വക്കം അബ്ദുൽ ഖാദർ: മറവിയുടെ അരനൂറ്റാണ്ട്
text_fieldsനാളെയിലേക്കു നോക്കിയ വിക്ഷുബ്ധമായ വാക്കായിരുന്ന വക്കം അബ്ദുൽ ഖാദർ ജീവിതത്തിൽനിന്നു മറഞ്ഞിട്ട് അരനൂറ്റാണ്ടുതികയുന്നു. മലയാളസാഹിത്യം വായിക്കുകയും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവരിൽത്തന്നെ ഇന്ന് അദ്ദേഹത്തെ അറിയുകയും ഓർക്കുകയും ചെയ്യുന്നവർ വളരെക്കുറച്ചേയുണ്ടാവുകയുള്ളൂ. എന്നാൽ, മലയാളത്തിലെ ആധുനിക നിരൂപണത്തിന്റെയും സാഹിത്യചിന്തയുടെയും തുടക്കമന്വേഷിച്ചുപോയാൽ നാമെത്തിച്ചേരുക വക്കം അബ്ദുൽ ഖാദറിലേക്കാവും. കുട്ടികൃഷ്ണ മാരാരും ജോസഫ് മുണ്ടശ്ശേരിയും ആദ്യപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച 1940കളിലാണ് അബ്ദുൽ ഖാദറിന്റെയും ആദ്യപുസ്തകങ്ങൾ പുറത്തുവന്നത്. എന്നാൽ, ഭാവിയുടെ ഭൂപടം വരച്ചുകൊണ്ടിരുന്ന കേസരി ബാലകൃഷ്ണപിള്ള വെട്ടിയ വഴിയിലാണ് അദ്ദേഹത്തെ ആത്മീയഗുരുവായി സ്വീകരിച്ചുകൊണ്ട് അബ്ദുൽ ഖാദർ സഞ്ചരിച്ചത്. തന്റെ കാലത്തെ സാഹിത്യചിന്തയുടെയും പാരമ്പര്യത്തിന്റെ പതിവുചുറ്റുവട്ടത്തിലും മാത്രം എന്നും സായാഹ്നസവാരിക്കിറങ്ങുന്ന ഒരാളായിരുന്നില്ല അബ്ദുൽ ഖാദർ. താൻ എഴുതിക്കൊണ്ടിരുന്ന കാലത്തെ വായനക്കാർക്ക് തിരിച്ചറിയാനും പൊരുത്തപ്പെടാനും കഴിയുമെന്നുറപ്പില്ലാത്ത ഭാവുകത്വസങ്കൽപങ്ങളെപ്പറ്റി പുതിയൊരു ഭാഷാശൈലിയിൽ സംസാരിച്ച വക്കം അബ്ദുൽ ഖാദറിനെ സുകുമാർ അഴീക്കോട് തന്റെ ‘മലയാള സാഹിത്യവിമർശന’ ചരിത്രത്തിൽ ഉൾപ്പെടുത്തിയത് ‘കാലവൈപരീത്യംമൂലം മങ്ങിപ്പോവുകയോ മണ്ണുമൂടിപ്പോവുകയോ ചെയ്ത പ്രവരപ്രതിഭകളു’ടെ കൂട്ടത്തിലാണ്.
തീക്ഷ്ണമായ ഉൽപതിഷ്ണുത്വം പൈതൃകമായി കിട്ടിയ വക്കം അബ്ദുൽ ഖാദറിന് തന്റെ കാലത്തിനപ്പുറത്തേക്ക് ചിന്തിക്കാനേ കഴിയുമായിരുന്നുള്ളൂ. കേരള നവോത്ഥാനനായകരിലൊരാളും സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവിയുടെ മകനാണ് അബ്ദുൽ ഖാദർ. 1912 മേയ് രണ്ടിനാണ് ജനനം. വക്കം എന്ന പ്രദേശത്തെ പ്രശസ്തരായ മൂന്ന് അബ്ദുൽ ഖാദർമാരിൽ ഒരാൾ. ബ്രിട്ടീഷുകാർ വധശിക്ഷ നൽകിയ ഐ.എൻ.എ സ്വാതന്ത്ര്യസമരഭടനായ വക്കം ഖാദറാണ് മൂന്നാമൻ. ഒരേ പേരുണ്ടാക്കുന്ന ആശയക്കുഴപ്പവും വക്കം അബ്ദുൽ ഖാദറിനുണ്ടായ വിസ്മൃതിയിൽ ഒരു പങ്കുവഹിച്ചിട്ടുണ്ടാവാം. പാശ്ചാത്യനിരൂപണത്തിലെയും തത്ത്വചിന്തയിലെയും ആശയങ്ങൾ സ്വാംശീകരിച്ച് പുതിയൊരു നിരൂപണത്തിന് തുടക്കമിടുകയായിരുന്നു 1940കളിൽ വക്കം അബ്ദുൽ ഖാദർ. ‘‘പാശ്ചാത്യ മനീഷികളുടെ ചിന്താചക്രവാളത്തിന്റെ പ്രകാശം ഇവിടെ പരത്താൻ ശ്രമിച്ച അബ്ദുൽ ഖാദർ ഇവിടത്തെ വിമർശനത്തിന്റെ സീമകളെ വിപുലീകരിച്ചു’’വെന്നാണ് സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടത്. 1942ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അബ്ദുൽ ഖാദർ എഴുതിയ യൂജിൻ ഒനീലിന്റെ ‘ബിയോൺഡ് ദ ഹൊസൈൺ’ എന്ന നാടകത്തെക്കുറിച്ചുള്ള പഠനമാണ് തന്നെ ലോകസാഹിത്യത്തിലേക്ക് ആകർഷിച്ചതെന്ന് ‘സാഹിത്യവാരഫല’ത്തിൽ എം. കൃഷ്ണൻ നായരും എഴുതിയിട്ടുണ്ട്. അബ്ദുൽ ഖാദറും കൃഷ്ണൻ നായരും ആത്മമിത്രങ്ങളുമായിരുന്നു.
കേസരി ബാലകൃഷ്ണപിള്ള
സാഹിത്യനിരൂപണത്തിൽ പരമ്പരാഗതരീതിയിൽനിന്ന് വ്യത്യസ്തമായ സൗന്ദര്യാത്മകമായ ഭാഷ സൃഷ്ടിച്ച ആദ്യനിരൂപകനാണ് വക്കം അബ്ദുൽ ഖാദർ. താൻ സവിശേഷശക്തി നൽകി വികസിപ്പിച്ചെടുത്ത തൂലികാചിത്രങ്ങളുടെ രചനയിൽ ആ വ്യക്തിഗതശൈലിയാണ് ഖാദർ പിന്തുടർന്നത്. പ്രൊഫൈൽ, കാരക്ടർ സ്കെച്ച് എന്നൊക്കെ ഇംഗ്ലീഷിൽ പറയുന്ന ജീവചരിത്രോപന്യാസങ്ങളാണ് തൂലികാചിത്രങ്ങൾ (പെൻ പിക്ചർ എന്നാണ് ഖാദർ അതിനെ വിശേഷിപ്പിച്ചത്). ഇ.വി. കൃഷ്ണപിള്ളയായിരിക്കണം മലയാളത്തിൽ തൂലികാചിത്രങ്ങൾക്കു തുടക്കംകുറിച്ചത്. ഹാസ്യാത്മകമായിരുന്നു ഇ.വി വരച്ചിട്ട വ്യക്തിചിത്രങ്ങൾ. അബ്ദുൽ ഖാദറിന്റെ കൈയിൽ അത് സാഹിത്യനിരൂപണവും ജീവചരിത്രവും വ്യക്തിത്വവിശകലനവും ഒത്തുചേരുന്ന സവിശേഷമായ എഴുത്തുരൂപമായി മാറി. ‘തൂലികാചിത്രങ്ങൾ’ (1945), ‘ചിത്രദർശിനി’ (1946), ‘ചിത്രമണ്ഡപം’ (1959) എന്നീ കൃതികളിൽ അതു തെളിഞ്ഞുകാണാം.
കേസരി ബാലകൃഷ്ണപിള്ളയെ 1940 കളുടെ മധ്യത്തിൽ അബ്ദുൽ ഖാദർ അവതരിപ്പിച്ചത് ഇങ്ങനെയാണ്: ‘‘എ. ബാലകൃഷ്ണപിള്ള ഇക്കാലത്തിനും കഴിഞ്ഞകാലത്തിനും ലഭിച്ച ഒരു ശകാരവർഷവും അവയുടെ നേർക്കുള്ള ഒരു പ്രതിഷേധപ്രകടനവുമാണ്. അദ്ദേഹം നിങ്ങളുടെ ‘ഇന്നു’കളെ തന്റെ ‘നാളെ’ എന്ന നാളിലേക്കു തട്ടിയെറിയുവാൻ ജനിച്ചു. നാടുകടത്തപ്പെട്ട ഒരു വിപ്ലവത്തെപ്പോലെ, ഒരു മൂലയിൽ അടിച്ചൊതുക്കപ്പെട്ട പ്രക്ഷോഭത്തെപ്പോലെ അദ്ദേഹം ജീവിക്കുന്നു.’’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യിൽ നോർവീജിയൻ നോവലിസ്റ്റായ ക്നുറ്റ് ഹാംസന്റെ ‘വിക്ടോറിയ’യുടെ ഛായയുണ്ടെന്ന് എം. കൃഷ്ണൻ നായർ ആരോപിച്ചപ്പോൾ അബ്ദുൽ ഖാദർ എഴുതി: ‘‘ബഷീറിന്റേതല്ലാത്തതായി അദ്ദേഹത്തിന്റെ ജീവിതത്തിൽ നിങ്ങൾ ഒന്നും കാണുകയില്ല. കാണുന്നുവെന്നു വാദിക്കുകയാണെങ്കിൽ ആ കാഴ്ച വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് മറുപടി പറഞ്ഞേതീരൂ. ബഷീർ അനുകരണക്കാരനാണെങ്കിൽ സൃഷ്ടിക്കുക എന്നതിന് അനുകരിക്കുക എന്ന് അർഥം മാറ്റിയെഴുതണം. അദ്ദേഹം അപഹരിക്കുന്നുവെന്നത് സത്യമാണ്. അവ നിങ്ങളുടെ ഹൃദയങ്ങളാണ്.’’
വൈക്കം മുഹമ്മദ് ബഷീർ
കേസരിയുടെ വഴിയിലും വെളിച്ചത്തിലും യാത്ര തുടങ്ങി 1940കളുടെ തുടക്കത്തിൽത്തന്നെ ആധുനികമായ കലാസാഹിത്യചിന്തകളുടെ പുതിയ വഴികൾ വെട്ടാൻ ശ്രമിക്കുകയായിരുന്നു അബ്ദുൽ ഖാദർ. പുതുമയെക്കുറിച്ചുള്ള അന്നത്തെ സ്വാതന്ത്ര്യപൂർവ തലമുറയുടെ തീക്ഷ്ണമായ അഭിലാഷം ആ എഴുത്തിൽ തുടിച്ചുനിന്നു. പാരമ്പര്യത്തിന്റെ ആവർത്തനത്തിൽനിന്ന് വിട്ടുമാറി ആധുനിക പാശ്ചാത്യ ചിന്തയിലെയും കലാദർശനത്തിലെയും ആശയങ്ങൾ സ്വീകരിച്ച് പുതിയൊരു സാഹിത്യദർശനം അദ്ദേഹം അവതരിപ്പിച്ചതിന്റെ ഫലമായിരുന്നു ‘വിചാരവേദി’ (1947), ‘വിമർശനവും വിമർശകന്മാരും’ (1947), ‘പുരോഗതിയും സാഹിത്യകലകളും’ (1948) തുടങ്ങിയ കൃതികൾ. 1963ൽ പ്രസിദ്ധീകരിച്ച ‘സാഹിതീദർശനം’ വരെ നീണ്ടു പുതുമക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രക്ഷോഭം. സാഹിത്യരൂപങ്ങൾ, അതുല്യനായ മനുഷ്യൻ, ഇസ്ലാമിലെ ചിന്താപ്രസ്ഥാനങ്ങൾ, തേജസ്വികൾ, പ്രതിഭാശാലികൾ, മഹാമനീഷികൾ, ആരു ജീവിക്കുന്നു, സ്വദേശാഭിമാനി തുടങ്ങിയ കൃതികൾ പിന്നെയുമുണ്ട്. 1976 ആഗസ്റ്റ് 23ന് അബ്ദുൽ ഖാദർ അന്തരിച്ചു.
ചരിത്രത്തിലെ അസാധാരണമായ ഒരു കടംവീട്ടലിനും വക്കം അബ്ദുൽ ഖാദർ സാക്ഷിയായിട്ടുണ്ട്. തിരുവിതാംകൂറിലെ രാജഭരണകൂടം കണ്ടുകെട്ടിയ പിതാവിന്റെ പത്രം സ്വദേശാഭിമാനിയുടെ പ്രസിന്റെ അവശിഷ്ടങ്ങൾ ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ജനാധിപത്യ സർക്കാർ തിരിച്ചുകൊടുത്തത് അബ്ദുൽ ഖാദറിന്റെ കൈകളിലേക്കാണ്. സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ളയെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് തിരുവിതാംകൂറിൽനിന്നു നാടുകടത്തിയത് 1910 സെപ്റ്റംബർ 26ന് ആയിരുന്നു. ബ്രിട്ടീഷുകാരനായ പൊലീസ് സൂപ്രണ്ട് എഫ്.എസ്.എസ്. ജോർജ്, ഇൻസ്പെക്ടർമാരായ ആർ. അച്യുതൻ പിള്ള, ബി. ഗോവിന്ദപ്പിള്ള, പിച്ചു അയ്യങ്കാർ എന്നിവരും ചില കോൺസ്റ്റബ്ൾമാരുമാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന സ്വദേശാഭിമാനി ഓഫിസിൽ നടപടി നടത്താൻ എത്തിയത്. പത്രാധിപരെ അറസ്റ്റ് ചെയ്ത പൊലീസ് പ്രസും അച്ചുകളും പിടിച്ചെടുത്തു. വക്കം മൗലവി ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത ആ പ്രസിൽ അച്ചടിച്ചാണ് 1905 ജനുവരി 19 തൊട്ട് സ്വദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നത്. ആലപ്പുഴയിലെ പിയേഴ്സ് ലെസ്ലി കമ്പനി വഴി ഇറക്കുമതിചെയ്ത ആ അച്ചടിയന്ത്രത്തിന്റെ അന്നത്തെ വില പന്ത്രണ്ടായിരം രൂപയായിരുന്നു.
എം. കൃഷ്ണൻ നായർ
കണ്ടുകെട്ടിയ പ്രസ് പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്ക് അച്ചടിജോലി ചെയ്യാനാണ് സർക്കാർ ഉപയോഗിച്ചത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവായപ്പോൾ വക്കം മൗലവിയുടെ അനന്തരവനായ പിൽക്കാലത്തെ തിരുവിതാംകൂർ ഹൈകോടതി ജഡ്ജി പി. ഹബീബ് മുഹമ്മദ് അന്നത്തെ ദിവാൻ മുഹമ്മദ് ഹബീബുല്ലയെക്കണ്ട് പ്രസും അച്ചുകളും തിരിച്ചുനൽകണമെന്ന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. വർഷങ്ങൾ കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രമായി ഐക്യകേരളം രൂപപ്പെടുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യത്തെ കേരള മന്ത്രിസഭ നിലവിൽ വരുകയുംചെയ്ത 1957ൽ വക്കം മൗലവിയുടെ കുടുംബം സ്വദേശാഭിമാനി പ്രസ് വീണ്ടുകിട്ടാൻ സർക്കാറിനെ സമീപിച്ചു. പ്രസ് തിരിച്ചുകൊടുക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പൂജപ്പുര സെൻട്രൽ ജയിലിലെ പ്രസുകളിൽ സ്വദേശാഭിമാനി പ്രസ് ഏതാണെന്നു തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ആകെ വിഷമിച്ച സർക്കാർ പ്രതീകാത്മകമായൊരു പ്രസ് തിരിച്ചുകൊടുക്കൽ നടത്താൻ തീരുമാനിച്ചു. 1958 ജനുവരി 26ന് തിരുവനന്തപുരത്തെ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽവെച്ച് മുഖ്യമന്ത്രി ഇ.എം.എസ് സ്വദേശാഭിമാനി പ്രസ് വക്കം മൗലവിയുടെ കുടുംബത്തിന് തിരിച്ചുകൊടുക്കുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടർന്ന് വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി പ്രസിന്റെയും ഉപകരണങ്ങളുടെയും പ്രതീകമായി ഒരു ചെറിയ പെട്ടി അച്ചുകളും ഒരു അധികാരപത്രവും അബ്ദുൽ ഖാദറിനു കൈമാറി. രണ്ടു സാഹിത്യനിരൂപകർക്കിടയിൽ നടന്ന അച്ചുകൈമാറ്റമായും അതിനെ കാണാം.