്കാലത്തും ഏതെങ്കിലും ഒരു മുസ്ലിം പ്രസ്ഥാനത്തെ സംശയ നിഴലിൽ നിര്‍ത്തുന്ന സമീപനവും വ്യാപകമാണ്. തദ്ഫലമായി സമുദായത്തിന് പലപ്പോഴും തുറന്ന രാഷ്ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇതാവട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിഷേധനിര്വചനത്തിന് മുസ്ലിം സംഘടനകളെ എറിഞ്ഞുകൊടുക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി മുസ്ലിം സമുദായം സ്വാതന്ത്രാനന്തരകാലത്ത് അഭിമുഖീകരിച്ച സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക പാർശ്വവത്കരണത്തെ സ്ഥിരീകരിക്കുന്നതായിരുന്നു സച്ചാർ കമ്മിറ്റി റിപ്പോർട്ട് (2006). ഇതോടെയാണ് ഇന്ത്യയിലെ ന്യൂനപക്ഷരാഷ്ട്രീയം കൂടുതല്‍ ഐക്യത്തിന്റെയും വിഭവസമാഹരണത്തിന്റെയും സ്വകീയമായ രാഷ്ട്രീയത്തിന് ഊന്നൽ നല്കാന് തുടങ്ങിയത്.
2014ൽ ബി.ജെ.പിയുടെ ദേശീയാധികാരത്തിലേക്കുള്ള ഉയർച്ച മതനിരപേക്ഷ പാര്‍ട്ടികള്‍പോലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ന്യൂനപക്ഷ പാര്ശ്വവത്കരണത്തിനാണ് വഴിതെളിച്ചത്. മുസ്ലിം വ്യക്തിനിയമങ്ങൾ, ബീഫ് ഉപഭോഗം, പൗരത്വം, ജമ്മു- കശ്മീരിലെ ആർട്ടിക്കിൾ 370 എന്നിവയെ ലക്ഷ്യംവെച്ചുള്ള നിയമനിർമാണങ്ങള്‍, ലവ് ജിഹാദ്, ലാന്റ് ജിഹാദ് പോലുള്ള ആരോപണങ്ങൾ, ആള്‍ക്കൂട്ട വിചാരണകള്‍, കൂട്ടക്കൊലകള്‍ എന്നിവ ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനശിലകള്‍ ഇളക്കിമാറ്റുന്ന ഇടപെടലുകളായിരുന്നു. ഈ പശ്ചാത്തലത്തിൽ, മുസ്ലിം സംഘടനകൾ സഹോദര ജനാധിപത്യ പാർട്ടികളെ നിശബ്ദമായി ആശ്രയിക്കുന്നതിനപ്പുറം കൂടുതൽ സജീവവും ദൃശ്യതാബദ്ധവും സ്വതന്ത്രവുമായ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും രാഷ്ട്രീയ ഇടപെടലിന്റെ രീതികളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാവുകയുംചെയ്തു.
ഐ.യു.എം.എല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം രാഷ്ട്രീയ സംഘടനകളിൽ ഒന്നാണ്. മതേതര-ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ലീഗ്, കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യമുന്നണിയുടെ വിശ്വസനീയ സഖ്യകക്ഷിയാണ്. കേരളത്തിൽ, വിദ്യാഭ്യാസം, പിന്നാക്ക സംവരണം, ന്യൂനപക്ഷക്ഷേമം എന്നിവയിൽ ലീഗ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ചെറുതല്ലാത്ത സാന്നിധ്യവും വലിയൊരു പരിധിവരെ ദേശീയസ്വാധീനവും നിലനിര്‍ത്താന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. നിലവിലെ കാലാവസ്ഥയിൽ, ഭരണഘടനാ അവകാശങ്ങൾക്കായി നിലകൊള്ളുകയും സി.എ.എ-എൻ.ആർ.സിപോലുള്ള നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്ന മുസ്ലിം രാഷ്ട്രീയവ്യവഹാരമാണ് ലീഗ് മുന്നോട്ടുവെക്കുന്നത്.
അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് മുസ്ലിം താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന നിർണായക രാഷ്ട്രീയശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. ഹൈദരാബാദിൽ ഉത്ഭവിച്ച പാർട്ടി മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. മതേതരപാർട്ടികൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ നിരാശരായ യുവ മുസ്ലിംകൾക്കിടയിൽ ഉവൈസിയുടെ ഉറച്ച നിലപാടുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് രണ്ട് പ്രധാന സവിശേഷതകളാനുള്ളത്-ഭരണഘടനാവാദത്തിന് ഊന്നൽ നൽകലും ക്ഷമാപണമില്ലാത്ത മുസ്ലിം സ്വത്വരാഷ്ട്രീയവും. സമീപകാല സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മജ്ലിസിന്റെ സാന്നിധ്യം അംഗീകരിക്കപ്പെടുന്നത് പൊതുവില്‍ ഇന്ത്യയിലെ ന്യൂനപക്ഷരാഷ്ട്രീയം നേടുന്ന സ്വീകാര്യതയുടെകൂടി അടയാളമാണ്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് വിദ്യാഭ്യാസം, പരിഷ്കരണം, സാമൂഹിക പ്രവർത്തനം എന്നിവയിലൂടെ മുസ്ലിം സമൂഹത്തിലെ അഭിപ്രായ രൂപീകരണത്തെ ചരിത്രപരമായി സ്വാധീനിച്ചിട്ടുണ്ട്. ജമാഅത്തും അവരുടെ മുൻകൈയുള്ള വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയും ബഹുജനകൂട്ടായ്മകളിലും മതാന്തരസംവാദങ്ങളിലും പൗരാവകാശവാദത്തിലും സജീവമാണ്. 2014 നുശേഷം, സി.എ.എ-എൻ.ആർ.സിക്കെതിരായ പ്രതിഷേധങ്ങളും നിയമാവബോധ പരിപാടികളും സംഘടിപ്പിക്കുന്നതിലും അടിസ്ഥാനപ്രസ്ഥാനങ്ങളെ പിന്തുണക്കുന്നതിലും അവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ പഴയ കോൺഗ്രസ് വിരുദ്ധരാഷ്ട്രീയത്തില്നിന്ന് പുറത്തുകടന്നുകൊണ്ട്, ഭരണഘടനാമൂല്യങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യ സഖ്യനിർമാണം, നിയമപരമായ ഇടപെടലുകള്‍, അഹിംസാത്മക പ്രതിരോധം എന്നിവയിലാണ് ജെ.ഐ.എച്ച് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.
ബി.ജെ.പി ഭരണത്തിൽ, മുസ്ലിം സംഘടനകളും മുസ്ലിം സമൂഹവും നിയമപരമായി നടത്താവുന്ന പൊതു പ്രതിഷേധങ്ങൾ, സഖ്യരാഷ്ട്രീയരൂപങ്ങള്, സിവിൽ സമൂഹ ഇടപെടൽ എന്നിവയുടെ സംയോജനത്തിലൂടെയാണ് പ്രതികരിച്ചുപോന്നിട്ടുള്ളത്. മുസ്ലിംകളുടെ വൻതോതിലുള്ള വികേന്ദ്രീകൃത പങ്കാളിത്തത്തോടെ നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ (2019-20) ഒരു വഴിത്തിരിവായി മാറിയിരുന്നു, പ്രത്യേകിച്ച് ഷഹീൻബാഗ്പോലുള്ള പ്രതിഷേധസ്ഥലങ്ങൾ സമാധാനപരമായ പ്രതിരോധത്തിന്റെയും ഭരണഘടനാ സ്ഥിരീകരണത്തിന്റെയും പ്രതീകങ്ങളായി മാറിയത് മറക്കാന്‍ കഴിയില്ല. ഈ പ്രതിഷേധങ്ങൾ ദലിതർ, ക്രൈസ്തവർ, മറ്റ് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരുമായുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്തുകയും ചെയ്തു.
നിരന്തരമായ ചാപ്പയടിക്കലുകള്, മേല്‍നിരീക്ഷണം, അറസ്റ്റുകള്‍, നിരോധനങ്ങള്‍, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ ഭീകരതകളെ അഹിംസാത്മകമായി നേരിട്ടുകൊണ്ടാണ് ന്യൂനപക്ഷ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഭയപ്പാടോ ഇരവാദമോ ഇല്ലാതെ എല്ലാ എതിര്‍പ്പുകളെയും നേരിടുന്ന രീതിയാണ് പുതിയ ഐക്യരാഷ്ട്രീയത്തില് തെളിയുന്നത്. ഐ.യു.എം.എല്‍, ജംഇയ്യതുൽ ഉലമായെ ഹിന്ദ്, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (എ.ഐ.എം.പി.എല്‍.ബി), തുടങ്ങിയ സംഘടനകൾ നിയമപോരാട്ടങ്ങൾ, വിദ്യാഭ്യാസ സംവാദങ്ങൾ, ഭരണഘടനാ അവബോധം എന്നിവയിലൂടെ നടത്തുന്ന ഇടപെടലുകള്‍ ന്യൂനപക്ഷ പ്രതിരോധരാഷ്ട്രീയത്തെ സജീവമാക്കി നിലനിര്‍ത്തുന്നവയാണ്. ഉദാഹരണത്തിന്, നിരവധി കേസുകളില്‍ വ്യാജമായി പ്രതിചേർക്കപ്പെട്ട മുസ്ലിംകൾക്ക് ഈ സംഘടനകള്‍ നിയമസഹായം നൽകിവരുന്നു. ഏക സിവിൽകോഡുൾപ്പെടെയുള്ള ന്യൂനപക്ഷവിരുദ്ധ നിയമനിർമാണങ്ങളെ പേഴ്സണൽ ലോ ബോർഡ് ശക്തമായി എതിർക്കുന്നു.
യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ, ബുൾഡോസർ പ്രയോഗവും പൊലീസ് അതിക്രമങ്ങളും മതപരവും സാമൂഹികവുമായ ആചാരങ്ങൾക്കെതിരായ നിയന്ത്രണങ്ങളും നിരന്തരം ഉണ്ടാവുന്നത് സമുദായം സമാധാനപൂർവം നേരിട്ടിട്ടുണ്ട്. പലപ്പോഴും കടുത്ത അടിച്ചമർത്തലുകൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, അലീഗഢ് മുസ്ലിം സർവകലാശാല, ലഖ്നോ, അഅ്സംഗഢ് എന്നിവിടങ്ങളിൽനിന്ന് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അസമിൽ, ബംഗാളിവംശജരായ മുസ്ലിംകൾ എൻ.ആർ.സിയുമായി ബന്ധപ്പെട്ട ഒഴിവാക്കലുകൾക്കും കുടിയിറക്കൽ നീക്കങ്ങൾക്കും ഇരയാകുന്നതും ശക്തമായ പ്രാദേശിക പ്രതിരോധത്തിന് കാരണമായിട്ടുണ്ട്. കർണാടകയിൽ, കോളജുകളിലെ ഹിജാബ് നിരോധനത്തിനും ഗോസംരക്ഷണനിയമത്തിന് മറവിലെ ന്യൂനപക്ഷവേട്ടകൾക്കുമെതിരെ വിദ്യാർഥികളുടെയും നിയമഫോറങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉയര്‍ന്നുവന്നു. മഹാരാഷ്ട്രയിലും ബിഹാറിലും അംബേദ്കറൈറ്റ് സഖ്യങ്ങളുള്ള സിവിൽ സൊസൈറ്റി സംഘടനകളുമായി ചേര്‍ന്ന്, ആൾക്കൂട്ട കൊലപാതകത്തിന്റെയും പാർശ്വവത്കരണത്തിന്റെയും പ്രശ്നങ്ങൾ മുസ്ലിം സംഘടനകള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ‘സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന മുദ്രാവാക്യവുമായി വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന കാമ്പയിന് ഇപ്പോള്‍ ശക്തമായി മുന്നോട്ടുപോകുന്നു. കഴിഞ്ഞ ദിവസം എം.പി.എല്‍.ബി എറണാകുളത്ത് സംഘടിപ്പിച്ച കൂട്ടായ്മയിൽ എം.പി.എല്‍.ബി എക്സിക്യൂട്ടിവ് അംഗവും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറിയുമായ എ. റഹ്മത്തുന്നിസയും സമാജ്വാദി പാര്‍ട്ടി എം.പി ഇഖ്റ ഹസനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫും മുസ്ലിം ലീഗ് വനിതാവിഭാഗം ദേശീയാധ്യക്ഷ ഫാത്തിമ മുസാഫിറും മറ്റനേകം സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു.
സ്വത്വസ്ഥിരീകരണം, സഖ്യരാഷ്ട്രീയം, സിവിൽ സൊസൈറ്റി പ്രവർത്തനം എന്നിവയിലൂടെ വിശാലമായ ജനാധിപത്യമുന്നണികളുമായുള്ള സംയോജനം ദൃഢമാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. വിവിധരൂപങ്ങളില്‍ അവതരിക്കുന്ന കടുത്ത ഇസ്ലാമോഫോബിയയെ നേരിടാൻ മാറിയും വിഘടിച്ചും നില്ക്കുന്ന സംഘടനകള്‍കൂടി ഉയര്‍ന്നുവരുന്ന വിശാലമായ മുന്നണിയില്‍ ചേരുക എന്നതാണ് അഭികാമ്യം. പുതിയ നേതാക്കളുടെ ആവിർഭാവം, വനിതാ-വിദ്യാർഥി പ്രതിഷേധങ്ങൾ, പൗരാവകാശ സംരംഭങ്ങൾ എന്നിവയുടെ ഗുണഫലങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതും സമീപകാലത്തുണ്ടായ ഐക്യം നിലനിര്‍ത്തുക എന്നതും ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന് നിര്‍ണായകമാണ്. ഉറച്ചതും ജനാധിപത്യപരവും ഭരണഘടനാപരമായി രൂപപ്പെടുത്തിയതും വൈവിധ്യപൂർണവുമായ രാഷ്ട്രീയഭാവനയിലേക്ക് കൂടുതല്‍ കുതിപ്പുകള്‍ ആവശ്യമായ സന്ദര്‍ഭമാണിത് എന്നതാണ് ഏറ്റവും പ്രധാനം.