Begin typing your search above and press return to search.
exit_to_app
exit_to_app
അവർ ഉൾക്കൊള്ളുന്നു; നമ്മൾ വല്ലാതെ ചുരുങ്ങുന്നു
cancel
camera_alt

അബ്ദുൽ അൽ സെയ്‌ദ് വിദ്യാർഥികൾ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ

പ്രമുഖനായ ഒരു ഇന്ത്യൻ പത്രാധിപർ 2008-ലെപ്പോഴോ എന്നോട് പറഞ്ഞു, ബരാക് ഒബാമ ഒരുകാരണവശാലും അമേരിക്കൻ പ്രസിഡന്റാകില്ലെന്ന്. അദ്ദേഹത്തിന്റെ ന്യായം ലളിതമായിരുന്നു: അമേരിക്കക്കാർ സമത്വത്തെക്കുറിച്ച് വാചാലരായേക്കാം, എന്നാൽ ഉള്ളിന്റെയുള്ളിൽ അവർ വംശീയവാദികളാണ്; ഒരു കറുത്തവർഗക്കാരൻ വൈറ്റ് ഹൗസ് ഭരിക്കുന്നത് കാണാൻ അവർ ഒരിക്കലും അനുവദിക്കില്ല. ഒബാമയുടെ പിതാവ് ബരാക് ഹുസൈൻ ഒബാമ സീനിയർ കെനിയക്കാരനും മുസ് ലിമായി വളർന്നയാളുമായിരുന്നു.

എന്നാൽ ആ പത്രാധിപരുടെ പ്രവചനം അപ്പാടെ തെറ്റി. ഒബാമ തന്റെ വംശപാരമ്പര്യം മറച്ചുവെച്ചതേയില്ല; ‘ഡ്രീംസ് ഫ്രം മൈ ഫാദർ’ എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതി, അത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറുമായി. പിതാവിന്റെ മതപശ്ചാത്തലം അമേരിക്കൻ വോട്ടർമാരുടെ വിശ്വാസം ആർജിക്കുന്നതിൽ ഒബാമയ്ക്ക് ഒരു തടസ്സമായില്ല. അധികാരമേറ്റ് ഒരു വർഷത്തിനുശേഷം ഒബാമയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 2012-ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മിറ്റ് റോംനിയെ പരാജയപ്പെടുത്തി അദ്ദേഹം രണ്ടാം തവണയും വിജയം ഉറപ്പിച്ചു. ഈ രണ്ടു തവണയും ആ ഇന്ത്യൻ പത്രാധിപരുടെ പഴയ പ്രവചനം ഞാൻ ഓർത്തു. അദ്ദേഹത്തിന്റെ നിഗമനം അമേരിക്കൻ വോട്ടർമാരെക്കുറിച്ചുള്ള ധാരണയിൽ നിന്നായിരുന്നില്ല, മറിച്ച് സ്വന്തം മുൻവിധികളാൽ രൂപപ്പെട്ടതായിരുന്നു.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ടുകൾ കാണവെ പഴയ പത്രാധിപരുമായുള്ള സംഭാഷണം വീണ്ടും ഓർമയിൽ വന്നു. ഇക്കുറി മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റ് സ്ഥാനാർഥി അബ്ദുൽ അൽ സെയ്ദ് യു.എസ്. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ആ സഭയിലേക്ക് ജയിച്ച് കയറുന്ന ആദ്യ മുസ് ലിം. കൊളംബിയ, ഓക്സ്ഫഡ് സർവകലാശാലകളിൽനിന്ന് വൈദ്യശാസ്ത്രം പഠിച്ച ഈ പകർച്ചവ്യാധി ചികിത്സാവിദഗ്ധനെ സെനറ്ററായി തെരഞ്ഞെടുത്തുകൊണ്ട് വംശീയതയെന്ന മാരക പകർച്ചവ്യാധിയെ പ്രതിരോധിച്ചു അവിടുത്തെ ജനത. അദ്ദേഹത്തിന്റെ മതസ്വത്വം തെരഞ്ഞെടുപ്പുവിഷയമാക്കാൻ ശ്രമിച്ചവർ ദയനീയമായി പരാജയപ്പെട്ടു എന്നതാണ് ഈ വിജയത്തെ സവിശേഷമാക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളെയും തങ്ങളെ പ്രതിനിധീകരിക്കാനുള്ള കഴിവിനെയുമാണ് വോട്ടർമാർ വിലയിരുത്തിയത്. അങ്ങനെയായിരിക്കണം ജനാധിപത്യം പ്രവർത്തിക്കേണ്ടത്.

അൽ സെയ്ദിന്റെ വിജയം ഇന്ത്യക്കാർക്ക് സന്തോഷം പകരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. സാറാ ജുകാക്കു ഇന്ത്യൻ വംശജയാണ്. മാറിമറിയുന്ന അമേരിക്കൻ രാഷ്ട്രീയഭൂപ്രകൃതിയിൽ അൽ സെയ്ദ് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. മലയാളിയായ നിത്യ രാമൻ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിനെ നയിക്കുന്നത് ഇന്ത്യൻ ചലച്ചിത്രപ്രവർത്തക മീരാ നായരുടെ മകൻ സൊഹ്റാൻ മംദാനിയാണ്. ഔദ്യോഗികപദവി പലപ്പോഴും അലങ്കാരത്തിനുമാത്രമായി മാറുകയും ഭരണപരമായ അധികാരം മുൻസിപ്പൽ കമീഷണർമാരിൽ നിക്ഷിപ്തമാവുകയും ചെയ്യുന്ന ഇന്ത്യയിൽനിന്ന് വ്യത്യസ്തമായി, അമേരിക്കൻ മേയർമാർക്ക് നഗരഭരണത്തിലും പൊതുസേവനങ്ങളിലും വിപുലമായ അധികാരങ്ങളുണ്ട്.

നവംബറിലെ തെരഞ്ഞെടുപ്പ് മറ്റ് നിരവധി ഇന്ത്യൻ വംശജർക്കും വിജയം സമ്മാനിച്ചു. ടെക്സസിലെ ഹ്യൂസ്റ്റൺ മേഖലയിലുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയിൽ തുടർച്ചയായി മൂന്നാം തവണയും ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി മാത്യു അവരിൽ ഒരാളാണ്. അമേരിക്കയിലെ ഇന്ത്യക്കാർ രാഷ്ട്രീയ-നീതിന്യായ ഉത്തരവാദിത്തമുള്ള പദവികൾ കൂടുതലായി സ്വന്തമാക്കുന്നു എന്നതിന്റെ മറ്റൊരു ഓർമപ്പെടുത്തലാണ് അവരുടെ നേട്ടം.

ഈ മുന്നേറ്റങ്ങൾ അമേരിക്കയുടെ ‘സാലഡ് ബൗൾ’ (വിവിധ സംസ്കാരങ്ങൾ തനതുസ്വഭാവം നിലനിർത്തിക്കൊണ്ട് ഒത്തുചേരുന്ന അവസ്ഥ) സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുടിയേറിയവരാണ് ആ രാജ്യം കെട്ടിപ്പടുത്തത്. അവർ തങ്ങളോടൊപ്പം വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും കൊണ്ടുവന്നു. അമേരിക്കക്കാരാവാൻ അവർക്ക് സ്വന്തം സ്വത്വം ഉപേക്ഷിക്കേണ്ടിവന്നില്ല. മറിച്ച്, അവർ വിശാലമായ ഒരു ദേശീയസ്വത്വത്തിന്റെ ഭാഗമായി മാറി. അവരുടെ മക്കളും പേരമക്കളും ഇപ്പോൾ രാജ്യത്തിന്റെ രാഷ്ട്രീയസ്ഥാപനങ്ങളിൽ സ്വന്തം ഇടം കണ്ടെത്തുകയാണ്.

ഇനി നമുക്ക് വൈവിധ്യങ്ങളുടെ നാടായ, നാനാത്വത്തിൽ ഏകത്വം ഉദ്ഘോഷിച്ചിരുന്ന നമ്മുടെ പ്രിയനാടിന്റെ നിലവിലെ അവസ്ഥയിലേക്ക് കണ്ണോടിക്കാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് മറ്റുള്ളവർ തെല്ല് അസൂയയോടെ കണ്ടിരുന്ന രാജ്യമാണിത്; മതം പരിഗണിക്കാതെ എല്ലാ പൗരർക്കും സമത്വം ഉറപ്പുനൽകുന്ന മഹത്തായ ഒരു ഭരണഘടനയും ഇവിടെയുണ്ട്. എന്നിട്ടും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ പേരിനെങ്കിലും ഒരു മുസ് ലിം അല്ലെങ്കിൽ ക്രിസ്ത്യൻ മന്ത്രി പോലുമില്ല. ഗവർണർമാരുടെ കാര്യത്തിലും ഇവരുടെ പ്രാതിനിധ്യം തുച്ഛമാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ഈ സമുദായങ്ങളിൽനിന്നുള്ളവർക്ക് മന്ത്രിസഭകളിൽ വളരെ അപൂർവമായേ ഇടം ലഭിക്കാറുള്ളൂ.

ദേശീയരാഷ്ട്രീയം മതപരമായ സ്വത്വങ്ങൾക്ക് അതീതമായി വളരണമെന്ന് മനസ്സിലാക്കിയ നേതാക്കൾ ഒരുകാലത്ത് ഇന്ത്യയ്ക്കുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ ഉന്നത നേതാക്കളിൽ ഒരാളും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൽ കലാം ആസാദ്, ഒരു മുസ് ലിം ഭൂരിപക്ഷ മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്ന നിർദേശത്തെ എതിർത്തിരുന്നു. ഒരു ഹിന്ദുഭൂരിപക്ഷ മണ്ഡലത്തിൽനിന്നും തനിക്ക് വിജയിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ഇന്ത്യാസങ്കൽപ്പം മതപരമായ കള്ളികളിൽ അധിഷ്ഠിതമായിരുന്നില്ല. ഒരു മുസ് ലിമിന് ഹിന്ദുക്കളെയും ഒരു ഹിന്ദുവിന് മുസ് ലിംകളെയും പ്രതിനിധീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. നിർഭാഗ്യവശാൽ, ആ മനോഭാവം ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

2011-ലെ ദേശീയ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 14.2 ശതമാനമാണ് മുസ് ലിംകൾ. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും അവരുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതത്തേക്കാൾ വളരെ താഴെയാണ്.

സംസ്ഥാന നിയമസഭകളിലും അവരുടെ പ്രാതിനിധ്യം കുറയുന്നു. സമീപകാല കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള മുസ് ലിം എം.എൽ.എ.മാരുടെ എണ്ണം 2013-ലെ 339-ൽനിന്ന് 2026-ഓടെ ഏകദേശം 255 ആയി കുറഞ്ഞു. ഉത്തർപ്രദേശിൽ ഇവരുടെ എണ്ണം 63-ൽനിന്ന് 31 ആയും പശ്ചിമബംഗാളിൽ 59-ൽനിന്ന് 37 ആയും ബിഹാറിൽ 19-ൽനിന്ന് 11 ആയും കുറഞ്ഞു. രാജസ്ഥാനിലും ഇത് 11-ൽനിന്ന് ആറായി ചുരുങ്ങി. ഇവ നിസ്സാരമായ സ്ഥിതിവിവരക്കണക്കുകളല്ല. രാജ്യത്തെ ജനസംഖ്യയുടെ ഏഴിലൊന്ന് വരുന്ന ഒരു സമൂഹം നേരിടുന്ന കൊടിയ രാഷ്ട്രീയ പാർശ്വവൽക്കരണത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

തങ്ങളുടെ സ്ഥാനാർഥികൾ ആരാവണമെന്ന് നിശ്ചയിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്; അവരെ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ ഉള്ള അവകാശം വോട്ടർമാർക്കുമുണ്ട്. എന്നാൽ ഇത്രയും വലിയൊരു ജനവിഭാഗം നിയമസഭകളിൽനിന്നും സർക്കാരുകളിൽനിന്നും ക്രമാതീതമായി അപ്രത്യക്ഷമാകുമ്പോൾ, തങ്ങളുടെ ജനാധിപത്യസ്ഥാപനങ്ങൾ രാജ്യത്തിന്റെ വൈവിധ്യത്തെ ശരിയായ രീതിയിൽ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് രാജ്യം സ്വയം ചോദിക്കേണ്ടതുണ്ട്.

അമേരിക്ക അതിന്റെ എല്ലാ വംശീയ-മതപരമായ മുൻവിധികളെയും പൂർണമായി മറികടന്നിട്ടില്ല എന്നത് തീർച്ചയാണ്. വിവേചനം ഇപ്പോഴും തുടരുന്നുണ്ട്; അവിടുത്തെ രാഷ്ട്രീയകാലാവസ്ഥ പലപ്പോഴും തീവ്രമായ ധ്രുവീകരണത്തിലാണ്. എന്നിരുന്നാലും ഒബാമ, മംദാനി, നിത്യ രാമൻ, ഇപ്പോൾ അൽ സെയ്ദ് എന്നിവരുടെ വിജയം തെളിയിക്കുന്നത്, ഒരു സ്ഥാനാർഥിയുടെ നിറം, മതം, വംശപാരമ്പര്യം എന്നിവയ്ക്കപ്പുറത്തേക്ക് നോക്കാൻ അവിടുത്തെ വോട്ടർമാർക്ക് കഴിയുമെന്നാണ്.

ഇതിലെ വിരോധാഭാസം തിരിച്ചറിയാതിരിക്കാനാവില്ല. അടിമത്തത്തിന്റെയും വർണവിവേചനത്തിന്റെയും ചരിത്രമുള്ള അമേരിക്ക, വ്യത്യസ്ത വംശീയ-മത പശ്ചാത്തലങ്ങളിലുള്ള ആളുകൾക്കായി തങ്ങളുടെ രാഷ്ട്രീയവാതിലുകൾ തുറന്നുകൊടുക്കുകയാണ്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യസമരം നയിക്കുകയും ഭരണഘടനയിൽ സമത്വവും മതേതരത്വവും ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഇന്ത്യ നേരെ വിപരീതദിശയിലാണ് സഞ്ചരിക്കുന്നതെന്ന് തോന്നുന്നു. സമൂഹത്തിലെ ഓരോ വിഭാഗത്തിനും ഭരണഘടനാസ്ഥാപനങ്ങളിൽ തങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നു എന്ന ബോധ്യം ഉണ്ടാക്കൽ കൂടിയാണ് ജനാധിപത്യം. ജനസംഖ്യയുടെ വലിയൊരു പങ്ക് രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടുമ്പോൾ ഒരു രാജ്യത്തിന് നാം എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് എങ്ങനെയാണ് അവകാശപ്പെടാനാവുക?

ajphilip@gmail.com

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:american Politics indian democracy Muslim Representation 
News Summary - Political Representation: America vs India
Next Story