Begin typing your search above and press return to search.
exit_to_app
exit_to_app
മറശീലകൾ കൊണ്ട് ദാരിദ്ര്യത്തെ ഒളിപ്പിക്കാനാവില്ല
cancel

പണത്തിനുപോലും ഒരു രാഷ്ട്രീയ സ്വത്വം ഉണ്ടാകാമെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആദ്യമായി ചൈനയിലേക്ക് യാത്ര ചെയ്തപ്പോഴാണ്. യു.എസ് ഡോളർ നൽകി എനിക്ക് ചൈനീസ് കറൻസി വാങ്ങേണ്ടിവന്നു. എന്നാൽ, ചൈനീസ് പൗരർ ഉപയോഗിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായിരുന്നു വിദേശ വിനോദസഞ്ചാരികൾക്ക് നൽകുന്ന കറൻസി. ഫോറിൻ എക്സ്ചേഞ്ച് സർട്ടിഫിക്കറ്റുകൾ വിദേശികൾക്ക് മാത്രമുള്ളതായിരുന്നു. അവ നിർദിഷ്ട കടകളിൽ മാത്രമേ ചെലവഴിക്കാനാകുമായിരുന്നുള്ളൂ. അതൊരു കേവല സാമ്പത്തിക ക്രമീകരണം മാത്രമായിരുന്നില്ല; ഒരു അടഞ്ഞ സമൂഹം വിദേശികളെ ഒരു പ്രത്യേക ലോകത്തിനുള്ളിൽ ഒതുക്കിനിർത്താൻ പ്രയോഗിച്ച രീതികൂടിയായിരുന്നു. വിദേശികൾക്ക് ചൈനയിലങ്ങോളമിങ്ങോളം സഞ്ചരിക്കാമായിരുന്നു, എന്നാൽ സാധാരണക്കാരായ പൗരരുമായുള്ള സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കപ്പെട്ടു. ഉത്തരകൊറിയയെക്കുറിച്ചും സമാനമായ കഥകൾ കേട്ടിട്ടുണ്ട്. ഒരു വിദേശ പ്രതിനിധിസംഘം പ്യോങ്‌യാങ് സന്ദർശിക്കുമ്പോഴെല്ലാം, ഇറക്കുമതി ചെയ്ത ചോക്ലേറ്റുകളും ബിസ്കറ്റുകളും മറ്റ് ഭക്ഷണസാധനങ്ങളും കൊണ്ട് സജ്ജമാക്കിയ കടകളിലേക്കാണ് കൊണ്ടുപോയിരുന്നത്. ക്ഷാമവും കടുത്ത ഭക്ഷ്യപ്രതിസന്ധിയും അനുഭവിച്ച ഒരു രാജ്യത്ത് സമൃദ്ധിയുടെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

ഈ അനുഭവങ്ങൾ സ്വേച്ഛാധിപത്യ സർക്കാരുകളെക്കുറിച്ച് ചില പാഠങ്ങൾ നൽകി: തങ്ങളുടെ സ്വന്തം പൗരർ എന്ത് കാണുന്നു എന്നതിനേക്കാൾ വിദേശികൾ എന്ത് കാണുന്നു എന്നതിനെക്കുറിച്ചാണ് അവർ പലപ്പോഴും വേവലാതിപ്പെടുന്നത്! എന്നാൽ, ജനാധിപത്യ ഇന്ത്യ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.ഇന്ത്യയിലെത്തുന്ന ഒരു വിദേശിക്ക് ഏതാണ്ട് എവിടെയും സഞ്ചരിക്കാം, ഫോട്ടോകളെടുക്കാം, ഡോക്യുമെന്ററികളും സിനിമകളും നിർമിക്കാം, സാധാരണ മനുഷ്യരെ കാണാം, ഏത് വഴിയോരത്തട്ടുകടയിൽ കയറിയും ഭക്ഷണം കഴിക്കാം. വിദേശ സന്ദർശകരുടെ കണ്ണിൽനിന്ന് മറച്ചുപിടിക്കേണ്ടവ എന്നൊരു വിഭാഗം നമുക്കുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെയാണ്, ദാരിദ്ര്യം തിരശ്ശീലകൾക്ക് പിന്നിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആദ്യമായി കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടത്. 2014 സെപ്റ്റംബർ 17-ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അഹ്മദാബാദ് സന്ദർശനവേളയിൽ ഷിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഞ്ചരിച്ച വഴികളുടെ വിവിധ ഭാഗങ്ങളിൽ പച്ചയും വെള്ളയും കലർന്ന തിരശ്ശീലകൾ സ്ഥാപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റിന്റെ കാഴ്ചകളിൽനിന്ന് ചേരികളും ദരിദ്രപ്രദേശങ്ങളും മറച്ചുവെക്കാനാണിതെന്ന വിമർശനവുമുയർന്നു. വിശിഷ്ടാതിഥിക്ക് മുന്നിൽ അഹ്മബാദിനെ മനോഹരമായി അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ച ഏതാനും നഗരസഭാ ഉദ്യോഗസ്ഥരുടെ അമിതാവേശം മാത്രമായിരിക്കാം ഇതെന്ന് ആശ്വസിച്ച ഞാൻ അതൊരു പതിവായി മാറുമെന്ന് ഒട്ടും കരുതിയിരുന്നില്ല.

2020 ഫെബ്രുവരിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹ്മദാബാദ് സന്ദർശിച്ചപ്പോൾ, വിമാനത്താവളത്തിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള യാത്രാപാതയിൽ ഗ്രില്ലുകളും കർട്ടനുകളും ഘടിപ്പിച്ച് ഏഴടി ഉയരമുള്ള ഒരു മതിൽതന്നെ നിർമിക്കപ്പെട്ടു. സുരക്ഷ, ശുചിത്വം, സൗന്ദര്യവൽക്കരണം എന്നിവയായിരുന്നു ഇതിന് നൽകിയ ഔദ്യോഗിക വിശദീകരണങ്ങൾ. രണ്ടായിരത്തിലധികം മനുഷ്യർ താമസിക്കുന്ന സരണിയാ വാസ് എന്ന ചേരിയുടെ കാഴ്ചകൾ മറച്ചുപിടിക്കാനാണ് അത് ഉപകരിച്ചത്.

2023-ൽ രാജ്യതലസ്ഥാനമായ ഡൽഹി ജി20 ഉച്ചകോടിക്ക് വേദിയായപ്പോഴും ഈ രീതി തുടർന്നു. വിദേശ പ്രതിനിധികൾ സഞ്ചരിച്ച റോഡുകൾക്കിരുവശത്തുമുള്ള ചേരികൾ മറഞ്ഞുപോകുംവിധം പച്ച സ്ക്രീനുകളും മറ്റ് തടസ്സങ്ങളും സ്ഥാപിച്ചു. ഇത് തങ്ങളുടെ സഞ്ചാരത്തെ നിയന്ത്രിച്ചെന്നും ജീവിതസന്ധാരണത്തെപ്പോലും ബാധിച്ചെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.

കഴിഞ്ഞദിവസം ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടന്നപ്പോഴും വി.ഐ.പി റൂട്ടുകളിൽ ഏകദേശം പത്തടി ഉയരത്തിൽ നീലയും വെള്ളയും കലർന്ന കർട്ടനുകൾ സ്ഥാപിച്ചു. ശുചീകരണത്തൊഴിലാളികളും ദിവസവേതനക്കാരും താമസിക്കുന്ന ‘കൂലി ക്യാമ്പ്’ വിദേശ പ്രതിനിധികളിൽനിന്ന് മറച്ചുപിടിക്കാനായിരുന്നു ഈ ലൊടുക്കുവിദ്യ.വഴികൾ ഏറെ പരിമിതപ്പെടുത്തിയതിനാൽ തൊഴിലാളികൾക്ക് ഉന്തുവണ്ടികളും മറ്റ് വാഹനങ്ങളും പുറത്തെടുക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. അതവരുടെ വരുമാനത്തെ ബാധിച്ചു. തുറന്ന അഴുക്കുചാലുകളും നീക്കം ചെയ്യാത്ത മാലിന്യങ്ങളും അതേപടി അവശേഷിക്കുകയും ചെയ്തു. കർട്ടനുകൾ കെട്ടാൻ പണം കണ്ടെത്തിയ സർക്കാരിന്, അതിന് പിന്നിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇച്ഛാശക്തി ഇല്ലാതെ പോയി.

ഏതാനും വർഷംമുമ്പ് ഞാൻ ഗുജറാത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാൻ പോയിരുന്നു. ഏകദേശം 3,500 കോടി രൂപ ചെലവിട്ട് നിർമിച്ച ഏകതാപ്രതിമ ഉയരത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയെ മറികടന്നിരുന്നു. ഈ രണ്ട് പ്രതിമകൾ തമ്മിൽ ഒരു അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു സർക്കാർ സംരംഭമാണ്. എന്നാൽ, സ്റ്റാച്യു ഓഫ് ലിബർട്ടി ഫ്രാൻസിലെ ജനങ്ങൾ അമേരിക്കൻ ജനതയ്ക്ക് നൽകിയ സമ്മാനമായിരുന്നു. ന്യൂയോർക്കിൽ അത് സ്ഥാപിക്കാനുള്ള പീഠവും അനുബന്ധ ജോലികളും ജനത നൽകിയ സാമ്പത്തിക സംഭാവനകളിലൂടെയാണ് പൂർത്തിയാക്കിയത്; സംഭാവന നൽകാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതിനായി ജോസഫ് പുലിറ്റ്സർ തന്റെ പത്രം ഉപയോഗിക്കുകയും ചെയ്തിരുന്നു.

സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള യാത്രയിൽ എന്നെ അസ്വസ്ഥപ്പെടുത്തിയ ഒരു കാഴ്ചയുണ്ടായിരുന്നു: ഏതുനിമിഷവും തകർന്നുവീണേക്കാവുന്നത്ര പരിതാപകരമായ അവസ്ഥയിലുള്ള ഒരു സർക്കാർ ഹൈസ്കൂൾ കെട്ടിടം. തൊട്ടടുത്തുള്ള കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത സ്കൂളുകളിൽ പഠിക്കേണ്ടിവരുമ്പോൾ, ഇതുപോലൊരു സ്മാരകത്തിന് എന്ത് മൂല്യമാണുള്ളത്?

സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപത്തായി സർക്കാർ വൻതോതിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. എന്നിട്ടും ഹോട്ടലുകളും റെസ്റ്റോറന്റുകളും സജീവമായി നിലനിർത്താൻ ആവശ്യമായ സന്ദർശകർ അവിടെ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ അവിടെ മന്ത്രിസഭായോഗങ്ങൾ നടത്താൻ തുടങ്ങി. ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനുൾപ്പെടെ പ്രധാനപ്പെട്ട ദേശീയ പരിപാടികൾക്കായി കേന്ദ്രസർക്കാരും ഈ സ്ഥലം ഉപയോഗിച്ചുവരുന്നു.

എന്നാൽ, യഥാർഥ പ്രശ്നം സ്റ്റാച്യു ഓഫ് യൂണിറ്റിയല്ല; മറിച്ച് ദാരിദ്ര്യത്തോടുള്ള നമ്മുടെ മനോഭാവമാണ്. ഇന്ത്യക്ക് ദാരിദ്ര്യത്തെ കർട്ടനുകൾക്ക് പിന്നിൽ എത്രകാലമാണ് ഒളിപ്പിച്ചുവെക്കാനാവുക?

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാപദ്ധതികളിലൊന്നിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തീർച്ചയായും അവകാശപ്പെടാം. ‘പി.എം ഗരീബ് കല്യാൺ അന്ന യോജന’വഴി 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ടെന്ന് സർക്കാർ പറയുന്നു. എന്നാൽ, ഇത്രയധികം ദരിദ്രജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ അഭിമാനിക്കുകയും, അതേസമയംതന്നെ വിദേശ സന്ദർശകർ ദാരിദ്ര്യം കാണുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ ഒരു വൈരുദ്ധ്യമുണ്ട്.

ഒരു രാജ്യത്തിന്റെ വികസനം അളക്കുന്നത് അവിടുത്തെ പ്രതിമകളുടെ ഉയരമോ, എക്സ്പ്രസ് വേകളുടെ വീതിയോ, വിമാനത്താവളങ്ങളുടെ ഗാംഭീര്യമോ കൊണ്ട് മാത്രമല്ല. സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിടം, ശുചിത്വം, പൊതുഇടങ്ങൾ എന്നിവയുടെ അവസ്ഥകൂടി വിലയിരുത്തിക്കൊണ്ടാണ്.

ഡൽഹി സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ വൈരുധ്യം കാണാൻ കഴിയും. പശുക്കൾ ഗതാഗതം തടസ്സപ്പെടുത്തുന്നു, സ്കൂളുകൾക്ക് മുന്നിൽപ്പോലും മാലിന്യങ്ങൾ കുന്നുകൂടുന്നു, അഴുക്കുചാലുകൾ തുറന്നുകിടക്കുന്നു. ഇവയൊന്നും കർട്ടനുകൾ ഇട്ട് മറച്ചുവെക്കാനാവില്ല; അതല്ലെങ്കിലും അങ്ങനെ ചെയ്യേണ്ട കാര്യമെന്താണ്? ദാരിദ്ര്യം എന്നത് കുറ്റകൃത്യമല്ല, അത് സർക്കാരിനും സമൂഹത്തിനും മുന്നിലുള്ള വെല്ലുവിളിയാണ്. അതിനുള്ള പ്രതിവിധി കർട്ടനുകളല്ല, മറിച്ച് ഇച്ഛാശക്തിയുള്ള നയമാണ്.

ഒരു പ്രധാന വിദേശ സന്ദർശകൻ എത്തുമ്പോഴെല്ലാം നമ്മൾ ഇതുപോലെ കർട്ടനുകൾ സ്ഥാപിക്കുന്നത് തുടരുകയാണെങ്കിൽ, താമസിയാതെ പച്ചയും നീലയും വെള്ളയും തുണികൾ നിർമിക്കാൻ നമുക്ക് ഒട്ടേറെ ഫാക്ടറികൾ ആവശ്യമായി വന്നേക്കാം-തൊഴിലവസരങ്ങൾ സൃഷ്ടിക്കാനല്ല, നമ്മുടെ ദാരിദ്ര്യം ഒളിപ്പിച്ചുപിടിക്കാൻ വേണ്ടി മാത്രം!

Show Full Article
TAGS:poverty Devolopment BRICS Summit social Issues 
News Summary - Poverty Cannot Be Hidden Behind Curtains
Next Story