മനുഷ്യ സംസ്കൃതിയെ വെല്ലുവിളിക്കുന്ന യുദ്ധവെറി
text_fields
“ഗസ്സയിൽ ഭക്ഷണത്തിനായി പാത്രം നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’ എന്ന് ചോദിച്ചത് അറിവിന്റെ നിറകുടവും മലയാള നിരൂപക പ്രതിഭയുമായ, 98 വയസ്സുള്ള വന്ദ്യവയോധികയായ ലീലാവതി ടീച്ചറാണ്. ഗസ്സയിലെ വംശഹത്യ, നെതന്യാഹുവിന്റെ മനുഷ്യത്വരഹിതവും നൈരാശ്യംപൂണ്ടതുമായ വിഭ്രാന്ത സമീപനം, പ്രകോപനരഹിതമായ ഖത്തര്‍ ആക്രമണം, ഇസ്രായേലിനുള്ള യു.എസ് പിന്തുണയുടെ അധാർമികത, ഐക്യരാഷ്ട്ര സഭയിൽ യു.എസ് അടുത്തിടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
“ഗസ്സയിൽ ഭക്ഷണത്തിനായി പാത്രം നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’ എന്ന് ചോദിച്ചത് അറിവിന്റെ നിറകുടവും മലയാള നിരൂപക പ്രതിഭയുമായ, 98 വയസ്സുള്ള വന്ദ്യവയോധികയായ ലീലാവതി ടീച്ചറാണ്. ഗസ്സയിലെ വംശഹത്യ, നെതന്യാഹുവിന്റെ മനുഷ്യത്വരഹിതവും നൈരാശ്യംപൂണ്ടതുമായ വിഭ്രാന്ത സമീപനം, പ്രകോപനരഹിതമായ ഖത്തര്‍ ആക്രമണം, ഇസ്രായേലിനുള്ള യു.എസ് പിന്തുണയുടെ അധാർമികത, ഐക്യരാഷ്ട്ര സഭയിൽ യു.എസ് അടുത്തിടെ നടത്തിയ വീറ്റോ എന്നിവയെക്കുറിച്ച് മാത്രം ആലോചിച്ചാല്‍ ഈ വാക്കുകളിലെ വേദനയുടെയും പ്രതിഷേധത്തിന്റെയും ആഴം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍, ഇത് മനസ്സിലാക്കുന്നതുപോകട്ടെ, ടീച്ചറുടെ പ്രായമോ ജ്ഞാനമോ അനീതികള്ക്കെതിരെനിന്ന സുദീര്‍ഘമായ സാംസ്കാരിക-രാഷ്ട്രീയ പാരമ്പര്യമോപോലും പരിഗണിക്കാതെയാണ് കേരളത്തിലെ ഇസ് ലാമോഫോബിക് വലതുപക്ഷ സൈബര്‍ പട്ടാളം, ഇവിടെ എടുത്തെഴുതാൻ ബുദ്ധിമുട്ടുള്ള തരം ആക്രോശങ്ങളും ശകാരങ്ങളുമായി ടീച്ചറെ സാമൂഹ മാധ്യമങ്ങളില്‍ അവമതിക്കാന്‍ മുതിര്‍ന്നത്.
കേരളത്തിലെ പൊതുമണ്ഡലം എത്തിച്ചേര്‍ന്നിരിക്കുന്ന നിന്ദ്യാവസ്ഥയുടെ യഥാതഥമായ ഒരു ചിത്രമാണ് ഇത് കാട്ടിത്തന്നത്. എന്‍.വി. കൃഷ്ണവാര്യരുടെയും എം.എന്‍.വിജയന്റെയും സുകുമാര്‍ അഴീക്കോടിന്റെയും ജോസഫ് മുണ്ടശ്ശേരിയുടെയും എം. ഗോവിന്ദന്റെയും പി.കെ. ബാലകൃഷ്ണന്റെയും സി.ജെ. തോമസിന്റെയും സാഹിത്യ പാരമ്പര്യത്തിലെ ബലിഷ്ഠമായ സ്ത്രീ സാന്നിധ്യവും വിമര്‍ശക വീര്യവുമായാണ് അധ്യാപികയും പ്രഭാഷകയും നിരൂപകയുമായ ലീലാവതി ടീച്ചറെ മലയാളം അറിയുന്നത്. യഥാര്‍ഥത്തില്‍ ടീച്ചറുടെ പരാമര്‍ശം, ഇപ്പോഴും പൂര്‍ണഗൗരവത്തോടെ ഗസ്സയിലെ കൂട്ടക്കൊലയുടെ നിഷ്ഠുരതകള്‍ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാതെ, പ്രതിഷേധങ്ങളെ ഉപരിപ്ലവമായ മുദ്രാവാക്യങ്ങളിലേക്കോ ഐക്യദാര്‍ഢ്യ വാചാടോപത്തിലേക്കോമാത്രം ചുരുക്കുന്ന, അതില്‍ സംതൃപ്തി കണ്ടെത്തുന്ന നമ്മള് ഓരോരുത്തരോടുമുള്ള വിമര്‍ശനം കൂടിയായിരുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഒരു മനുഷ്യവിരോധി ലോകസാമ്രാജ്യത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ പട്ടിണിക്കിട്ട് കൊല്ലുമ്പോള്‍ നമ്മുടെ ഓണവും പെരുന്നാളുകളും പിറന്നാളുകളും മനസ്സാക്ഷിയില്‍ പൊള്ളലുകളില്ലാതെ എങ്ങനെ ആഘോഷിക്കാന്‍ കഴിയുന്നു എന്നുകൂടിയാണ് ടീച്ചര്‍ ചോദിച്ചത് എന്നത് ഇതോടൊപ്പം ഓർമിക്കേണ്ടതുണ്ട്.

വലിയ തോതിലുള്ള സിവിലിയൻ നാശനഷ്ടങ്ങൾക്ക് കാരണമാകുമ്പോൾപോലും, ഹീനമായ സൈനിക നടപടികൾക്കും തന്ത്രപരമായ ദുഷ്ടലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്ന ബിന്യമിൻ നെതന്യാഹുവിന്റെ സമീപനം നിശിത വിമർശനത്തിന് വിധേയമായിട്ടുണ്ട്. പ്രസവങ്ങള്‍ തടയുക, ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ അപ്രാപ്യമാക്കുക, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിരന്തരം ആക്രമണം നടത്തി മൃതദേഹക്കൂമ്പാരങ്ങള് സൃഷ്ടിച്ച് ആനന്ദമടയുക, ആശുപത്രികള്‍ ബോംബിട്ടു നശിപ്പിക്കുക എന്നിവ അത്തരം നിഷ്ഠുരതകളില്‍ ഉൾപ്പെടുന്നുവെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നതുപോലെ, യുദ്ധവുമായി ബന്ധപ്പെട്ട ഇതഃപര്യന്തമുള്ള എല്ലാ മാനുഷിക മാനദണ്ഡങ്ങളും ലംഘിക്കുന്ന കൊടുംകുറ്റവാളിയുടെ നിലയിലാണ് നെതന്യാഹു നില്‍ക്കുന്നത്. ഹമാസിനെ തീവ്രവാദ സംഘടന എന്നുവിളിക്കാന്‍ മടിക്കാത്തവര്‍ നെതന്യാഹുവിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ എന്ത് പേരിട്ടുവിളിക്കുമെന്ന് മനസ്സിലാകുന്നില്ല.
എല്ലാം അമേരിക്കൻ ആശീർവാദത്തിൽ
നയതന്ത്ര വേദികളിൽ ഇസ്രായേലിനെ സജീവമായി പിന്തുണക്കുന്ന രാജ്യമാണ് അമേരിക്ക. ഈ പിന്തുണയുടെ പ്രതിഫലനമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ, ഗസ്സയിലേക്കുള്ള സഹായത്തിന്മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കൽ എന്നിവ ആവശ്യപ്പെടുന്ന പ്രമേയങ്ങൾ അമേരിക്ക ആവർത്തിച്ച് വീറ്റോ ചെയ്യുന്നത്. ഇന്ത്യ അടക്കമുള്ള മറ്റ് കൗൺസിൽ അംഗങ്ങളിൽ ബഹുഭൂരിപക്ഷവും ആ പ്രമേയങ്ങളെ പിന്തുണച്ചിട്ടും ഇസ്രായേലിന്റെ ദുശ്ശാഠ്യങ്ങള്‍ക്ക് അരുനിന്നുകൊണ്ട് ഉപാധികളില്ലാത്ത വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, തടസ്സമില്ലാത്ത മാനുഷിക സഹായം എന്നിവ ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയമാണ് ഏറ്റവും ഒടുവിലായി അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ ഈ അടുത്ത ദിവസം വീറ്റോ ചെയ്തത്.

ഇംഗ്ലണ്ടും യൂറോപ്യന്‍ യൂനിയനുംപോലും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ മാർഗത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ്, പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന് ഒരേയൊരു ദുര്‍വാശിയോടെ അമേരിക്ക ഇസ്രായേലിന്റെ തുണക്കെത്തുന്നത്. ഇതിനിടയിലാണ്, 2025 സെപ്റ്റംബർ ഒമ്പതിന് ഖത്തറിലെ ദോഹയിൽ ഇസ്രായേൽ യാതൊരു പ്രകോപനവുമില്ലാതെ, അവിടെയുള്ള ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടെന്നപേരില്, ഏകപക്ഷീയമായ വ്യോമാക്രമണം നടത്തിയത്. ഗസ്സയിലെ യുദ്ധത്തെ അറബ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനെതിരെ നടത്തിയ ആക്രമണം അപ്രതീക്ഷിതമായ കനത്ത തിരിച്ചടിയോടെ പരാജയത്തിലേക്കും ഭീതിയിലേക്കും ഇസ്രായേലിനെ തള്ളിയിട്ടിരുന്നു. ആ യുദ്ധപരാജയത്തിന്റെ ക്ഷീണംതീര്ക്കലായിരുന്നു ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥം വഹിക്കുന്ന പരമാധികാര രാഷ്ട്രമായ ഖത്തറിനെതിരായ ആക്രമണം. എന്നാല്‍, ഇത് വ്യാപകമായി അപലപിക്കപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളൊന്നുംതന്നെ തങ്ങള്‍ക്ക് ബാധകമല്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ആ ആക്രമണം.
അറബ് ഐക്യത്തിന്റെയും ആഗോള ഐക്യദാർഢ്യത്തിന്റെയും ആവശ്യകതക്ക് ഈ സംഭവവികാസങ്ങൾ അടിവരയിടുന്നു. അടുത്തിടെ നടന്ന അറബ്-ഇസ്ലാമിക് നേതൃത്വങ്ങളുടെ അടിയന്തര ഖത്തര്‍ സന്ദര്‍ശനവും സമ്മേളനവും ഗസ്സയുദ്ധം വംശഹത്യയായി മാറിയിരിക്കുന്നു എന്ന് ശക്തമായി വിലയിരുത്തിയിരുന്നു. ഖത്തറിനെതിരായ ഇസ്രായേലി ആക്രമണങ്ങളെ ഏകസ്വരത്തില്‍ അപലപിച്ചുകൊണ്ടും, ഏകീകൃത രാഷ്ട്രീയ-നയതന്ത്ര നിലപാടിന് ആഹ്വാനം ചെയ്തുകൊണ്ടുമാണ് സമ്മേളനം അവസാനിച്ചത്.
ജീവൻ അവശേഷിക്കാത്ത ഭൂമി
ഗസ്സയിലെ ജീവിതാവസ്ഥ അത്രയേറെ ദാരുണവും വിവരണാതീതമാംവിധം ദുരിതപൂർണവുമാണ്. ദൈനംദിന ജീവിതമെന്നാല്‍ അവിടെയിപ്പോള്‍ വിശപ്പും നിരന്തരമായ ഭയവും മാത്രമുള്ളതാണ്. ഏകദേശം 70 ശതമാനം വീടുകളും വാസയോഗ്യമല്ലാതായിട്ടുണ്ട്. കുടുംബങ്ങൾ തണുത്ത രാത്രികളിൽനിന്നോ മഴയിൽനിന്നോ സംരക്ഷണമില്ലാതെ താൽക്കാലിക ഷെൽട്ടറുകളിലേക്കോ ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങളിലേക്കോ പോകാൻ നിർബന്ധിതരാകുന്നു. അതിജീവനമെന്നത്, എവിടെനിന്നെങ്കിലും ഒരു നേരത്തെ അല്പഭക്ഷണമെങ്കിലും കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കുട്ടികള്‍ക്കുപോലും ഭക്ഷണം എത്തിക്കുന്നതും വിതരണം ചെയ്യുന്നതും ഇസ്രായേല്‍ തടയുകയാണ്. ആഹാരത്തിന് പരക്കംപായുന്നവരെപ്പോലും വെടിവെച്ചിടുന്നു. ആരോഗ്യ സേവന സംവിധാനങ്ങളൊട്ടാകെ തകർന്നുപോയിരിക്കുന്നു. നിരന്തരമായ ബോംബിങ്ങില്‍ ഇനിയും പൂർണമായും തകര്‍ന്നിട്ടില്ലാത്ത ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ശുചിത്വം പാലിക്കാന്‍ കഴിയാതെയായ തിരക്കേറിയ ഷെൽട്ടറുകളിൽ രോഗങ്ങൾ പടരുന്നു. ഏറ്റവും ലളിതമായ മനുഷ്യാന്തസ്സ്-അഭയം, മരുന്ന്, ഭക്ഷണം-ഇല്ലാതാക്കുകയെന്ന അനീതിക്കുനേരെ ഒന്നും ചെയ്യാനാവാതെ മനുഷ്യസംസ്കൃതി പകച്ചുനില്‍ക്കുന്നു. ഇരുന്നൂറ്റി എഴുപതോളം മാധ്യമ പ്രവര്‍ത്തകരെയാണ് ഗസ്സയില്‍ ഇസ്രായേല്‍ കൊന്നുതള്ളിയിരിക്കുന്നത്.

വേണം ഒരു ഐക്യമുന്നണി
അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങള്‍, വംശഹത്യയെക്കുറിച്ചുള്ള കൺവെൻഷനുകൾ, ആഗോള യുദ്ധനിയമങ്ങള്‍ എന്നിവയെല്ലാം കാറ്റില്പറത്തിക്കൊണ്ട് ആധുനിക ചരിത്രത്തിലെ മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നായി ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊലചെയ്തും ലക്ഷക്കണക്കിനുപേരെ കുടിയിറക്കിയും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഗര്ഭിണികള്ക്കുംപോലും ഭക്ഷണവും മരുന്നും അഭയവും നിഷേധിച്ചും ഒരു സൈനികരാഷ്ട്രം കൊലവെറിയില്‍ ഉന്മാദംപൂണ്ടുനില്ക്കുന്നത് അത്തരം അതിക്രമങ്ങൾ തടയാൻ രൂപകൽപനചെയ്ത ആഗോള ചട്ടക്കൂടുകളോടുള്ള കടുത്ത അവഗണന കൂടിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ കൃത്യതകളും അവയുടെ നിർവഹണവും തമ്മിലുള്ള വിടവ് മുമ്പൊരിക്കലും ഇത്ര വ്യക്തമായി തുറന്നുകാട്ടപ്പെട്ടിട്ടില്ല.
യു.എൻ സുരക്ഷാ കൗൺസിലിൽ ആവർത്തിച്ചുള്ള വീറ്റോകളിലൂടെ കുറ്റവാളികളെ സംരക്ഷിക്കുന്ന സാമ്രാജ്യത്വം ആഗോള സംവിധാനങ്ങളുടെ വിശ്വാസ്യതയെ പൂർണമായും ഇല്ലാതാക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, സഹതാപവാക്കുകൾക്കപ്പുറം അന്താരാഷ്ട്ര ഐക്യദാർഢ്യം ഏകോപിതമായ രാഷ്ട്രീയ, നിയമ, സാമൂഹിക ഇടപെടലുകളിലേക്ക് നീങ്ങണമെന്ന കാര്യത്തില്‍ സംശയമില്ല. ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ, അറബ് രാഷ്ട്രങ്ങൾ, പടിഞ്ഞാറൻ രാജ്യങ്ങളിലെ പുരോഗമന ശബ്ദങ്ങൾ, സിവിൽ സമൂഹ നെറ്റ്വർക്കുകൾ, അന്തർദേശീയ ആക്ടിവിസ്റ്റ് സഖ്യങ്ങൾ എല്ലാംചേര്‍ന്ന് ഇസ്രായേലിന്റെ രക്തദാഹത്തിന് തടയിടാന്‍ ആവശ്യപ്പെടുന്ന ഒരു ഐക്യമുന്നണി രൂപപ്പെടുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര കോടതികളിൽ നിയമപരമായ വെല്ലുവിളികൾ കൂടുതല്‍ ശക്തമായി ഉയർത്തുക, പൊതുജനാഭിപ്രായം സമാഹരിക്കുക, ഈ അതിലംഘനങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന സർക്കാറുകൾക്കെതിരെ സമ്മർദം ചെലുത്തുക എന്നിവയും പുതിയ ഐക്യദാർഢ്യത്തിൽ ഉൾപ്പെടേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തിന്റെ നിരീക്ഷണത്തിലുള്ള ഒരു ജനതയെ വ്യവസ്ഥാപിതമായി നശിപ്പിക്കുന്നത് മാനവികതക്ക് ചെറുക്കാന്‍ കഴിയുന്നത് അത്തരം കൂട്ടായ നീക്കങ്ങളിലൂടെ മാത്രമായിരിക്കും.
sreekumartt@gmail.com