അക്ഷരംകൊത്തികളുടെ അജ്ഞാതജീവിതം
text_fields
വായിച്ചുകൊണ്ടിരിക്കുന്നവരാരും, പൊതുവേ വായനയെ സാധ്യമാക്കുന്ന അക്ഷരങ്ങൾക്ക് ആ രൂപം നൽകിയ ഡിസൈനർമാരെയും അച്ചുകുത്തികളെയുംകുറിച്ച് ഓർക്കാറില്ല. ടൈംസ് റോമൻ, ഹെൽവെറ്റിക്ക,ഗ്രാമൺഡ്,ഇന്ദുലേഖ,രേവതി തുടങ്ങിയ പല പേരുകളിലുള്ള അച്ചു (ടൈപ്പ് ഫെയ്സ്)കളിൽ അച്ചടിച്ചവ സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും അവ രൂപകൽപന ചെയ്തവരെപ്പറ്റി സംസ്കാര ചരിത്രങ്ങളും കലാചരിത്രങ്ങളും അധികമൊന്നും സംസാരിക്കുകയും പതിവില്ല. നമ്മുടെ കണ്ണിൽ പണ്ടേ കൊത്തിപ്പതിഞ്ഞു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വായിച്ചുകൊണ്ടിരിക്കുന്നവരാരും, പൊതുവേ വായനയെ സാധ്യമാക്കുന്ന അക്ഷരങ്ങൾക്ക് ആ രൂപം നൽകിയ ഡിസൈനർമാരെയും അച്ചുകുത്തികളെയുംകുറിച്ച് ഓർക്കാറില്ല. ടൈംസ് റോമൻ, ഹെൽവെറ്റിക്ക,ഗ്രാമൺഡ്,ഇന്ദുലേഖ,രേവതി തുടങ്ങിയ പല പേരുകളിലുള്ള അച്ചു (ടൈപ്പ് ഫെയ്സ്)കളിൽ അച്ചടിച്ചവ സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും അവ രൂപകൽപന ചെയ്തവരെപ്പറ്റി സംസ്കാര ചരിത്രങ്ങളും കലാചരിത്രങ്ങളും അധികമൊന്നും സംസാരിക്കുകയും പതിവില്ല. നമ്മുടെ കണ്ണിൽ പണ്ടേ കൊത്തിപ്പതിഞ്ഞു നിൽക്കുന്ന എത്രയെങ്കിലും പുസ്തകത്തലക്കെട്ടുകളുടെയും പത്ര-മാസികാശീർഷകങ്ങളുടെയും ഉൽപന്നപ്പേരുകളുടെയും സിനിമാപോസ്റ്ററുകളുടെയും സ്രഷ്ടാക്കളുടെ കഥയും അതുതന്നെ. മനസ്സിൽ പതിഞ്ഞുറച്ച സിനിമാത്തലക്കെട്ടുകളുടെ ശിൽപികൾ പോസ്റ്ററിന്റെ മൂലയിലെ ഇനീഷ്യലോ ചുരുക്കപ്പേരോ മാത്രമായി നിൽക്കും; മറ്റു തലക്കെട്ടുകളിൽ അതിനും വഴിയില്ല. ഇത്രയും പറഞ്ഞുവന്നത് മറ്റൊന്നും കൊണ്ടല്ല, മലയാളത്തിലെ നാളിതുവരെയുള്ള പുസ്തക പ്രസിദ്ധീകരണ ശീലത്തിൽ പതിവില്ലാത്ത ഒരു അസാധാരണ പുസ്തകം കണ്ണിൽപ്പെട്ടതുകൊണ്ടാണ്.
അകാലത്തിൽ അന്തരിച്ച ഡിസൈനർ അനൂപ് രാമകൃഷ്ണൻ മലയാളത്തിലെ സിനിമാ പോസ്റ്ററുകളുടെയും ചലച്ചിത്ര ശീർഷകങ്ങളുടെയും രൂപകൽപനയെപ്പറ്റി രചിച്ച ‘ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിൽ-ഓ-ഗ്രാഫി’യാണ് ആ പുസ്തകം. സിനിമാപ്രേമികളുടെ മാത്രമല്ല ദൃശ്യബോധമുള്ളവരുടെയെല്ലാം കണ്ണിലും മനസ്സിലും ‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’, ‘മൈഡിയർ കുട്ടിച്ചാത്തൻ’, ‘പെരുന്തച്ചൻ’, ‘ദേവാസുരം’, ‘അങ്ങാടി’, ‘നിദ്ര’, ‘ഭൂതക്കണ്ണാടി’, ‘കിരീടം’ തുടങ്ങിയ അനേകം സിനിമകൾ പതിഞ്ഞുറച്ചത് അവയുടെ ചലച്ചിത്രാവിഷ്കാരരീതിയും കഥയും കൊണ്ടുമാത്രമല്ല, ആ തലക്കെട്ടുകൾ എഴുതിയിരുന്ന അക്ഷരശൈലിയുടെ സവിശേഷതകൊണ്ടുകൂടിയാണ്. അത്തരം ശീർഷകങ്ങളിലെ അക്ഷരങ്ങളുടെ വിശകലനത്തിലൂടെ സവിശേഷമായൊരു ദൃശ്യാവിഷ്കാരചരിത്രവും അക്ഷര രൂപകൽപനാചരിത്രവുമാണ് അനൂപ് രാമകൃഷ്ണൻ അവതരിപ്പിക്കുന്നത്. കമ്പ്യൂട്ടറിന്റെ വരവിനുമുമ്പുള്ള കാലത്തെ കൈകൊണ്ടുവരച്ചുണ്ടാക്കിയ പോസ്റ്ററുകളുടെയും കൈകൊണ്ടെഴുതിയ തലക്കെട്ടുകളുടെയും രൂപകൽപനാചരിത്രം ലോകസിനിമയുടെകൂടി പശ്ചാത്തലത്തിൽ വിവരിക്കുന്ന ഇംഗ്ലീഷിലുള്ള ഈ പുസ്തകം സിനിമാടൈറ്റിലുകളെഴുതിയ ഒട്ടേറെ മലയാളി കലാകാരന്മാരെ ചരിത്രത്തിലേക്കു വീണ്ടെടുക്കുകയും ചെയ്യുന്നു. പുസ്തക രചനയും ഡിസൈനും പൂർത്തിയാക്കിയ ശേഷമാണ് 2021ൽ അനൂപ് രാമകൃഷ്ണൻ അന്തരിച്ചത്.
‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന ഉചിതമായ തലക്കെട്ടിലുള്ള ആമുഖക്കുറിപ്പിൽ അനൂപ് എഴുതുന്നു: ‘പോസ്റ്ററുകളും ടൈറ്റിലുകളും ഒരു സിനിമയിലേക്കു കടക്കാനുള്ള കവാടങ്ങളാണ്. ആ കവാടത്തിലൂടെ നാം സിനിമയുടെ ഭവനത്തിലേക്കു പ്രവേശിക്കുന്നു. ഒരു സിനിമയുടെ പേരുകേൾക്കുമ്പോൾ മനസ്സിലേക്കുവരുന്ന വികാരങ്ങളെ അക്ഷരമാല മാത്രമുപയോഗിച്ച് ആവാഹിക്കുകയാണ് ഒരു ടൈറ്റിൽ ഡിസൈനറുടെ ലക്ഷ്യം. അക്ഷരങ്ങൾക്കും ഭാഷക്കും ഘടനയും വ്യക്തിത്വവും നൽകുന്ന ദൃശ്യസൃഷ്ടിയുടെ ഒരു രൂപമാണ് ഡിസൈൻ. ഒരു സിനിമയുടെ സ്വഭാവത്തിന്റെയും സ്വത്വത്തിന്റെയും രൂപാവിഷ്കാരം, ഒരാളുടെ കൈയക്ഷരമോ കൈയൊപ്പോപോലെ.’ ടൈപ്പോഗ്രഫിയും കാലിഗ്രഫി എന്ന ഹസ്തലിപിയുമുപയോഗിച്ച് സിനിമകളുടെ ബ്രാൻഡും ദൃശ്യസ്വത്വവും ഉറപ്പിച്ച എത്രയെങ്കിലും തലക്കെട്ടെഴുത്തുകാരും പോസ്റ്റർ ഡിസൈനർമാരും മലയാളത്തിൽ ഉണ്ടെങ്കിലും എത്രപേരെ നാം ഓർക്കുന്നു, അവർ മറ്റുമേഖലകളിൽ പ്രശസ്തരല്ലെങ്കിൽ. എസ്.എ. നായർ, വി.എം. ബാലൻ, പി.എൻ. മേനോൻ, ആർട്ടിസ്റ്റ് ഗോപാലൻ, പി.കെ. രാജൻ, വാസുപ്രദീപ്, നമ്പൂതിരി, സി.എൻ. കരുണാകരൻ, ഭരതൻ, ആർ.കെ. (രാധാകൃഷ്ണൻ), കിത്തോ, കുര്യൻ വർണശാല, നീതി കൊടുങ്ങല്ലൂർ, എസ്.എ. സലാം, ബാലൻ പാലാ, അമ്പിളി, എസ്. രാജേന്ദ്രൻ, ഷാജിയെം, രവിശങ്കർ, റോയ് പി. തോമസ്, ഗായത്രി അശോകൻ, സാബു കൊളോണിയ, ഭട്ടതിരി, ഗോപിദാസ്, രചന രാംദാസ് തുടങ്ങിയ ടൈറ്റിൽ ഡിസൈനർമാരുടെ ജീവിതത്തിലൂടെയും സൃഷ്ടികളിലൂടെയും കടന്നുപോകുന്ന ‘ടൈറ്റിൽ-ഓ-ഗ്രാഫി’ ശീർഷകങ്ങളിൽ എഴുതിയ മലയാള സിനിമാചരിത്രം കൂടിയാണ്.

അനൂപ് രാമകൃഷ്ണൻ
‘വിഗതകുമാരനി’ൽ തുടങ്ങുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ മുപ്പതു വർഷത്തിൽ ശീർഷക കലാകാരും പോസ്റ്റർ ഡിസൈനർമാരും അദൃശ്യരാണ്. അവർ ആരൊക്കെയാണെന്നു കണ്ടെത്താൻ പോലുമാവില്ല. കലാസംവിധായകന്റെ ചുമതലയായിരുന്നു അക്കാലത്ത് പോസ്റ്ററും ടൈറ്റിലും. മലയാള ലിപികളറിയാത്ത തമിഴ് ചിത്രകാരന്മാർ മലയാള സിനിമകൾക്ക് പോസ്റ്ററും തലക്കെട്ടും തയാറാക്കിയിരുന്ന അനാകർഷക കാലവുമായിരുന്നു അത്. ചെന്നൈയിൽ കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമയിലേക്ക് 1950കളുടെ തുടക്കത്തിൽ എസ്. അപ്പുക്കുട്ടൻ നായർ എന്ന എസ്.എ. നായർ എത്തിയതോടെ അക്ഷരവും രൂപവും മാറി. ‘ചെമ്മീൻ’ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറിലധികം മലയാള സിനിമകൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്ത എസ്.എ. നായരെപ്പറ്റി ഒരു ലിഖിതരേഖപോലും തനിക്കു കണ്ടെത്താനായില്ലെന്ന് ഗവേഷകനായ അനൂപ് രാമകൃഷ്ണൻ ഖേദിക്കുന്നുണ്ട്. വിക്കിപീഡിയയിലുമില്ല എസ്.എ. നായരെപ്പറ്റി ഒരു ലേഖനം. ചന്ദ്രിക സോപ്പിന്റെ ടൈറ്റിലും പരസ്യങ്ങളും സൃഷ്ടിക്കുകയും ‘ഉണ്ണിയാർച്ച’, ‘ഒതേനന്റെ മകൻ’, ‘ആരോമലുണ്ണി’, ‘തുമ്പോലാർച്ച’ തുടങ്ങിയ വടക്കൻപാട്ടു സിനിമകൾക്കും തലക്കെട്ടെഴുതുകയുംചെയ്ത വി.എം. ബാലനെ എത്രപേർക്കറിയാം. കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിലും ബാലൻ വരച്ചിട്ടുണ്ട്. സംവിധായകനായ പി.എൻ. മേനോനാണ് പി. ഭാസ്കരന്റെ ‘നായരുപിടിച്ച പുലിവാലിനും’ എം. കൃഷ്ണൻ നായരുടെ ‘കാവ്യമേള’ക്കും ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ക്കും എം.ടിയുടെ ‘വാരിക്കുഴിക്കു’മൊക്കെ തലക്കെട്ടെഴുതിയതെന്ന് എത്രപേർക്കറിയും. അടൂർ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായ’ത്തിനും എം.ടിയുടെ ‘മഞ്ഞി’നും കെ.ആർ. മോഹനന്റെ ‘അശ്വത്ഥാമാവി’നും തലക്കെട്ടെഴുതിയത് ചിത്രകാരനായ സി.എൻ. കരുണാകരൻ. സ്വന്തം ചിത്രങ്ങളായ ‘പ്രയാണം’, ‘ലോറി’, ‘ചാട്ട’, ‘നിദ്ര’, ‘വൈശാലി’, ‘അമരം’, ‘വെങ്കലം’, ‘പാഥേയം തുടങ്ങിയവക്കെല്ലാം പോസ്റ്ററും ടൈറ്റിലും തയാറാക്കിയത് സംവിധായകനായ ഭരതൻ തന്നെയായിരുന്നു. ‘രാജാവിന്റെ മകൻ’, ‘ഭൂതക്കണ്ണാടി’, ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘പട്ടണപ്രവേശം’, ‘കിരീടം’, ‘ഏയ് ഓട്ടോ’, ‘ചിത്രം’, ‘വടക്കുനോക്കിയന്ത്രം’, ‘ചിദംബരം’, ‘മതിലുകൾ’, ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ തുടങ്ങിയ ഒട്ടേറെ പ്രസിദ്ധ ശീർഷകങ്ങൾ ഗായത്രി അശോകന്റേതാണ്.
ഒരു ചലച്ചിത്രത്തിന്റെ പ്രമേയത്തെ പേരിലെ അക്ഷരവിന്യാസത്തിലൂടെ പ്രകാശിപ്പിക്കാൻ കഴിയുന്നതാണ് ടൈറ്റിൽ എഴുത്തുകാരന്റെ വിജയം. അക്ഷരങ്ങളിൽ കഥയെ ചിത്രരൂപമാക്കുന്ന അച്ചുവിദ്യ. അത്തരം രൂപകൽപനാ തന്ത്രങ്ങളെ ഈ പുസ്തകം വിശകലനം ചെയ്യുന്നു. ഒരു ടൈറ്റിലിൽ നാം കണ്ടുകഴിഞ്ഞ സിനിമയെ വീണ്ടും കാണിച്ചുതരുന്ന പഠനരീതിയും ഡിസൈനും ‘ടൈറ്റിലോഗ്രഫി’യെ ഒരു സിനിമാശാലപോലെ ഉത്സവാത്മകമാക്കി മാറ്റുന്നു. മലയാള ലിപികളിലേക്കും അച്ചടിക്കുശേഷമുള്ള വായനയെ സാധ്യമാക്കിയ അച്ചുകളുടെ നിർമാണത്തിന്റെ ചരിത്രത്തിലേക്കുംകൂടി അത് വായനക്കാരെ കൊണ്ടുപോകുന്നു. ഓരോ അക്ഷരവടിവിന്റെയും അജ്ഞാതചരിത്രം. ഒപ്പം രൂപകൽപനയുടെ അധികമാർക്കുമറിയാത്ത തത്ത്വങ്ങളും തലക്കെട്ടുകൾ ഉൾക്കൊള്ളുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന അർഥങ്ങളും ഈ പുസ്തകം വെളിപ്പെടുത്തുന്നു. പേരിലും അതിന്റെ അർഥത്തിലും മാത്രമല്ല അതെഴുതുന്ന അക്ഷരത്തിന്റെ രൂപത്തിലും ചിലതുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന ഈ ബഹുവർണ ‘ഡിസൈനർ ബുക്ക്’ സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.
●