മിസ് ക്വട്ടേഷനും സൂരി നമ്പൂതിരിപ്പാടും
text_fieldsതെറ്റായി ഉദ്ധരിക്കാമോ ഇല്ലയോ എന്ന കാര്യത്തിൽ മലയാളികൾ പല പക്ഷങ്ങളായി തിരിഞ്ഞ് തർക്കിക്കുകയും ഒരു തീരുമാനത്തിലെത്താൻ കഴിയാതെ തൽക്കാലത്തേക്ക് പിരിഞ്ഞുപോവുകയും ചെയ്തതാണ് ഈയിടെ സാംസ്കാരികരംഗത്തുണ്ടായ ഒരു പ്രധാന സംഭവം. ഫാൽകെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ മോഹൻലാൽ മഹാകവി കുമാരനാശാന്റെ ‘വീണപൂവി’ലെ വരികൾ എന്ന പേരിൽ ഉദ്ധരിച്ചത് തെറ്റിപ്പോയതായിരുന്നു തർക്കവിഷയം. അദ്ദേഹം പറഞ്ഞ വരികൾ എവിടെ നിന്നാണെന്ന് കണ്ടെത്താൻ പലരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല.
ലോകത്തെ പ്രശ്നങ്ങൾക്കെല്ലാം ഉടൻ പരിഹാരമുണ്ടാക്കുന്ന എ.ഐയെ തെറ്റുതിരുത്താൻ കൂട്ടുപിടിച്ചെങ്കിലും അത് കൂട്ടക്കുഴപ്പമുണ്ടാക്കി കഴിയുന്നത്ര വഴിതെറ്റിക്കുകയും ചെയ്തു. മോഹൻലാലായതുകൊണ്ട് വിവാദവ്യവസായത്തിൽ പതിവുപോലെ ജാതി, മത, രാഷ്ട്രീയ, വർഗ, വർണങ്ങളൊന്നും കലർന്ന് വഷളായില്ല. ജന്മനാ തർക്കികളായ മലയാളീസ് കുമാരനാശാന്റെ കാര്യത്തിൽ ഗർവാസീസ് ആശാനെപ്പോലെ ക്ഷമിച്ചുകളഞ്ഞു. മോഹൻ ലാലിന്റെ സോഴ്സ് കണ്ടെത്താൻ കുറെപ്പേരെങ്കിലും പഴയ കവിതാപുസ്തകങ്ങൾ മറിച്ചുനോക്കിയതാണ് ആകെയൊരു ഗുണം.
ഈ ഉദ്ധരണിയും ഉദ്ധരിക്കലും പണ്ടേ കുഴപ്പമാണ്, വിശേഷിച്ചും കവിത. അറിയാൻ വയ്യാത്ത കവിത വേണ്ടാത്തിടത്ത് ഉദ്ധരിക്കാൻ പോയി ആകെ കുഴച്ചുമറിച്ചാണ് ‘ഇന്ദുലേഖ’യിലെ സൂരി നമ്പൂതിരിപ്പാട് വെടക്കായത്. ഇന്ദുലേഖയെ തന്റെ കേമത്തം ബോധ്യപ്പെടുത്താൻ സൂരി നമ്പൂതിരിപ്പാട് ഒരു ശ്ലോകത്തിൽ നിർത്താതെ രണ്ടാമതൊന്നു കൂടി ചൊല്ലി പരിഹാസം വാങ്ങിക്കെട്ടുകയും ചെയ്തു. സി.വി. രാമൻപിള്ളയുടെ ‘ധർമരാജാ’യിൽ പകർത്തെഴുത്തുകാരനായ ഉമ്മിണിപ്പിള്ള രാജാവിന്റെ കവിതയിലെ ‘ജാരസംഗമഘോരദുരാചാര’ത്തെ ‘രാജസംഗമഘോര ദുരാചാര’മാക്കി പണി കളഞ്ഞിട്ടുമുണ്ട്.
ഓർത്തുനോക്കിയാൽ, മിസ് ക്വട്ടേഷൻ ഓർമക്ക് പറ്റുന്ന ഒരു പിശകുമാത്രമാണ്; മനുഷ്യസഹജം. അത്തരം പിശകുകൾ സൈക്കോളജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലൊന്നാണ് സ്രോതസ്സ് തെറ്റായിപ്പറയൽ. സോഴ്സ് മിസാട്രിബ്യൂഷൻ. സോഴ്സ് മോണിറ്ററിങ് എറർ എന്നും പറയും. മറ്റൊരാളിൽനിന്നോ മറ്റൊരിടത്തുനിന്നോ മനസ്സിലാക്കിയ കാര്യം ഓർമയിൽനിന്ന് പറയുമ്പോഴാണ് സ്രോതസ്സിനെപ്പറ്റിയുള്ള അവ്യക്തതകൊണ്ട് തെറ്റായിപ്പറഞ്ഞുപോകുന്നത്.
വസ്തുതപരമായ കാര്യങ്ങൾ പറയുമ്പോൾ മുമ്പുനേടിയ അറിവ് എവിടെ നിന്നായിരുന്നെന്ന് കൃത്യമായി ഓർക്കാൻ കഴിയാതെ പോകുന്നതിനെ സോഴ്സ് അമ്നീസിയ എന്നും പറയും. ഉത്തമവിശ്വാസത്തിൽ ഒരാൾ പറഞ്ഞു പിശകിപ്പോയത് മനസ്സിലാക്കാനുള്ള വിവേകം മറ്റു മനുഷ്യർക്കുള്ളതുകൊണ്ടാണ് മിസ് ക്വട്ടേഷന്റെ പേരിൽ ആരും ക്വട്ടേഷൻ കൊടുക്കാത്തത്. എന്നാൽ, മനഃപൂർവം മിസ്ക്വോട്ട് ചെയ്യുന്നവരും എന്നെ മിസ്ക്വോട്ട് ചെയ്തെന്ന് വെറുതേ പറയുന്നവരുമുണ്ട്. ഒരാൾ പറഞ്ഞതിലോ എഴുതിയതിലോ നിന്ന് അപ്പുറവും ഇപ്പുറവുമില്ലാതെ ഒരു ഭാഗം ഇളക്കിയെടുത്ത് വിവാദമുണ്ടാക്കുന്നവരാണ് ആദ്യവിഭാഗം. അർഥം വളച്ചൊടിക്കുന്ന വ്യാജ ഉദ്ധരണിക്കാർ. ഒരുതരം ഇൻഫോർമൽ ഫാലസി. അതുകേട്ട് കൂടെച്ചാടി ബഹളം വെക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരക്കാർ ധാരാളമുണ്ട്. പണി പാളിപ്പോയാൽ എന്നെ മിസ്ക്വോട്ട് ചെയ്തെന്നുപറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്ന രാഷ്ട്രീയനേതാക്കളാണ് രണ്ടാം വിഭാഗത്തിലെ ഭൂരിപക്ഷകക്ഷി. ഈ സൂത്രമറിയുന്ന നാട്ടുകാർ അതങ്ങ് ക്ഷമിക്കും.
ഇതൊക്കെയാണെങ്കിലും മിസ്ക്വട്ടേഷനുകൾക്ക് വെറും ഓർമപ്പിശകിനപ്പുറം മറ്റു ചില സവിശേഷതകളൊക്കെയുണ്ട്. ബ്രിട്ടീഷ് ലെക്സിക്കോഗ്രാഫറായ എലിസബത്ത് നോൾസ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്: ‘അവർ പറയാത്തതെന്തെല്ലാം: തെറ്റായ ഉദ്ധരണികളുടെ പുസ്തകം’ (വാട്ട് ദേ ഡിഡ്നോട്ട് സേ: എ ബുക്ക് ഓഫ് മിസ് ക്വട്ടേഷൻസ്). ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസാണ് 2006ൽ ഈ രസികൻ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. ആരും പറയാത്തതും എഴുതാത്തതുമായ കാര്യങ്ങൾ തെറ്റായി ഉദ്ധരിക്കുകയും പിന്നീടവ ആളുകളുടെ പൊതുഭാഷാപ്രയോഗത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ എലിസബത്ത് നോൾസ് അവതരിപ്പിക്കുന്നു,
വിശദാംശങ്ങളോടെ. നെപ്പോളിയന്റേതായി ഉദ്ധരിക്കപ്പെടാറുള്ള ഒരു വാക്യമുണ്ട്: ‘ഉറങ്ങുന്ന ഭീമനാണ് ചൈന. പക്ഷേ, അത് ഉണർന്നാൽ ലോകം വിറയ്ക്കും.’ നെപ്പോളിയൻ അങ്ങനെ പറഞ്ഞതായി ഒരു തെളിവും ഇതുവരെ കണ്ടെത്താൻ ഗവേഷകർക്കും ചരിത്രമെഴുത്തുകാർക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആ ഉദ്ധരണി പ്രചരിച്ചുപോരുന്നു.
ആർതർ കോനൻ ഡോയിലിന്റെ ഷെർലക് ഹോംസ് കഥകളിൽ ആ ഡിറ്റക്ടിവ് തന്റെ നിത്യസഹചാരിയായ ഡോക്ടർ വാട്സണോട് ‘എലിമെന്ററി, മൈ ഡിയർ വാട്സൺ’ എന്നുപറയുന്നതായി ഒരു വാക്യം വ്യാപകമായി ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, ഷെർലക് ഹോംസിനെ കഥാപാത്രമാക്കി ഡോയ്ൽ എഴുതിയ 56 ചെറുകഥകളിലും നാല് നോവലുകളിലും അങ്ങനെയൊരു വാക്യമില്ല. യഥാർഥത്തിൽ പി.ജി. വോഡ്ഹൗസിന്റെ ‘സ്മിത്ത്, ജേണലിസ്റ്റ്’ (Psmith, Journalist) എന്ന 1915ലെ നോവലിൽ പ്രത്യക്ഷപ്പെട്ട വാക്യമാണത്: ‘എലിമെന്ററി മൈ ഡിയർ വാട്സൺ, എലിമെന്ററി’.
നമ്മുടെ വി.കെ.എൻ അദ്ദേഹത്തിന്റെ ‘ഷെർലക് ഹോംസ്’ എന്ന ചെറുകഥയിൽ ഈ എലിമെന്ററിയെ ഒന്ന് കളിയാക്കിവിട്ടിട്ടുമുണ്ട്. ഷെർലക് ഹോംസിന്റെ അന്വേഷണചാതുരി വിവരിച്ച് വിരട്ടിയ സുഹൃത്തിനെ ആ മട്ടിൽ ‘ഡിഡക്ഷൻ’ നടത്തി തിരിച്ചുവിരട്ടുന്ന കഥയാണത്. വഴിയിലൂടെ പോകുന്ന സ്കൂളധ്യാപിക ഒരു എലിമെന്ററി സ്കൂൾ ടീച്ചറാണെന്ന് കഥയിലെ ഞാൻ കണ്ടെത്തുന്നു. ടീച്ചറുടെ ലക്ഷണങ്ങളിൽനിന്ന് തൊഴിൽ ഊഹിച്ചെടുത്തതുകണ്ട് വിരണ്ട സുഹൃത്തിനോട് ഞാൻ പറയുന്നു: ‘അവൾ എന്റെ ഭാര്യയാണ്, അമ്മാളുക്കുട്ടി.’
നിരന്തരം ആളുകൾ തെറ്റി ഉദ്ധരിക്കുന്ന വരികൾ പലതുണ്ട്. കോൾറിജിന്റെ പ്രശസ്ത കാവ്യമായ ‘ദ റൈം ഓഫ് ദ എൻഷ്യന്റ് മാരിനറി’ലെ ‘വാട്ടർ വാട്ടർ എവരിവെയർ നോർ എ േഡ്രാപ് ടു ഡ്രിങ്ക്’ (‘വെള്ളം വെള്ളം സർവത്ര തുള്ളികുടിക്കാനില്ല’) എഴുത്തിലും പറച്ചിലിലും ക്ലാസ് മുറിയിലുമൊക്കെ ‘നോട്ട് എ േഡ്രാപ് ടു ഡ്രിങ്ക്’ എന്നായി മാറാറുണ്ട്. ഗൂഗിൾ ചെയ്താൽ എ.ഐയും അതുതന്നെ പറയും.
ഷേക്സ്പിയറുടെ ‘ഓൾ ദാറ്റ് ഗ്ലിസ്റ്റേഴ്സ് ഈസ് നോട്ട് ഗോൾഡ്’ (മിന്നുന്നതെല്ലാം പൊന്നല്ല) ഉദ്ധരിച്ചുദ്ധരിച്ച് ‘ഗ്ലിറ്റേഴ്സാ’യിപ്പോയിട്ടുണ്ട്, രണ്ടിനും അർഥം ഒന്നുതന്നെയെങ്കിലും. ചങ്ങമ്പുഴയുടെ ‘കാനനച്ഛായയിലാടുമേയ്ക്കൽ’, ചിലർക്ക് ‘കാനനച്ചോലയിലാടുമേയ്ക്കലാ’വും. ഇതൊക്കെയാണെങ്കിലും ചില മിസ് ക്വട്ടേഷനുകൾ പിന്നീട് ശൈലികളായി ഭാഷയിലുറക്കും. ഷേക്സ്പിയറുടെ ‘കിങ് ജോൺ’ നാടകത്തിലെ നാലാമങ്കത്തിൽ ‘തനിത്തങ്കത്തിന് സ്വർണം പൂശുന്നതും ലില്ലിപ്പൂവിന് ചായം തേക്കുന്നതും മല്ലിപ്പൂവിന് സുഗന്ധം തളിക്കുന്നതും മഴവില്ലിന് മറ്റൊരു നിറം ചേർക്കുന്നതും മെഴുതിരിവെട്ടത്തിൽ ആകാശത്തിന് കണ്ണെഴുതുന്നതും’ തുടങ്ങിയ അധികപ്പറ്റുകളെപ്പറ്റി പറയുന്നുണ്ട്. ‘റ്റു ഗിൽഡ് റിഫൈൻഡ് ഗോൾഡ്, റ്റു പെയിന്റ് ദ ലിലി’ എന്ന ഷേക്സ്പിയർ ശൈലി ആളുകൾ പറഞ്ഞുപറഞ്ഞ് ‘ഗിൽഡ് ദ ലിലി’യായി മാറി. അതൊരു ശൈലിയായി ഉറയ്ക്കുകയും ചെയ്തു. ‘പൊന്നുങ്കുടത്തിനു പൊട്ടുവേണ്ടാ’ത്തതുപോലെ.
എങ്കിലും ഉദ്ധരണി തെറ്റാതിരുന്നാൽ (തെറ്റാതിരിക്കാൻവേണ്ടി എഴുതി വായിക്കുമ്പോഴെങ്കിലും) നല്ലത്. ഇല്ലെങ്കിൽ ശ്ലോകം മറന്നതുകൊണ്ട് അതെഴുതിക്കൊണ്ടുവരാൻ ആളെ വിടുകയും അയാൾ വരിമറന്ന് മറ്റൊന്നു പറഞ്ഞതിനാൽ ശ്ലോകം എഴുതിക്കൊടുക്കേണ്ടയാൾ സന്ദർഭവുമായി ഒരു ബന്ധവുമില്ലാത്ത വേറൊന്ന് എഴുതിക്കൊടുത്തത് വായിച്ച് കൂടുതൽ കുഴപ്പത്തിലാവുകയും ചെയ്ത സൂരി നമ്പൂതിരിപ്പാടിനെപ്പോലെയാവും.
മോഹൻലാൽ ഉദ്ധരിച്ച വരിയുടെ കർത്താവിനെ തേടി നടന്ന കാവ്യകുതുകികളെ നാട്ടിലെ കവികളുടെ മുഴുവൻ പേരും ഇല്ലാക്കവിതകളുടെ പേരുംപറഞ്ഞ് എ.ഐ പറ്റിച്ചതുപോലെയുമാവും. ബി.എ. ഇംഗ്ലീഷിന്റെ സിലബസിൽ അടുത്ത സമയത്ത് പാബ്ലോ നെരൂദ എഴുതാത്ത ഒരു കവിതയുടെ പേര് കേരളത്തിലെ ഒരു സർവകലാശാല നിർദേശിച്ചു. നിർദേശകനായ അധ്യാപകനെ പറ്റിച്ചത് ചാറ്റ് ജിപിടിയായിരുന്നു. ചാറ്റ് ജിപിടിയും മറ്റ് ചാറ്റ്ബോട്ടുകളും കവിതയെഴുതുമെങ്കിലും യഥാർഥ കവിതയുടെ കഴുത്തിൽ കത്തിവെക്കുമെന്നുംകൂടി ഓർക്കുന്നത് നല്ലതാണ്.


