അമീർ ഖുസ്രുവും നിലക്കാത്ത പ്രേമസംഗീതവും
text_fieldsഅമീർ ഖുസ്രുവും ഗുരുവായ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയും -1725ലെ പെയിന്റിങ്
മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യരുടെ മാസ്റ്റർപീസായ ‘പ്രേമസംഗീതം’ എന്ന കവിതയുടെ ആദ്യ വരികൾ പതിറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. എന്റെ തലമുറയിലുള്ളവർക്കും അതിനുശേഷം വന്ന പലർക്കും, ആ വരികൾ നമ്മളിൽ കുടികൊള്ളുന്ന ധാർമികതയുടെ ദിശാസൂചി പോലെ ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു.
‘‘ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ...’’ എന്ന അനശ്വരമായ വരികളോടെയാണ് ആ കവിത ആരംഭിക്കുന്നത്. ‘‘ലോകത്തിന് ജീവവായുവായ ഒരൊറ്റ മതമേയുള്ളൂ, അത് സ്നേഹമാണ്-അത് ഏതെങ്കിലും ഒരു വിശ്വാസത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല. പൂർണചന്ദ്രനിൽനിന്ന് ഒഴുകുന്ന നിലാവുപോലെ അത് പടരുന്നു’’എന്ന് വിശേഷിപ്പിക്കുന്ന ‘പ്രേമസംഗീതം’ രചിച്ച ഉള്ളൂർ കവി മാത്രമായിരുന്നില്ല; ഈ കവിത എഴുതുന്ന കാലത്ത് അദ്ദേഹം തിരുവിതാംകൂർ രാജഭരണത്തിൽ ചീഫ് സെക്രട്ടറിക്ക് തുല്യമായ ‘ദിവാൻ പേഷ്കാർ’ പദവി വഹിക്കുകയായിരുന്നു. അയിത്തം ഒരു സാമൂഹിക യാഥാർഥ്യവും ചട്ടവുമായിരുന്ന കാലത്ത് എല്ലാ ജാതിക്കാർക്കുമായി ക്ഷേത്രവാതിലുകൾ തുറന്നുകൊടുക്കാനുള്ള 1936ലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ കരട് തയാറാക്കിയതും ഉള്ളൂർ ആയിരുന്നു.
ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ഒന്നിക്കുമെന്ന മുന്നറിയിപ്പോടെ സി. കേശവൻ നടത്തിയ ഇടിമുഴക്കം പോലുള്ള കോഴഞ്ചേരി പ്രസംഗത്തിന് ശേഷമാണ് ഈ വിളംബരം വരുന്നത്. സി. കേശവന്റെ പ്രസംഗം ജാതിവ്യവസ്ഥയുടെ അടിത്തറ ഇളക്കിയപ്പോൾ, ഉള്ളൂരിന്റെ കരട് ആ പ്രകമ്പനത്തിന് ഭരണപരമായ രൂപം നൽകി.
സാമൂഹിക നീതി നടപ്പാക്കുന്നതിൽ നിർവഹിച്ച പങ്കിന്റെ പേരിൽ സ്വന്തം സമുദായം ഉള്ളൂരിനെ തള്ളിപ്പറഞ്ഞു. ഒരു ബ്രാഹ്മണന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയായി കരുതപ്പെടുന്ന ഭ്രഷ്ട് കൽപിക്കപ്പെട്ടു. ‘‘ഞാൻ ഇന്നലെ വരെ ഒരു ബ്രാഹ്മണനായിരുന്നു. ഇന്നു മുതൽ ഞാൻ ഒരു മനുഷ്യനാണ്’’ എന്നായിരുന്നു അതിനദ്ദേഹത്തിന്റെ മറുപടി. സത്യത്തിന്റെയും വിനയത്തിന്റെയും കരുത്തിനാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മുൻവിധികളെ മുറിച്ചുമാറ്റുന്ന ആ വാചകം ഇന്നും പ്രതിധ്വനിക്കുന്നുണ്ട്.
ഏതാനും വർഷങ്ങൾക്കുമുമ്പ്, പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ കായംകുളത്തെ ഒരു സ്കൂളിൽ ‘പ്രേമസംഗീതം’ പൂർണമായ കർണാടക സംഗീത ശൈലിയിൽ അവതരിപ്പിക്കുന്നത് കേൾക്കാൻ എനിക്ക് അവസരം ലഭിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരള നിയമസഭാ അംഗങ്ങൾക്ക് മുന്നിലാണ് അദ്ദേഹം ഇതാദ്യമായി അവതരിപ്പിച്ചത്. ശേഷം ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലുമായി 160ലധികം വേദികൾ പ്രേമസംഗീതത്താൽ ധന്യമായി.
കഴിഞ്ഞയാഴ്ച, അദ്ദേഹം ഈ അമൂല്യ നിധിയുമായി ഉത്തരേന്ത്യയിലെത്തി. ഹരിയാനയിലെ മാർത്തോമാ സഭയുടെ സെമിനാരിയായ ധർമ ജ്യോതി വിദ്യാപീഠത്തിലും, ഡൽഹിയിലെ രണ്ട് സ്കൂളുകളിലും അദ്ദേഹം ‘പ്രേമസംഗീതം’ അവതരിപ്പിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹ് ജില്ലയിലെ ഗുസ്ബെത്തിയിലുള്ള ദീപാലയ സ്കൂളിലായിരുന്നു ഉദ്ഘാടന പരിപാടി. ഓരോ വരികളും ആലപിക്കുന്നതിനുമുമ്പ്, ചെറിയ കഥകളും ഉദാഹരണങ്ങളും ചേർത്ത് ഞാൻ കുട്ടികൾക്ക് ഹിന്ദിയിൽ അതിന്റെ അർഥം വിശദീകരിച്ചു കൊടുത്തു. അവരുടെ തിളങ്ങുന്ന മുഖങ്ങളും, താളത്തിനൊത്ത ചലനങ്ങളും, കൈയടികളും തെളിയിച്ചത് ഭാഷക്കും ഭൂമിശാസ്ത്രത്തിനുമപ്പുറം സഞ്ചരിക്കാൻ കവിതക്ക് ഇന്നും കരുത്തുണ്ട് എന്നു തന്നെയാണ്. ആകാംക്ഷാഭരിതരായ ആ പുതുതലമുറയെ ഇന്ത്യൻ സംഗീതത്തിന് അടിത്തറയിട്ട, എന്നാൽ നാം പലപ്പോഴും മറവിക്ക് വിട്ടുകൊടുക്കുന്ന ഒരു മഹാപ്രതിഭയെ, അമീർ ഖുസ്രു (1253-1325)വിനെ പരിചയപ്പെടുത്താൻ ഞാൻ ആ അവസരം ഉപയോഗിച്ചു.
ഉള്ളൂർ എസ്. പരമേശ്വര അയ്യർ, ഡോ. മണക്കാല ഗോപാലകൃഷ്ണൻ
ഡൽഹിയിലെ സുൽത്താൻ ഭരണകാലത്ത്, ജീവിച്ചിരുന്ന ഇന്തോ-പേർഷ്യൻ സൂഫി സംഗീതജ്ഞനും കവിയും പണ്ഡിതനുമായിരുന്നു ഖുസ്രു. ഇന്ത്യൻ സംഗീതം ഹിന്ദുസ്ഥാനി എന്നും കർണാട്ടിക് എന്നും രണ്ട് ധാരകളായി തിരിയുന്നതിന് വളരെ മുമ്പുതന്നെ, പുതിയൊരു സംഗീത സ്വത്വത്തിന് രൂപം നൽകാനായി അദ്ദേഹം രൂപങ്ങളിലും ഭാഷകളിലും താളങ്ങളിലും പരീക്ഷണങ്ങൾ നടത്തിയിരുന്നു. പേർഷ്യൻ മിസ്റ്റിസിസത്തെ പ്രാദേശിക ആവിഷ്കാരങ്ങളുമായി സംയോജിപ്പിച്ച്, സൂഫി ഖവാലിയെ ചിട്ടപ്പെടുത്തി സംഗീത രൂപമായി അദ്ദേഹം അവതരിപ്പിച്ചു. പിന്നീട് ഹിന്ദിയും ഉർദുവും ആയി പരിണമിച്ച ‘ഹിന്ദവി’ ഭാഷയിൽ അദ്ദേഹം നിപുണനായിരുന്നു. പേർഷ്യൻ, ടർക്കിഷ്, പഞ്ചാബി ഭാഷകളിലെ അദ്ദേഹത്തിന്റെ പാണ്ഡിത്യം അതുല്യമായിരുന്നു, സംസ്കൃതവും അറിയാമായിരുന്നു.
ഇന്നത്തെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ ഒഴിവാക്കാനാവാത്ത സംഗീതോപകരണങ്ങളായ സിത്താറും തബലയും കണ്ടുപിടിച്ചത് അദ്ദേഹമാണ്. ഉർദു സാഹിത്യത്തിന്റെ പിതാവായും, ഇന്ത്യയുടെ തത്തയെന്നും ഇന്ത്യയുടെ ശബ്ദമായും വാഴ്ത്തപ്പെടുന്ന അമീർ ഖുസ്രുവിന്റെ ഗസലുകൾ, കടങ്കഥകൾ, ഖയാലുകൾ തുടങ്ങിയ സാഹിത്യ സംഭാവനകൾ ചരിത്രപരമായ മൂല്യമുള്ളവയാണ്. ‘‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ, അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ്’’ എന്ന കശ്മീരിനെക്കുറിച്ചുള്ള അനശ്വര വരികൾ സമ്മാനിച്ചതും ഖുസ്രുവാണ്.
ഈ പ്രതിഭക്കുപിന്നിൽ മഹാനായൊരു ആത്മീയാചാര്യൻ ഉണ്ടായിരുന്നു-ഖുസ്രുവിന്റെ കലയെ മാത്രമല്ല, അദ്ദേഹത്തിന്റെ ലോകവീക്ഷണം തന്നെ രൂപപ്പെടുത്തിയ ഉപഭൂഖണ്ഡത്തിലുടനീളം ആദരിക്കപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ. വിയോഗ ശേഷം ഖുസ്രു അന്ത്യവിശ്രമം കൊള്ളുന്നതും ഔലിയയുടെ ഖബറിടത്തിന് തൊട്ടരികിലായാണ്.
1325 ഒക്ടോബർ 17ന് വിടപറഞ്ഞ അമീർ ഖുസ്രുവിന്റെ 700ാം ചരമവാർഷികമാണിത്. എന്നിട്ടും, ഓർമപ്പെടുത്തലുകളോ സാംസ്കാരിക ആഘോഷങ്ങളോ ഇല്ലാതെ ആ ദിവസം കടന്നുപോയി. സ്വന്തം സംഗീത സ്വത്വത്തിന് അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്ന ഒരു സംസ്കാരം ആ ദിവസത്തെ വെറുമൊരു സാധാരണ ദിനമായി കണ്ട് വിസ്മരിച്ചു എന്നത് എത്ര വലിയ ദുരന്തമാണ്.
കർണാടക സംഗീതം വേദപാരമ്പര്യങ്ങളിൽനിന്നാണ് ഉത്ഭവിക്കുന്നതെങ്കിലും, പുരന്ദര ദാസന്റെ കൃതികളിലൂടെയാണ് അതിന് വ്യക്തമായ രൂപം ലഭിച്ചതെന്ന് ഞാൻ വിദ്യാർഥികളെ ഓർമിപ്പിച്ചു. അധ്യാപന രീതികളും കൃതികളും ചിട്ടപ്പെടുത്തിയതിനാൽ കർണാടക സംഗീതത്തിന്റെ പിതാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരടങ്ങുന്ന ത്രിത്വമാണ് പിന്നീട് അതിന്റെ സൗന്ദര്യം വർധിപ്പിച്ചത്. എന്നാൽ, അമീർ ഖുസ്രുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് പുരന്ദര ദാസൻ ജീവിച്ചിരുന്നത്. ഈ കാലഘട്ടം തന്നെ ഇന്ത്യൻ സംഗീതത്തിന്റെ പരിണാമത്തിൽ ഖുസ്രുവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പിന്നീട് ശാഖകളായി പിരിഞ്ഞ് പുഷ്പിച്ച പല പാരമ്പര്യങ്ങളുടെയും ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു.
അമീർ ഖുസ്രുവിനോട് ഇന്ത്യൻ സംഗീതത്തിനുള്ള കടപ്പാട് അളക്കാനാവാത്തതാണ്. ഒരുപക്ഷേ, സ്മരണക്ക് വലിയ ആഘോഷങ്ങൾ ആവശ്യമില്ലായിരിക്കാം. അദ്ദേഹം കണ്ടുപിടിച്ച ഉപകരണങ്ങളിലൂടെയും, രചിച്ച ഗാനങ്ങളിലൂടെയും, സ്മൃതികുടീരങ്ങളിലും സംഗീത സഭകളിലും മുഴങ്ങുന്ന ഖവാലികളിലൂടെയും, അദ്ദേഹം വിട്ടേച്ചുപോയ സമ്പന്നമായ ഭാഷാ പൈതൃകത്തിലൂടെയും ആ സ്മരണ ഇന്നും ജീവിക്കുന്നു.
‘‘ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ’’ എന്ന് ‘പ്രേമസംഗീതം’ നമ്മെ ഓർമിപ്പിക്കുന്നതുപോലെ, സംഗീതവും സ്നേഹത്തിന്റെ ഒരു സാർവത്രിക ഭാഷയാണെന്ന് ഖുസ്രുവിന്റെ ജീവിതവും കൃതികളും നമ്മെ ഓർമിപ്പിക്കുന്നു-അതിരുകൾക്കും ജാതികൾക്കും മതങ്ങൾക്കും നൂറ്റാണ്ടുകൾക്കും അതീതമായ ഒന്ന്.
ajphilip@gmail.com


