കെ.കെ.കൊച്ച്: സാംസ്കാരികതയെ മാറ്റിമറിച്ച സമഗ്രചിന്തകന്
text_fieldsപ്രശസ്ത സാമൂഹിക ചിന്തകനായിരുന്ന കെ.കെ.കൊച്ചിന്റെ വിയോഗം കേരളത്തിലെ ബൗദ്ധിക-രാഷ്ട്രീയ മണ്ഡലത്തിന് നികത്താനാവാത്ത നഷ്ടമാണ്. എണ്‍പതുകളുടെ മധ്യത്തിൽ പരിചയപ്പെട്ടതുമുതൽ പരസ്പര ബഹുമാനത്തിലും ബൗദ്ധിക സംവാദങ്ങളിലും അധിഷ്ഠിതമായി ഒരു വലിയ സൗഹൃദം വളർത്തിയെടുക്കാൻ കഴിഞ്ഞത് സഹോദരനിര്‍വിശേഷമായ സ്നേഹംചൊരിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എന്നതുകൊണ്ടായിരുന്നു. ഏറ്റവും പുതിയ പുസ്തകത്തില്‍പോലും അദ്ദേഹം എന്റെ ഒരു പ്രഭാഷണത്തില്‍നിന്ന് ഉദ്ധരിച്ചുകാണുകയും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹവുമായി എക്കാലത്തെയുംപോലെ ഞാന്‍ ആദരപൂർവം സംവദിക്കുകയും ചെയ്തിരുന്നു. കെ.കെ. കൊച്ച് എഴുതിയ സൈദ്ധാന്തിക വിയോജിപ്പ് തന്റെ പുസ്തകത്തില്‍ മുരളി കണ്ണമ്പള്ളി ചേര്‍ക്കുകയും പുസ്തകത്തെക്കുറിച്ച് കൊച്ചേട്ടനുമായി ഒരുമിച്ച് ഒരുവേദിയില്‍ അത് ചർച്ചചെയ്യാൻ അവസരമുണ്ടാവുകയും ചെയ്തതും ഈ അടുത്തകാലത്തായിരുന്നു.
ജാതി, വർഗം, ലിംഗരാഷ്ട്രീയം, ജനാധിപത്യം എന്നിവ സമഗ്രമാക്കിയ ഒരു വിചാരമാതൃകയിലൂടെ കേരളത്തിന്റെ സാമൂഹിക ചലനാത്മകത മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ രചനകളും സംവാദങ്ങളും സഹായിച്ചിട്ടുണ്ട്. 1990കളിലാണ് ഞങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വിനിമയങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഞാന്‍ ആ ദശകത്തിന്റെ ഒടുവില്‍ വിദേശത്തേക്ക് പോകുന്നതുവരെ ഊഷ്മളമായ സൗഹൃദവും ധൈഷണികബന്ധവും നേരിട്ടും ഫോണിലും നിരന്തരം പുലര്‍ത്തിപ്പോന്നിരുന്നു. അദ്ദേഹത്തിന്റെ അനുജനും രാഷ്ട്രീയ-സാംസ്കാരിക ചിന്തകനുമായ കെ.കെ.ബാബുരാജാണ് യഥാർഥത്തില്‍ എന്റെ സമകാലികന്‍. പക്ഷേ, അദ്ദേഹത്തെ എപ്പോഴും ‘എന്റെ സുഹൃത്ത് കെ.കെ.കൊച്ചിന്റെ അനുജന്’ എന്ന് ആദ്യം ഓർമയില്‍ വരുന്നത്ര ആഴത്തില്‍ കെ.കെ.കൊച്ച് എന്റെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട് എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല.
സമരോത്സുകനായ ദാര്ശനികന്
കേരളത്തിന്റെ പോസ്റ്റ്-ഗ്ലോബലൈസേഷന് കാലത്തെ സിവിൽ സമൂഹത്തെ രൂപപ്പെടുത്താൻ സഹായിച്ച ദലിത്, ലിംഗ, പരിസ്ഥിതി വീക്ഷണങ്ങളുടെ ആവിർഭാവത്തിന് കെ.കെ.കൊച്ച് നല്കിയ സമാന്തരങ്ങളില്ലാത്ത സംഭാവനകള്‍ തിരസ്കരിച്ചുകൊണ്ട് അക്കാലത്തെ ധൈഷണിക ചരിത്രത്തെക്കുറിച്ച് ചിന്തിക്കാനേ സാധ്യമല്ല. മാർക്സിസം, ദലിത് വിഷയങ്ങൾ, കേരളചരിത്രം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ, അരികുവത്കരിക്കപ്പെട്ടവരെ മുഖ്യധാരാ സംഭാഷണങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിലെ കമ്യൂണിസത്തിന് മായ്ച്ചുകളയാന്‍ സാധിക്കാത്ത സാംസ്കാരികാധിപത്യത്തിന്റെ മൂല്യങ്ങളെ അദ്ദേഹം തുറന്നുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്തു. ഒരേസമയം അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്ന മാര്‍ക്സിസവും അംബേദ്കറിസവുമാണ് അദ്ദേഹത്തെ ഇതിന് പ്രാപ്തനാക്കിയത്.
കൊച്ചിന്റെ സംഭാവനകൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അത് ആ ആശയങ്ങള്‍ക്ക് ചെലുത്താന്‍ കഴിഞ്ഞ സ്വാധീനത്തിന്റെകൂടി ഉദാഹരണമാണ്. പക്ഷേ, അപാരമായ സൈദ്ധാന്തികഗ്രാഹ്യവും തന്റെ വീക്ഷണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള കഴിവും അത്തരം സംവാദങ്ങളില്‍ അദ്ദേഹത്തിന് മേല്‍ക്കൈ നല്‍കിയിരുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, അടിസ്ഥാനപരമായ ചില ആശയങ്ങളില്‍ ഒരേ ദിശയിലായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ദലിതൻ’, ബുദ്ധിജീവി, ആക്ടിവിസ്റ്റ്, രാഷ്ട്രീയചിന്തകൻ എന്നീ നിലകളിൽ നടത്തിയ പോരാട്ടങ്ങളുടെ ശക്തവും തീക്ഷ്ണവുമായ വിവരണമാണ്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ വളർന്നുവന്ന ഒരു വലിയ വ്യക്തിത്വത്തിന്റെ, ബലിഷ്ടമായ ചിന്തയുടെ തീനാളങ്ങള്‍ ആ ആത്മകഥയില്‍ കാണാന്‍ കഴിയും. വ്യത്യസ്ത ഇടതുപക്ഷ പാര്‍ട്ടികളുമായുള്ള വിവിധ ജീവിതഘട്ടങ്ങളിലെ ഇടപെടലുകള്‍, അംബേദ്കറിസവുമായുള്ള ആത്യന്തിക സമന്വയം എന്നിവ ആത്മകഥയില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ ഒരേസമയം അകത്തും പുറത്തുമായിരിക്കുന്നതിന്റെ സങ്കീർണതകളിലേക്ക് അപൂർവമായ ഉള്‍ക്കാഴ്ചകള്‍ നല്കുന്ന പുസ്തകമാണത്. ആ ആത്മകഥ വ്യക്തിപരമായ ഓർമക്കുറിപ്പായും കേരളത്തിലെ ജാതി, വർഗം, സാമൂഹികനീതി എന്നിവയെക്കുറിച്ചുള്ള വ്യവഹാരത്തിന് അദ്ദേഹം സമ്മാനിച്ച സൂക്ഷ്മദര്ശിനിയായും നിലകൊള്ളുന്നു.
കൊച്ചിന്റെ രാഷ്ട്രീയ-ദാർശനിക സമീപനത്തിന്റെ കാതലായ ഘടകമാണ് അംബേദ്കറിസ്റ്റ് പരികൽപനയായ ബഹിഷ്കൃതത്വം. സൈദ്ധാന്തികമായ ഈ ഇടപെടലാണ് അദ്ദേഹത്തിന്റെ ബൗദ്ധികയാത്രയെ ആഴത്തിൽ രൂപപ്പെടുത്തിയത്. അംബേദ്കറുടെ ജാതിയെക്കുറിച്ചുള്ള വിമർശനവും അരികുവത്കരിക്കപ്പെട്ടവരുടെ വിമോചനത്തിനായുള്ള ആഹ്വാനവും ആഴത്തിൽ ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തില്‍ അഗാധമായ മാർക്സിസ്റ്റ് ആഭിമുഖ്യവും നിറഞ്ഞുനിന്നിരുന്നു. മാര്‍ക്സിസത്തെ വിമര്‍ശിക്കേണ്ടത് മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തില്ത്തന്നെയാണ് എന്ന ഉള്‍ക്കാഴ്ച അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ അന്യൂനമാക്കി. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂമികയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനത്തിലും ഒരു സ്വതന്ത്ര മാര്‍ക്സിസ്റ്റ്-ബഹിഷ്കൃത വീക്ഷണം സജീവമായി നിലനിന്നിരുന്നു. കൊച്ചിന്, ബഹിഷ്കൃത വീക്ഷണം അംബേദ്കറുടെ കൃതികളിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു സൈദ്ധാന്തിക ചട്ടക്കൂട് മാത്രമായിരുന്നില്ല, മറിച്ച് കേരളസമൂഹത്തിന്റെ പരിവർത്തനത്തിന് കേന്ദ്രബിന്ദുവായി അദ്ദേഹം കണ്ട ഒരു സൈദ്ധാന്തിക യാഥാർഥ്യമായിരുന്നു. ദലിതരുടെ സാമൂഹികമായ, സാമ്പത്തികമായ ഒഴിവാക്കലുകളെക്കുറിച്ചുമാത്രമല്ല, രാഷ്ട്രീയവ്യവഹാരങ്ങളും സാംസ്കാരിക രൂപവത്കരണങ്ങളും വ്യവസ്ഥാപിതമായി സമൂഹത്തിലെ മുഴുവൻ ബഹിഷ്കൃത വിഭാഗങ്ങളെയും നിശ്ശബ്ദരാക്കുകയും ഒഴിവാക്കുകയും ചെയ്ത ചരിത്രത്തെ ഒട്ടാകെത്തന്നെ സമഗ്രമായി വെല്ലുവിളിക്കുന്ന നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു.
നവരാഷ്ട്രീയത്തിന്റെ പ്രയോക്താവ്
കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ഏതൊരു വിമർശനത്തിന്റെയും കേന്ദ്രത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അനുഭവങ്ങൾ, പോരാട്ടങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ രചനകൾ നിരന്തരം ഉയര്‍ത്തിക്കൊണ്ടുവന്നു. ജാതിയുടെ പരിധിക്കപ്പുറം, വർഗത്തിന്റെയും ലിംഗത്തിന്റെയും മേഖലകളിലേക്ക് ബഹിഷ്കൃത വീക്ഷണത്തെ വ്യാപിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് കൊച്ചിനെ വ്യത്യസ്തനാക്കിയത്. അംബേദ്കറുടെ ആശങ്കകളെ മാർക്സിസത്തിന്റെ ആശങ്കകളുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞ ചുരുക്കം ചില ചിന്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ആശയങ്ങളും അവ ഉയര്‍ത്തുന്ന ആശങ്കകളും തമ്മിലുള്ള ബന്ധവും വിച്ഛേദങ്ങളും മനസ്സിലാക്കാനുള്ള സൂക്ഷ്മബോധം അദ്ദേഹത്തിനുണ്ടായിരുന്നു.
കെ.കെ.കൊച്ചിന്റെ അവസാന പുസ്തകത്തിന്റെ കവർ
ബഹിഷ്കൃതരുടെയും തൊഴിലാളി വർഗത്തിന്റെയും അടിച്ചമർത്തലിനെ മനസ്സിലാക്കാൻ കൂടുതൽ സമഗ്രമായ ഒരു ചട്ടക്കൂട് അദ്ദേഹം വിഭാവനംചെയ്തു. ജാതിയുടെയും വർഗത്തിന്റെയും പരസ്പരബന്ധത്തിൽ ഊന്നിയ അദ്ദേഹത്തിന്റെ ചരിത്രദര്‍ശനം സാമ്പ്രദായിക ചരിത്രസമീപനകളില്നിന്ന് ഉയരത്തില്‍നിന്നു. വർഗചൂഷണവും ജാതിവിവേചനവും പാർശ്വവത്കരിക്കപ്പെട്ടവരുടെ പോരാട്ടങ്ങളില്‍ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ഒരു സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു. മാര്‍ക്സിസത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നത് അതിലുള്ള അജ്ഞതകൊണ്ടായിരുന്നില്ല, മറിച്ച്, അവഗാഹംകൊണ്ടായിരുന്നു. കെ-റെയില്‍ സംവാദം ഉയര്‍ന്നുവന്നപ്പോള്‍ അതില്‍ സാമൂഹികമായ വർഗവിശകലനം അദ്ദേഹം മുന്നോട്ടുവെക്കുകയും ചര്‍ച്ചക്ക് പുതിയൊരു ദിശാബോധം നല്‍കുകയും ചെയ്തു. അദ്ദേഹത്തോട് കഠിനമായി വിയോജിക്കുമ്പോള്പോലും സത്യസന്ധമായ അന്വേഷണങ്ങള്‍ തമ്മിലുള്ള സംവാദമായിരുന്നു അദ്ദേഹം സാധ്യമാക്കിയത് എന്നത് വിസ്മരിക്കാനാവില്ല.
മാർക്സിസ്റ്റ് വ്യവഹാരത്തിൽ ജാതിയുടെയും പാർശ്വവത്കരണത്തിന്റെയും സങ്കീർണതകളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തെ കൊച്ച് നിശിതമായി വിമർശിച്ചു. പഴയ നേതൃത്വത്തിനുകീഴിൽ കേരള മാർക്സിസം പലപ്പോഴും ദലിതരുടെയും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും പോരാട്ടങ്ങളെ അവഗണിച്ചപ്പോൾ, കൊച്ചിന്റെ അംബേദ്കറിസ്റ്റ്-ബഹിഷ്കൃത വീക്ഷണം ഈ പരിമിതിയെ തിരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. വർഗസമരത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണയെ വെല്ലുവിളിക്കുന്നതിലും ജാതി അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലിനെതിരായ പോരാട്ടം ഉൾപ്പെടുത്തി അത് വികസിപ്പിക്കുന്നതിലും സാമൂഹികനീതിയുടെ പ്രശ്നത്തിന് പുതിയ രാഷ്ട്രീയരൂപം നല്‍കുന്നതിലും അദ്ദേഹത്തിന്റെ വിപ്ലവകരമായ രചനകൾക്കുള്ള പങ്ക് നിർണായകമായിരുന്നു. സ്വന്തം രചനകളിലൂടെയും ആക്ടിവിസത്തിലൂടെയും അദ്ദേഹം വികസിപ്പിച്ച ബഹിഷ്കൃത വീക്ഷണം പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങള്‍കൂടി ആഴത്തിൽ ഉൾച്ചേർന്നതാണ്. ചരിത്രപരമായി നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദങ്ങളെയും അനുഭവങ്ങളെയും മുന്നിൽനിർത്തി, കേരളത്തിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നതിൽ അഗാധമായ സ്വാധീനം അദ്ദേഹം ചെലുത്തിയിട്ടുണ്ട്. കൂടുതൽ നീതിയുക്തവും ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ സാമൂഹികജീവിതം ആഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ-ധൈഷണിക പാരമ്പര്യം തുടർന്നും പ്രചോദനപൂർണമായിരിക്കും എന്നുറപ്പാണ്.