വോട്ടുവാങ്ങലിൽ എത്തിയ തെരഞ്ഞെടുപ്പ്
text_fieldsനിതീഷ് കുമാർ ക്ഷേമപദ്ധതി ഗുണഭോക്താക്കളായ വനിതകൾക്കൊപ്പം
ഇന്ത്യയിൽ രണ്ട് നൂറ്റാണ്ട്നീണ്ടുനിന്ന ബ്രിട്ടീഷ് അധീശത്വത്തിന് വഴിതുറന്ന നിർണായകമായ പോരാട്ടമായിരുന്നുവല്ലോ പ്ലാസി യുദ്ധം. നൂതനമായ വെടിക്കോപ്പുകൾ കൊണ്ടുമാത്രമല്ല അവരാ യുദ്ധം വിജയിച്ചത്; തോക്കുകളേക്കാൾ ശക്തിയായി പ്രവർത്തിച്ച ആയുധം കൈക്കൂലിയായിരുന്നു. സിറാജുദ്ദൗളയുടെ സൈനിക കമാൻഡറായിരുന്ന മിർ ജാഫറിനെ പണവും ബംഗാളിലെ സിംഹാസനവും വാഗ്ദാനം ചെയ്ത് വശത്താക്കുകയായിരുന്നു ബ്രിട്ടീഷുകാർ. മിർ ജാഫർ ഭരണാധികാരിയെ ഒറ്റിക്കൊടുത്തു. ഈ വഞ്ചനയോടെ, ഇന്ത്യയുടെ വിധി രണ്ടു നൂറ്റാണ്ടുകൾക്കായി മുദ്രവെക്കപ്പെട്ടു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ റോബർട്ട് ക്ലൈവ് അവിടത്തെ അതിസമ്പന്നരിൽ ഒരാളായി മാറി. ഇന്ത്യയിൽനിന്ന് സമ്പത്ത് നേടിയ ആ വെള്ളക്കാരെ ‘നവാബ്’ എന്ന ഇന്ത്യൻ വാക്കിൽനിന്ന് ഉടലെടുത്ത ‘നബോബ്’ (Nabobs) എന്ന പേരിലാണ് പരിഹസിച്ചിരുന്നത്.
മറ്റൊരു പ്രസിദ്ധ യുദ്ധത്തിൽ, രാജാവിന്റെ സഹോദരനെയാണ് സിംഹാസനം വാഗ്ദാനം ചെയ്ത് കൂറുമാറ്റിയത്. അയാൾ നൽകിയ രഹസ്യവിവരം രാജാവിന്റെ തോൽവി ഉറപ്പാക്കി. ‘പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്’ എന്ന പ്രശസ്തമായ ചൊല്ലിനൊപ്പം ‘ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലും’ എന്നുകൂടി ചേർത്തുപറയാവുന്ന സാഹചര്യമാണിന്ന്.
നിറം മങ്ങുന്ന ജനാധിപത്യ ഉത്സവം
ഒരു കാലത്ത്, ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കിയിരുന്നു. പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച ഈ രാജ്യത്ത് നിരക്ഷരതയും ദാരിദ്ര്യവും വ്യാപകമായിരുന്നെങ്കിലും, ഓരോ അഞ്ചു വർഷത്തിലും ആളുകൾ സമാധാനപരമായി വോട്ടുചെയ്ത് പുതിയ സർക്കാറിനെ തെരഞ്ഞെടുത്തിരുന്നു. ജനാധിപത്യത്തിന്റെ ഉത്സവമെന്നായിരുന്നു തെരഞ്ഞെടുപ്പുകളുടെ വിളിപ്പേര്. എന്നാൽ, ഇന്നതങ്ങനെയല്ലെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബിഹാറിലെ തെരഞ്ഞെടുപ്പ് സാക്ഷ്യം പറയുന്നു. ഏപ്രിൽ അവസാനം നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലേക്ക് കുതിച്ചെത്തി. ഇരകളെ കാണാനല്ല, ഒരു റാലിയെ അഭിസംബോധന ചെയ്യാൻ. അവിടെ അദ്ദേഹം പ്രഖ്യാപിച്ചത് ‘പാകിസ്താന് ഉചിതമായ മറുപടി’ നൽകേണ്ടത് ബിഹാറിലെ വോട്ടർമാരാണെന്നാണ്. ‘ബിഹാറിലെ വോട്ടുകൾ എണ്ണുമ്പോൾ, ഭീകരർക്ക് ഉചിതമായ മറുപടി ലഭിക്കട്ടെ’- അദ്ദേഹം അലറി.
എന്നിരിക്കിലും, നമ്മൾ ആലോചിക്കേണ്ടതുണ്ട്: ബി.ജെ.പിയുടെ നേതൃത്വത്തിലെ അഞ്ചു പാർട്ടികളുടെ ഭരണസഖ്യത്തിന് എങ്ങനെയാണ് 243ൽ 202 സീറ്റുകൾ ലഭിച്ചത്? കൂടുതൽ കൃത്യമായി പറഞ്ഞാൽ, അവർക്ക് എങ്ങനെയാണ് 41 സീറ്റുകൾ നഷ്ടമായത്?
വോട്ടർ പട്ടികയുടെ അതിതീവ്ര പരിഷ്കരണത്തോടെയായിരുന്നു ഈ തെരഞ്ഞെടുപ്പ് നാടകത്തിന്റെ അരങ്ങൊരുക്കം. 2024ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കുന്നതിനുപകരം, തെരഞ്ഞെടുപ്പ് കമീഷൻ 2003ലെ പട്ടികയിലേക്ക് മടങ്ങി. ഏഴ് ദശലക്ഷത്തോളം വോട്ടർമാരെ ഒഴിവാക്കി. ഏകദേശം നാലുലക്ഷം പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഈ പ്രക്രിയ ഒട്ടനവധി ചോദ്യങ്ങൾ സൃഷ്ടിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുത്തുന്നതിന്, പുത്തൻ ക്ഷേമപദ്ധതികളെല്ലാം പ്രഖ്യാപിച്ചുതീരാൻ തെരഞ്ഞെുപ്പ് കമീഷൻ കാത്തിരുന്നു. അതിനുശേഷമായിരുന്നു ഏറ്റവും നാടകീയമായ നീക്കം. 1.1 കോടി സ്ത്രീകൾക്ക് വ്യവസായങ്ങളോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് 10,000 മുതൽ രണ്ടുലക്ഷം രൂപ വരെ നൽകുന്ന ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ സെപ്റ്റംബർ 26ന്, പ്രധാനമന്ത്രി ന്യൂഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.
ചുവപ്പുനാടക്ക് കുപ്രസിദ്ധമാണ് ഇന്ത്യയിലെ സർക്കാറുകൾ-ചട്ടങ്ങളും ഫയലുകളും നടപടിക്രമങ്ങളും ഒച്ചിഴയും വേഗത്തിൽ നീങ്ങുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾപോലും കുടുങ്ങിക്കിടക്കും. എന്നാൽ ഇക്കുറി, സെർജി ഐസൻസ്റ്റീന്റെ ‘ബാറ്റിൽഷിപ് പോട്ടെംകിൻ’ സിനിമയിലെ, തടഞ്ഞുനിർത്താനാവാത്ത വേഗതയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രതീകമായ, വിമത കപ്പലിനെ അനുസ്മരിപ്പിക്കുംവിധം സർവസംവിധാനങ്ങളും അതിവേഗതയിൽ പ്രവർത്തിച്ചു. മോദി തന്റെ അടുത്ത വിദേശ സന്ദർശനം നടത്തുന്നതിനുമുമ്പായി 21 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 10,000 രൂപ വീതം എത്തി. ഇത് ആദ്യ ഗഡു മാത്രമാണെന്നും കൂടുതൽ വരാനിരിക്കുന്നുവെന്ന വാഗ്ദാനവുമുണ്ടായി. അപ്പോഴേക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു, മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിലായിരുന്നു. എന്നിട്ടും, പണം കൈമാറ്റം ചെയ്ത ഈ വമ്പൻ അവസാന നിമിഷ നീക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷന് തെറ്റൊന്നും തോന്നിയില്ല.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ 10,000 രൂപ എന്നത് ഒരു ചെറിയ തുകയല്ല. ഭൂരിഭാഗം സ്ത്രീകൾക്കും ലഭിച്ച ഈ ആനുകൂല്യം സർക്കാർ മാറിയാൽ നഷ്ടപ്പെട്ടേക്കുമോയെന്ന് ജനങ്ങൾ ഭയപ്പെട്ടത് സ്വാഭാവികമാണ്. അവർ പോളിങ് ബൂത്തുകളിലേക്ക് കുതിക്കുകയും ഏകദേശം 80 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തുകയും ചെയ്തതിൽ അതിശയിക്കാനുണ്ടോ?
സൗജന്യങ്ങളും ജനാധിപത്യത്തിന്റെ ഭാവിയും
അതുകൊണ്ടവസാനിച്ചില്ല നിതീഷ് സർക്കാറിന്റെ അത്യുദാരത: 125 യൂനിറ്റിന് താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഏകദേശം രണ്ടുകോടി കുടുംബങ്ങളെ വൈദ്യുതി ബിൽ അടക്കുന്നതിൽനിന്ന് ഒഴിവാക്കി. 1.1 കോടിയിലധികം ആളുകൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ 1,100 രൂപയാക്കി വർധിപ്പിച്ചു. തൊഴിൽരഹിതർക്കെല്ലാവർക്കും രണ്ടു വർഷത്തേക്ക് പ്രതിമാസം 1,000 രൂപ വീതം വേതനം ലഭ്യമാക്കി. ചുരുക്കിപ്പറഞ്ഞാൽ, അവസാന നിമിഷത്തെ ആനുകൂല്യ പ്രഖ്യാപനത്തിന്റെ പരിധിയിൽ വരാത്ത ഒരാളുമുണ്ടായിരുന്നില്ല ബിഹാറിൽ. അത്തരമൊരു സർക്കാറിനെ അധികാരത്തിൽ നിലനിർത്തുകയെന്നതിൽ ജനങ്ങൾക്ക് സ്വാർഥ താൽപര്യമുണ്ടായിരുന്നു.
മോദിയും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും ഇത് വികസനത്തിനു ലഭിച്ച അംഗീകാരമാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ചെറിയൊരു കാലയളവ് ഒഴികെ, കഴിഞ്ഞ 20 വർഷമായി ബിഹാർ ഭരിക്കുന്നത് എൻ.ഡി.എ ഭരണകൂടമാണ്. ഈ കാലയളവിലും, ഇന്ത്യയിലെ അതിപിന്നാക്ക സംസ്ഥാനമെന്ന അവസ്ഥ മാറ്റിയെടുക്കാൻ അവർക്കായിട്ടില്ല. സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം, ശിശുമരണനിരക്ക്, മാതൃമരണനിരക്ക്-എന്നിങ്ങനെ ഏതാണ്ട് എല്ലാ സൂചികകളിലും ഏറ്റവും താഴെയാണ് ഈ നാട്. 2024 ജൂലൈയിൽ, നിർമാണത്തിലിരുന്ന 12 പാലങ്ങളാണ് വെറും 17 ദിവസങ്ങൾക്കിടെ തകർന്നുവീണത്-ഞെട്ടിക്കുന്ന അഴിമതിയുടെ സൂചന. എന്നിട്ടും ഭരണസഖ്യം തെരഞ്ഞെടുപ്പിൽ 202 സീറ്റുകളുമായി വിജയം കണ്ടു. പണത്തിനുമീതെ പരുന്തും പറക്കില്ല എന്ന ചൊല്ലിന് കൃത്യമായ ഉദാഹരണം.
ബിഹാർ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു പുതുപ്രതിഭാസമാണ് അടയാളപ്പെടുത്തുന്നത്: പണം കൈമാറ്റം ചെയ്തുള്ള പരസ്യമായ വോട്ടുവാങ്ങൽ. പ്രശാന്ത് കിഷോർ നയിക്കുന്ന ജൻസുരാജ് പാർട്ടി ആരോപിക്കുന്നത്, സ്ത്രീകൾക്കായി പ്രഖ്യാപിച്ച പദ്ധതി പ്രകാരം പണം നൽകാൻ ബിഹാർ സർക്കാർ ലോകബാങ്കിൽനിന്ന് ലഭിച്ച 14,000 കോടി രൂപ വഴിതിരിച്ചുവിട്ടുവെന്നാണ്. അതു ശരിയാണെങ്കിൽ, അന്താരാഷ്ട്ര പണം ഉപയോഗപ്പെടുത്തി വിജയിച്ച ആദ്യ തെരഞ്ഞെടുപ്പിനാണ് ഇന്ത്യ ഇപ്പോൾ സാക്ഷ്യം വഹിച്ചത്.
ജനാധിപത്യത്തിന്റെ ആത്മാവ് അപകടത്തിൽ
‘പ്രിയപ്പെട്ട ബ്രൂട്ടസ്, പിഴച്ചത് നമ്മുടെ നക്ഷത്രങ്ങൾക്കല്ല, നമുക്ക് തന്നെയാണ്’ എന്ന് ഷേക്സ്പിയറുടെ ജൂലിയസ് സീസർ ഓർമിപ്പിക്കുന്നതുപോലെ ജനാധിപത്യം എന്തായി മാറുന്നു എന്ന് ചിന്തിക്കാൻ ബിഹാർ തെരഞ്ഞെടുപ്പ് ഓരോ ഇന്ത്യക്കാരെയും പ്രേരിപ്പിക്കുന്നു. വോട്ടർമാർ ഗുണഭോക്താക്കളായും തെരഞ്ഞെടുപ്പുകൾ ലേലംവിളിയുമായി മാറുമ്പോൾ, അപകടത്തിലാവുന്നത് ജനാധിപത്യത്തിന്റെ ആത്മാവ് തന്നെയാണ്.
2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ രാഷ്ട്രീയ സന്ദേശം കൊണ്ടല്ല, മറിച്ച് അത് സ്ഥാപിച്ച അപകടകരമായ കീഴ്വഴക്കം കൊണ്ടായിരിക്കും ഓർമിക്കപ്പെടുക. പണംകൊണ്ട് ഉത്തേജിതമായ വോട്ടിങ് വികസനമല്ല. അത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന്റെ സാവധാനത്തിലുള്ള ശോഷണമാണ്. ഈ പ്രവണത തുടർന്നാൽ, ആശയങ്ങളോ പ്രവർത്തന മികവോ അല്ല ബാങ്ക് ട്രാൻസ്ഫറുകളായിരിക്കും ഇന്ത്യയിലെ ഭാവി തെരഞ്ഞെടുപ്പുകളിലെ വിജയിയെ തീരുമാനിക്കുക. അളക്കാനാവാത്ത കൊടിയ ദുരന്തമായിരിക്കുമത്.
ajphilip@gmail.com


