ഹിജാബ്: കാർസിൽനിന്ന് കേരളത്തിലേക്ക്
text_fields2006ൽ ഓർഹൻ പാമുക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ വേളയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ നോവലായ ‘സ്നോ’ വായിച്ചത്. മഞ്ഞുമൂടിയ, ശോകമൂകമായ കാർസ് പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ്, ഏകാന്തതയും രാഷ്ട്രീയവും വിശ്വാസവും ആധുനികതയും തമ്മിലെ സംഘട്ടനം ചർച്ച ചെയ്യുന്ന ഈ നോവൽ രൂപപ്പെടുന്നത്. ഇന്നും മനസ്സിൽ അതിശക്തമായി തങ്ങിനിൽക്കുന്നത്, നിരവധി യുവതികൾ ദുരൂഹമായി ആത്മഹത്യ ചെയ്യുന്ന ഒരു സ്ഥാപനത്തെക്കുറിച്ചുള്ള വിവരണമാണ്. ശിരോവസ്ത്രം നിരോധിച്ച ഒരു മതേതര സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു അവരുടെ മരണങ്ങൾ.
‘സ്നോ’യിൽ, ഹിജാബ് ഒരു പ്രതിഷേധ പ്രതീകമായി മാറുന്നു- വിശ്വാസത്തിനും തിരഞ്ഞെടുപ്പിനുമുള്ള സ്ത്രീകളുടെ അവകാശം ഉറപ്പിക്കുന്ന ഒരു പ്രതീകം. വിധിവൈപരീത്യം എന്നോണം, ഒടുവിൽ ഒരു ഇസ്‍ലാമിക തീവ്രവാദി ആ സ്ഥാപന മേധാവിയെ കൊല്ലുന്നു. അടിച്ചേൽപിക്കുന്ന മതേതരത്വത്തിന്റെ ദാർഷ്ട്യവും വ്യക്തിപരമായ വിശ്വാസവും തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തമാണ് പാമുക്കിന്റെ നോവൽ പര്യവേക്ഷണം ചെയ്യുന്നത്.
ക്ലാസിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിച്ച ഒരൊറ്റ മുസ്‍ലിം പെൺകുട്ടിയുടെ പേരിൽ കേരളത്തിലെ ഒരു കത്തോലിക്കാ സ്കൂൾ പ്രശ്നമുണ്ടാക്കിയതിനെക്കുറിച്ച് അവിശ്വസനീയതയോടെ വായിച്ചപ്പോൾ ‘സ്നോ’യിലെ സ്ഥാപനം ഓർമയിലെത്തി. സ്കൂൾ യൂനിഫോമിനോട് ചേർന്ന ഒരു സ്കാർഫ് മാത്രമാണ് അവൾ ധരിച്ചിരുന്നത്. അത് ഒരു തരത്തിലും ഡ്രസ് കോഡിനെ ലംഘിച്ചിരുന്നില്ല. എന്നിട്ടും, അതിനെയൊരു കലാപമായി കാണാനാണ് അധികാരികൾ തീരുമാനിച്ചത്.
ഇതിലെ വിരോധാഭാസം വ്യക്തമാണ്. സഹിഷ്ണുതയും അച്ചടക്കവും പഠിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്കൂൾ, ഒരു തുണിക്കഷണത്തിന്റെ പേരിൽ അസഹിഷ്ണുതക്ക് തീകൊളുത്തി.
രണ്ടാഴ്ച മുമ്പാണ്, പള്ളിയിൽ പോകുന്ന ക്രിസ്ത്യൻ സ്ത്രീകൾക്കായി പല നിറങ്ങളിലെ സ്കാർഫുകൾ വിൽക്കുന്ന ഓൺലൈൻ സംരംഭം എന്റെ ഒരു ക്രിസ്ത്യൻ സുഹൃത്ത് തുടങ്ങിയത്. കുറച്ച് ദിവസങ്ങൾക്കുമുമ്പ് എന്റെ ഭാര്യയും ഇതേ ആവശ്യത്തിനായി ഇളം നിറങ്ങളിലുള്ള നിരവധി സ്കാർഫുകൾ വാങ്ങിയിരുന്നു. പരമ്പരാഗതമായി, ക്രൈസ്തവ വിശ്വാസിനികൾ പള്ളിക്കുള്ളിൽ സാരിയുടെ മുന്താണികൊണ്ട് തല മറയ്ക്കാറുണ്ട്. സാരിത്തുമ്പ് എപ്പോഴും വലിച്ചിടുന്നതിന്റെ അസൗകര്യത്തിനുള്ള പ്രായോഗിക ബദലായിരുന്നു സ്കാർഫ്- ഹിജാബ് കൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യം തന്നെയാണ് അതും നിറവേറ്റുന്നത്.
ഒരു ആഫ്രിക്കൻ ക്രൈസ്തവ യുവതിയെ വിവാഹം ചെയ്ത ഒരു ബന്ധുവിനെ ഞാനോർക്കുന്നു. നാട്ടിൽ വന്നപ്പോൾ വധു സദാ തലമറച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതേക്കുറിച്ച് ചോദിച്ചപ്പോൾ, അവരുടെ നാട്ടിൽ സ്ത്രീകൾ വീടിനുള്ളിൽ പോലും മുടിമറയ്ക്കുന്ന ശീലക്കാരാണെന്ന് അവർ പറഞ്ഞു. അതവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു, അല്ലാതെ മതപരമായ കാർക്കശ്യമായിരുന്നില്ല.
തീർച്ചയായും, ശിരോവസ്ത്രം നൂറ്റാണ്ടുകളായി മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണ്. പശ്ചിമേഷ്യയിൽ, പുരുഷന്മാർ കഫിയ്യ എന്ന ചതുരത്തിലുള്ള തുണി ധരിക്കുന്നു-‘അഗൽ’ (agal) എന്ന ചരട് ഉപയോഗിച്ചാണ് അത് തലയിൽ ഉറപ്പിക്കുന്നത്. മരുഭൂമിയിലെ പൊടിക്കാറ്റിൽ നിന്ന് മുടി സംരക്ഷിക്കാനുള്ള ഒരു പ്രായോഗിക മാർഗമായാണ് ഇത് രൂപംകൊണ്ടത്. രാജസ്ഥാനിലും പുരുഷന്മാരും സ്ത്രീകളും സംരക്ഷണത്തിനായും അഭിമാനസൂചകമായും തല മറയ്ക്കാറുണ്ട്. ഉത്തരേന്ത്യയിൽ, സ്ത്രീകൾ ഇപ്പോഴും പൊതുസ്ഥലങ്ങളിലും മുതിർന്നവരോട് സംസാരിക്കുമ്പോഴും സാരിത്തുമ്പുകൊണ്ട് തലമറയ്ക്കുന്നു. മാന്യതയുടെയും വിനയത്തിന്റെയും സാംസ്കാരികമായ ഇത്തരം ശീലങ്ങൾ മതാതീതമാണ്.
ഹരിയാനയിലെ ഏക മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ നൂഹ് (Nuh) ന്റെ കാര്യം പറയാം. ബൈബിളിലും ഖുർആനിലും ഒരുപോലെ ആദരപൂർവം വിവരിക്കപ്പെട്ട നോഹ പ്രവാചകനിൽനിന്നാണ് ആ സ്ഥലനാമം വന്നതെന്ന് കുറച്ചു പേർക്കേ അറിയൂ. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള സ്ഥലങ്ങളിൽ ഒന്നായ ഇവിടെയാണ് രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം. നൂഹുമായി എനിക്ക് വ്യക്തിപരമായ ഒരു ബന്ധമുണ്ട്. ഏഴ് മാർത്തോമാ ക്രൈസ്തവർ ചേർന്ന് 1979ൽ സ്ഥാപിച്ച ‘ദീപാലയ’ എന്ന സന്നദ്ധ സംഘടന നടത്തുന്ന സീനിയർ സെക്കൻഡറി സ്കൂളിന്റെ ചെയർമാൻ എന്ന നിലയിൽ, ഞാൻ അവിടത്തെ സമൂഹവുമായി നിരന്തരം ഇടപഴകിയിരുന്നു. ഞങ്ങളുടെ സി.ബി.എസ്.ഇ സ്കൂൾ, യൂനിഫോമിനോട് ചേരുന്ന നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നതിന് പെൺകുട്ടികൾക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. ഞങ്ങളുടെ ലക്ഷ്യം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം പകരലാണ്, അല്ലാതെ സദാചാര പൊലീസിങ്ങല്ല.
നല്ല വിദ്യാഭ്യാസം നൽകുകയെന്നാൽ ശീലങ്ങളെ മാറ്റലല്ല, മനസ്സുകളെ പരിപോഷിപ്പിക്കലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിയമ പരീക്ഷകളിൽ ഉന്നത വിജയം നേടിയ, ഇപ്പോൾ കേരളത്തിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന പാലക്കാട് സ്വദേശിനി നീമ നൂർ മുഹമ്മദ്, ഇന്ത്യയിലെ ആദ്യ മുസ്‍ലിം വനിതാ ഐ.പി.എസ് ഓഫിസർമാരിൽ ഒരാളായ ഇൽമ അഫ്രോസ്, യു.എസിൽ ഗവേഷണം ചെയ്യുന്ന കഷാഫ് മഹീൻ തുടങ്ങിയ പ്രഗത്ഭരായ മുസ്‍ലിം വനിതാ പ്രതിഭകളെ ഞങ്ങളുടെ വിദ്യാർഥികളുമായി സംവദിക്കാൻ ക്ഷണിച്ചത് ഞാൻ ഓർക്കുന്നു. ഏതെങ്കിലും പ്രഭാഷണങ്ങൾക്ക് നൽകാൻ കഴിയുന്നതിനേക്കാൾ വലിയ പ്രചോദനമാണ് അവർ ആ കുട്ടികൾക്ക് പകർന്നു നൽകിയത്.
ഡൽഹിയിൽ പിഎച്ച്.ഡി ചെയ്യുന്ന ഇറാനിയൻ ദമ്പതികൾ ഒരിക്കൽ എന്നെക്കണ്ട് നന്ദി പറയാനെത്തി. മക്കൾ അക്കാദമിക് വിഷയങ്ങൾക്കപ്പുറം സമത്വം എന്താണെന്ന് നമ്മുടെ സ്കൂളിൽ നിന്ന് പഠിച്ചുവെന്നതാണ് അവരെ സന്തോഷനിറവിലാക്കിയത്. എന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു യഥാർഥ വിദ്യാഭ്യാസം.
ഈ പശ്ചാത്തലത്തിൽ, ഒരു പെൺകുഞ്ഞണിഞ്ഞ ശിരോവസ്ത്രത്തിന്റെ പേരിൽ കേരളത്തിലെ സ്കൂൾ കാണിക്കുന്ന പിടിവാശി തികച്ചും ബാലിശമായി തോന്നുന്നു. ദിവസവും സന്യാസവസ്ത്രം അണിഞ്ഞ് വരുന്ന ആ പ്രിൻസിപ്പലിന് കുറച്ചുകൂടി സഹാനുഭൂതി പുലർത്താമായിരുന്നു. മാന്യതക്കും ഭക്തിക്കും പല രൂപങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കാതെ പോയി. നിസ്സാരമായ ഒരു വിഷയത്തെ നീറുന്ന പ്രശ്നമാക്കി മാറ്റിയതിലൂടെ, പരസ്പര ബഹുമാനത്തോടെ ജീവിച്ചിരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കളികളിലെ ഒരു കരുവായി അവർ മാറി.
അക്കാദമിക്കും എഴുത്തുകാരനുമായ അചിൻ വനായ്ക്കിന്റെ പിതാവ് മഹീന്ദർ സിങ് ഒരിക്കൽ എന്നോട് പങ്കുവെച്ച അനുഭവം ഈ വേള ഓർമിക്കുന്നത് നന്നാവും. അചിൻ ന്യൂയോർക്കിലെ ഒരു സ്കൂളിൽ പഠിക്കുന്ന കാലത്താണീ സംഭവം നടക്കുന്നത്. സഹപാഠികൾ കളിയാക്കിയതിന്റെ പേരിൽ ഒരു ദിവസം കൊച്ച് അചിൻ സ്കൂളിൽ പോകാൻ വിസമ്മതിച്ചു. സിഖ് ആൺകുട്ടികൾ ധരിക്കുന്ന ചെറിയ തലപ്പാവായ ‘ചുട്ടി’ക്കുള്ളിൽ പാമ്പുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. ഈ വിഷയത്തിന് പരിഹാരം കാണാൻ നയതന്ത്രജ്ഞനായ ആ പിതാവ് വിവേകപൂർണമായ മാർഗമാണ് സ്വീകരിച്ചത്. സ്കൂൾ അസംബ്ലിയെ അഭിസംബോധന ചെയ്യാൻ അദ്ദേഹം അനുമതി വാങ്ങി. അവിടെ, സിഖുകാർ ഒരിക്കലും മുടി മുറിക്കാറില്ലെന്നും അത് ഒതുക്കിവെക്കാൻ മാത്രമാണ് തലപ്പാവ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അത് കാണിച്ചുകൊടുക്കാൻ, അദ്ദേഹം മകന്റെ ചുട്ടി അഴിച്ച്, ഭംഗിയായി കെട്ടിവെച്ച മുടി കാണിച്ചു. തുടർന്ന് അദ്ദേഹം സ്വന്തം ടർബൻ അഴിച്ച് അത് എങ്ങനെ മടക്കി ധരിക്കുന്നു എന്നും കാണിച്ചു. അതോടെ കളിയാക്കൽ നിന്നു. വിദ്യാഭ്യാസം അതിന്റെ ദൗത്യം നിർവഹിച്ചു.
വിശ്വാസത്തിന്റെയും ധാർമിക ബോധത്തിന്റെയും വിഷയത്തിൽ ഇന്ത്യയും സമാനമായ വിവേകം കാണിച്ചിട്ടുണ്ട്. പ്രശസ്ത അഭിഭാഷകൻ ഫാലി എസ്. നരിമാൻ, ആത്മകഥയായ ‘ബിഫോർ മെമ്മറി ഫേഡ്‌സിൽ’ കേരളത്തിലെ യഹോവയുടെ സാക്ഷികളായ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളുടെ കേസിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദേശീയഗാനം ആലപിച്ചില്ല എന്നതായിരുന്നു അവർ സ്കൂളിൽനിന്ന് പുറത്താക്കപ്പെടാനുള്ള കാരണം. എന്നാൽ, അവർ ദേശീയഗാനത്തോട് യാതൊരു അനാദരവും കാണിച്ചില്ലെന്ന് സുപ്രീം കോടതി വിധിച്ചു. തങ്ങളുടെ ദൈവത്തെ സ്തുതിച്ചുകൊണ്ടല്ലാതെ മറ്റൊന്നും പാടാൻ മതം അനുവദിക്കാത്തതുകൊണ്ടാണ് അവർ അത് ആലപിക്കാതിരുന്നത്.
ഓരോ തുണിക്കഷ്ണവും ഓരോ വിശ്വാസ പ്രതീകവും രാഷ്ട്രീയവത്കരിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഹിജാബും ടർബനും കുരിശും ചന്ദനക്കുറിയുമെല്ലാം യുദ്ധക്കളങ്ങളായി മാറിയാൽ യുക്തിയും സഹിഷ്ണുതയുമാണ് ആദ്യം ബലിയാടാവുക. ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിക്കുന്നവർ ഒരു കാര്യം മറക്കുന്നു; വിദ്യാഭ്യാസം എന്നത് വ്യക്തിത്വത്തെ മായ്ച്ചുകളയലല്ല, മറിച്ച് അതിനെ ആശ്ലേഷിക്കലാണ്.
ഒരുപക്ഷേ ആ കന്യാസ്ത്രീ ബോധപൂർവം ദോഷകരമായി ഒന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. എന്നാൽ, വിശ്വാസവും മാന്യതയും ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രതീകമായി ആ പെൺകുട്ടി കാണുന്ന ഹിജാബ് നിഷേധിച്ചതിലൂടെ, അവർ പാമുക്കിന്റെ നോവലിലെ സാങ്കൽപിക ഉദ്യോഗസ്ഥരെയാണ് ഓർമപ്പെടുത്തുന്നത്- സ്വാതന്ത്ര്യത്തെ കൊന്നുകൊണ്ട് വിശ്വാസത്തെ രക്ഷിക്കാൻ ശ്രമിച്ചവരെ. അതുതന്നെയാണ് നമ്മുടെ കാലത്തെ ദുരന്തവും: വിശ്വാസത്തിന് അനുകമ്പ ഇല്ലാതാകുമ്പോൾ, മതേതരത്വത്തിന് സാമാന്യബോധം നഷ്ടപ്പെടുന്നു.
എല്ലാറ്റിനുമുപരി, ഒരു സ്കാർഫ്-അതിനെ നിങ്ങൾ ഹിജാബെന്നോ, മൂടുപടമെന്നോ, ശിരോവസ്ത്രമെന്നോ എന്തുപേരിട്ടും വിളിച്ചോളൂ- അതൊരു തുണിക്കഷ്ണം മാത്രമാണ്. എന്നാൽ, അത് സംരക്ഷിക്കുന്ന അന്തസ്സ് മനുഷ്യത്വത്തിന്റെ ഇഴകളാൽ നെയ്തെടുത്തതാണ്.
ajphilip@gmail.com


