ബില്ലി ഗ്രഹാമിന്റെ മകനൊരു കത്ത്
text_fieldsവൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപിനുവേണ്ടി ഈസ്റ്റർ ദിന പ്രാർഥന നടത്തുന്ന ഫ്രാങ്ക്ലിൻ ഗ്രഹാം
പ്രിയപ്പെട്ട ഫ്രാങ്ക്ലിൻ ഗ്രഹാം,
1956ലെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി താങ്കളുടെ പിതാവ് ബില്ലി ഗ്രഹാം കേരളത്തിലെ കോട്ടയം സന്ദർശിച്ചപ്പോൾ, അദ്ദേഹത്തെ ശ്രവിക്കാൻ ഒത്തുകൂടിയ പതിനായിരക്കണക്കിന് മനുഷ്യരിലൊരാളുടെ മകനാണ് ഈ കത്തെഴുതുന്നയാൾ. പത്തനംതിട്ടയിൽ നിന്ന് എന്നെയും അമ്മയെയും കൂടെ കൊണ്ടുപോകാൻ എന്റെ പിതാവ് ആഗ്രഹിച്ചിരുന്നുവെങ്കിലും അവിടത്തെ തിരക്കിനെക്കുറിച്ചുള്ള ആശങ്കയാൽ അത് വേണ്ടെന്നുവെക്കുകയായിരുന്നു. എനിക്കന്ന് മൂന്ന് വയസ്സായിരുന്നു. 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കാണാനെത്തിയ ജനസാഗരത്തെ മാറ്റിനിർത്തിയാൽ, അത്രയേറെ ക്രൈസ്തവ വിശ്വാസികൾ ആ നഗരത്തിൽ ഒത്തുകൂടിയത് ഒരുപക്ഷേ താങ്കളുടെ പിതാവിന്റെ സന്ദർശന വേളയിലായിരിക്കും.
ബില്ലി ഗ്രഹാം എന്റെ പ്രിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ഞാൻ പിന്തുടർന്നു; എഴുത്തുകളും പുസ്തകങ്ങളും ശ്രദ്ധയോടെ വായിച്ചു. മാധ്യമപ്രവർത്തകൻ ഡേവിഡ് ഐക്മാൻ രചിച്ച ‘ഗ്രേറ്റ് സോൾസ്’ വാങ്ങിയപ്പോൾ, ഞാൻ ആദ്യം വായിച്ചത് താങ്കളുടെ പിതാവിനെക്കുറിച്ചുള്ള അധ്യായമായിരുന്നു. ബില്ലി ഗ്രഹാമിനെ കാണുന്നതിൽ നെഹ്റു വലിയ താൽപര്യം കാണിച്ചില്ലെന്നറിഞ്ഞ യൗവനകാലത്ത് എനിക്ക് അദ്ദേഹത്തോട് നീരസം തോന്നിയിരുന്നു. എങ്കിലും, നിശ്ചയിച്ച സമയത്തേക്കാൾ ഏറെ നീണ്ടുനിന്ന, അർഥവത്തായ ഒരു സംഭാഷണം അവർ തമ്മിലുണ്ടായി എന്നത് ചരിത്രം.
കുറച്ച് വർഷങ്ങൾക്കുമുമ്പ് എനിക്കും ഭാര്യക്കും അറ്റ്ലാന്റ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ, നോർത് കരോലൈനയിലെ ബില്ലി ഗ്രഹാം ലൈബ്രറിയിലേക്ക് യാത്ര ചെയ്യാമെന്ന ആതിഥേയ സുഹൃത്തിന്റെ നിർദേശം ഞാൻ സസന്തോഷം സ്വീകരിച്ചു. പച്ചപ്പും കുന്നുകളും നിറഞ്ഞ സുന്ദരമായ തെക്കൻ അമേരിക്കൻ ഗ്രാമപ്രദേശങ്ങളിലൂടെയായിരുന്നു ആ യാത്ര. ഹൈവേകളുടെ ഇരുവശങ്ങളിലും ഉയരമുള്ള പൈൻ മരങ്ങൾ, കൃത്യമായ ഇടവേളകളിൽ കാണുന്ന കൊച്ചു പട്ടണങ്ങൾ; ആ നാടിന്റെ സൗന്ദര്യം അപൂർവമായ സമാധാനം പകർന്നുതന്നു.
കോട്ടയം സന്ദർശിച്ച വേളയിൽ ബില്ലി ഗ്രഹാം ആനപ്പുറത്തേറിയപ്പോൾ
താങ്കളുടെ പിതാവിന്റെ ലളിതസുന്ദരമായ ഭവനം അദ്ദേഹത്തിന്റെ അച്ചടക്കത്തിലും വിശ്വാസത്തിലുമൂന്നിയ ജീവിതത്തെ പ്രതിഫലിപ്പിച്ചു. ലൈബ്രറിക്കുള്ളിലെ അന്തരീക്ഷം അങ്ങേയറ്റം ശാന്തവും പ്രാർഥനാസമാനവുമായിരുന്നു. സന്ദർശകർ നിശ്ശബ്ദരായി നടന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയും പ്രസംഗങ്ങൾ കേൾക്കുകയും ലോകമൊട്ടുക്കുള്ള ആയിരങ്ങളെ ആകർഷിച്ച സുവിശേഷ പ്രസംഗങ്ങളുടെ വിഡിയോകൾ കാണുകയും ചെയ്യുന്നുണ്ടായിരുന്നു. പൂക്കളും നടപ്പാതകളും ഒരു കുരിശും ഒക്കെയുള്ള ആ പരിസരം അങ്ങേയറ്റം മനോഹരമായി പരിപാലിക്കപ്പെട്ടിരിക്കുന്നു. ഒരു മ്യൂസിയം എന്നതിലുപരി ചിന്തകൾക്ക് ആഴം നൽകുന്ന ഒരു ഇടമായാണ് എനിക്കത് അനുഭവപ്പെട്ടത്.
അമേരിക്കൻ സന്ദർശനങ്ങളിൽ ഞാൻ ഏറ്റവും സന്തോഷപൂർവം ഓർക്കുന്നത് ഈ യാത്രയാണ്. പമ്പാ തീരത്ത് മാരാമൺ കൺവെൻഷനിൽ പ്രസംഗിക്കാനെത്തിയ താങ്കളുടെ സഹോദരി ആനി ഗ്രഹാം ലോട്ട്സ്, പിതാവിന്റേതെന്നുപറഞ്ഞ് കൈയിൽ കരുതിയിരുന്ന കട്ടികൂടിയ ബൈബിൾ ഇന്നും എന്റെ ഓർമയിലുണ്ട്. ആ ബൈബിൾ എന്നെ മറ്റൊരു നിമിഷം കൂടി ഓർമിപ്പിച്ചു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പം ദക്ഷിണാഫ്രിക്ക സന്ദർശിച്ചപ്പോൾ, മഹാത്മാഗാന്ധി ഒരു യുവ അഭിഭാഷകനായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ബൈബിൾ എടുത്തു വായിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. മത്തായിയുടെ സുവിശേഷത്തിലെ ‘ഗിരിപ്രഭാഷണ’ പേജാണ് ഞാൻ മറിച്ചുനോക്കിയത്. അത് എളിമയെക്കുറിച്ചും കരുണയെക്കുറിച്ചും ശത്രുക്കളോടുള്ള സ്നേഹത്തെക്കുറിച്ചും സമാധാനം ഉണ്ടാക്കുന്നവരുടെ അനുഗ്രഹത്തെക്കുറിച്ചും സംസാരിക്കുന്നു. തിന്മയെ നന്മകൊണ്ട് നേരിടാനും ക്ഷമിക്കാനും അധികാരത്തിലൂടെയല്ല, മറിച്ച് അനുകമ്പയിലൂടെ നീതിതേടാനും അത് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. അഹിംസാ സിദ്ധാന്തം രൂപപ്പെടുത്തുന്നതിനുള്ള ധാർമികശക്തി ആർജിക്കാൻ ഗാന്ധിജിക്ക് അത് ഏറെ സഹായിച്ചിരുന്നു. ആ വരികൾക്കരികിൽ അദ്ദേഹം കുറിച്ചിട്ട കുറിപ്പുകൾ, അവ ഗാന്ധിജിയെ എത്ര ആഴത്തിൽ സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നവയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, ഈസ്റ്റർ വേളയിൽ വൈറ്റ് ഹൗസിൽ വെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്നിൽ നിർത്തി താങ്കൾ നടത്തിയ പ്രാർഥന ഞാൻ ഞെട്ടലോടെ കണ്ടത്. ആ പ്രാർഥന ഹ്രസ്വമായിരുന്നു, എന്നാൽ പ്രസിഡന്റ് തികച്ചും അസ്വസ്ഥനായിരുന്നു; അദ്ദേഹത്തിന് കണ്ണുകൾ അടച്ചുപിടിക്കാൻ പോലും കഴിഞ്ഞില്ല. അധികാരത്തെക്കുറിച്ചും സംഘർഷങ്ങളെക്കുറിച്ചുമുള്ള ചിന്തകളാൽ അസ്വസ്ഥനായതുപോലെ അദ്ദേഹം ചുറ്റും നോക്കുന്നുണ്ടായിരുന്നു.
അങ്ങയെപ്പോലെ ഉന്നതനായ ഒരു സുവിശേഷകൻ, ഇറാനെതിരായും അവിടത്തെ ഭരണാധികാരികൾക്കെതിരായും ദശലക്ഷക്കണക്കിന് ആളുകൾ കേൾക്കെ പ്രാർഥനയിൽ ഇത്തരം പരുഷമായ വാക്കുകൾ ഉപയോഗിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇറാൻ യഹൂദരെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാദങ്ങൾ അവിടെ ആവർത്തിച്ചു. ആണവ ബോംബ് നിർമിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇറാന് അത് എപ്പോഴേ ചെയ്യാമായിരുന്നു. ഇന്ത്യയും പാകിസ്താനും വടക്കൻ കൊറിയയുമെല്ലാം ലോകം അറിയുന്നതിനുമുമ്പ് ആണവായുധങ്ങൾ വികസിപ്പിച്ച രാജ്യങ്ങളാണ്. പിന്നെ എന്തുകൊണ്ടാണ് ഇറാന് മാത്രം അതിനുള്ള ശേഷിയില്ലെന്ന് നിങ്ങൾ കരുതുന്നത്?
അമേരിക്കക്കും ഇസ്രായേലിനും എതിരെ ഇറാൻ കടുത്ത ഭാഷ ഉപയോഗിക്കുന്നു എന്നത് ശരിയാണ്. എന്നാൽ, വാക്കും പ്രവൃത്തിയും ഒന്നല്ല. താങ്കളുടെ പ്രാർഥനക്ക് തൊട്ടുപിന്നാലെ ഒരു നാഗരികതയെ തന്നെ സമ്പൂർണമായി തുടച്ചുനീക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപ് സംസാരിച്ചു. സൈനികരെ മാത്രമല്ല, സാധാരണക്കാരെയും കുട്ടികളെയും കവികളെയും പണ്ഡിതരെയും പുസ്തകങ്ങളെയും നൂറ്റാണ്ടുകളുടെ സംസ്കാരത്തെയുമാണ് അത് ഇല്ലാതാക്കുന്നത്. ഒരു ജനതയെ അടയാളപ്പെടുത്തുന്ന ഭാഷയും കലയും ഓർമകളും സ്വത്വവും ഇല്ലാതാക്കുക എന്നാണ് അതിനർഥം.
താങ്കൾ പ്രാർഥനയിൽ, ട്രംപിനെ ‘ദൈവം തിരഞ്ഞെടുത്ത ഉപകരണം’ എന്ന് വിശേഷിപ്പിച്ചു. എന്നാൽ ദൈവം സർവശക്തനാണ്. പ്രവർത്തിക്കാൻ ഒരു നേതാവിന്റേയോ സൈന്യത്തിന്റേയോ ആവശ്യമില്ലാത്ത സർവാധികാരി. ഒരു രാഷ്ട്രീയ നേതാവിനെ നാശത്തിന്റെ ദൈവിക ഉപകരണമായി അവതരിപ്പിക്കുന്നത് വിശ്വാസത്തെ രാഷ്ട്രീയമാക്കി തരംതാഴ്ത്തുന്നതിന് തുല്യമാണ്. ട്രംപും അദ്ദേഹത്തിന്റെ സഖ്യരാഷ്ട്ര നേതാവായ ബിന്യമിൻ നെതന്യാഹുവും നടത്തുന്ന അക്രമങ്ങൾ കാണാതെ, ഇതുവരെ സംഭവിക്കാത്ത ഒരു ഭീഷണിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് വേദനാജനകമാണ്.
ഡോണൾഡ് ട്രംപിന് തന്റെ ലക്ഷ്യങ്ങളൊന്നും പൂർണമായി നേടാനായില്ല. ഇറാൻ അതിജീവിക്കുന്നു; അവിടെ ഭരണമാറ്റമോ ജനകീയ പ്രക്ഷോഭമോ ഉണ്ടായില്ല. ട്രംപിന്റെ ഉപരോധങ്ങൾക്കോ ഭീഷണികൾക്കോ ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം തടയാനായില്ല. എണ്ണ വിൽക്കാൻ കഴിയാതിരുന്ന ഇറാന് ഇപ്പോൾ അതിന് കഴിയുന്നു, ഹുർമുസ് കടലിടുക്ക് ഇപ്പോൾ അവരുടെ നിയന്ത്രണത്തിലാണ്. അമേരിക്കയുടെ അജയ്യതയിൽ ഇപ്പോൾ ലോകത്തിന് പഴയതുപോലെ വിശ്വാസമില്ല. ട്രംപിന്റെ എടുത്തുചാട്ടം നാറ്റോ സഖ്യകക്ഷികളെ പോലും അകറ്റി. ചരിത്രത്തിൽ ഒരിക്കലും അമേരിക്ക ഇത്രയധികം ഒറ്റപ്പെട്ടിട്ടില്ല.
അമേരിക്ക ശരിക്കും ഗോലിയാത്തിനെതിരെയുള്ള ദാവീദിന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?
താങ്കളുടെ പിതാവിന് ഇറാനെക്കുറിച്ച് കൂടുതൽ അറിവുണ്ടായിരുന്നു. ആത്മകഥയായ ‘ജസ്റ്റ് ആസ് ഐ ആം’ എന്ന പുസ്തകത്തിൽ, തെഹ്റാൻ സന്ദർശിച്ചതിനെക്കുറിച്ചും പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കണ്ടുമുട്ടിയതിനെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. അവരുടെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാൻ തനിക്ക് അറിവില്ലെന്ന് അദ്ദേഹം വിനയപുരസ്സരം സമ്മതിച്ചു. പകരം, ധൈര്യത്തിലൂടെയും നയതന്ത്രത്തിലൂടെയും സ്വന്തം ജനതയെ രക്ഷിച്ച പേർഷ്യൻ രാജ്ഞിയായ എസ്തറിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം അവരോട് സൗമ്യമായി പെരുമാറി. മറ്റൊരു സംസ്കാരത്തോട് ഇടപഴകുമ്പോൾ കാണിക്കേണ്ട വിവേകത്തിന്റെയും സംയമനത്തിന്റെയും ഉദാഹരണമായിരുന്നു അത്. ഒരു വിദേശി മറ്റൊരു രാജ്യത്തെ വിധിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ആ വിനയം ഇന്ന് കാൺമാനില്ല.
ഫ്രാങ്ക്ലിൻ ഗ്രഹാം, സ്നേഹത്തിന്റെയും കരുണയുടെയും സമാധാനത്തിന്റെയും സുവിശേഷ പ്രഘോഷണമാണ് അങ്ങയുടെ ദൗത്യം. യുദ്ധത്തെ പിന്തുണക്കാനോ രാജ്യങ്ങളെ നശിപ്പിക്കുന്നതിനെ ന്യായീകരിക്കാനോ ഉള്ളതല്ല അത്. വിശ്വാസം ഒരു പാലമായിരിക്കണം, ആയുധമല്ല. ദയവായി സുവിശേഷം പ്രസംഗിക്കുക; നാഗരികതകളെ തുടച്ചുനീക്കാൻ ഭീഷണിപ്പെടുത്തുന്നവരെ ഒരു സാഹചര്യത്തിലും പിന്തുണക്കാതിരിക്കുക.
വിശ്വസ്തതയോടെ, എ.ജെ. ഫിലിപ്പ്


