ദി പാരഡോക്സിക്കൽ പാർലമെന്റേറിയൻ!
text_fields2018ലെ ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ‘ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ: നരേന്ദ്ര മോദി ആൻഡ് ഹിസ് ഇന്ത്യ’ വായിക്കുന്ന ഡോ. ശശി തരൂർ
ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്ലോ ഒരിക്കൽ പറഞ്ഞു, ‘‘നുണക്ക് പല മുഖങ്ങളുണ്ട്. എന്നാൽ സത്യത്തിന് ഒരൊറ്റ മുഖമേയുള്ളൂ.’’ തിരുവനന്തപുരത്ത് നിന്നുള്ള കോൺഗ്രസ് എം.പി ശശി തരൂരിന് വീർ സവർക്കറുടെ നാമധേയത്തിലുള്ള ഒരു പുരസ്കാരം നൽകുന്നത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈ കൊയ്ലോ വചനമാണ് ഓർമയിലെത്തിയത്.
അവാർഡ് സ്വീകരിക്കാൻ താൻ സമ്മതിച്ചിട്ടില്ലെന്ന് തരൂർ സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാൽ, അവാർഡ് ഏർപ്പെടുത്തിയ സംഘടനാ ഭാരവാഹിയുടെ അവകാശവാദം മറിച്ചായിരുന്നു. ജൂറി മേധാവി തരൂരിനെ വസതിയിൽ പോയി കണ്ടെന്നും, ഡൽഹിയിൽവെച്ചാണ് അവാർഡുദാന ചടങ്ങ് നടത്തുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചെന്നും അദ്ദേഹം പറയുന്നു.
ഏതൊരു വലിയ അവാർഡും പ്രഖ്യാപിക്കുന്നതിനുമുമ്പ്, അവാർഡ് ലഭിക്കുന്ന വ്യക്തിയുടെ അഭിപ്രായം മുൻകൂട്ടി ആരായുന്ന പതിവുണ്ട്. നിശ്ശബ്ദമായി അവരുടെ സമ്മതം വാങ്ങാറുണ്ട്. അതിനുശേഷം മാത്രമേ പരസ്യ പ്രഖ്യാപനം ഉണ്ടാകൂ. ഈയിടെ നൊബേൽ കമ്മിറ്റി പുറത്തിറക്കിയ ഒരു വിഡിയോ ഞാൻ കണ്ടു. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മകാഡോയെ ഔദ്യോഗിക പ്രഖ്യാപനത്തിന് വെറും അഞ്ചുമിനിറ്റ് മുമ്പ് ഒരു ഉദ്യോഗസ്ഥൻ വിളിക്കുന്നു. രാത്രിയിൽ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തേണ്ടിവന്നതിന് അദ്ദേഹം ക്ഷമ ചോദിക്കുകയും, ഓസ്ലോയിൽ പ്രഖ്യാപനം നടക്കുന്നതുവരെ അഞ്ചു മിനിറ്റു നേരത്തേക്ക് ഈ വാർത്ത രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സവർക്കർ അവാർഡ് ഏർപ്പെടുത്തിയ ‘ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി’ (എച്ച്.ആർ.ഡി.എസ്) എന്ന സംഘടന തരൂരിനെ എന്തുകൊണ്ട് വിശ്വാസത്തിലെടുത്തില്ല? കേരളത്തിലെ നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിനിടെ, കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് തിടുക്കപ്പെട്ട് ജോലി നൽകിയ സംഘടന എന്ന നിലയിലാണ് പലരും ഇവരെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഈ വർഷമാദ്യം ഡൽഹിയിൽ നടന്ന ഒരു മലയാളി സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ‘ദി പ്രൈം മിനിസ്റ്റർ: നരേന്ദ്ര മോദി’ എന്ന പേരിൽ തിളക്കവും കട്ടിയുമുള്ള ഒരു നോട്ട്ബുക്ക് നൽകിയിരുന്നു ഈ സംഘടന. ആ നോട്ട്ബുക്കിൽ എച്ച്.ആർ.ഡി.എസ് എന്നതിന്റെ പൂർണരൂപം പോലും ഉണ്ടായിരുന്നില്ല. പകരം, മോദിയുടെ ചെറുതും വലുതുമായ നാനൂറിലധികം ഫോട്ടോകളാണുണ്ടായിരുന്നത്. ഒരൊറ്റ വ്യക്തിയുടെ ഇത്രയധികം ചിത്രങ്ങളുമായി ഏതെങ്കിലും ഡയറി ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
സവർക്കർ അവാർഡിനായി തരൂരിനെ കണ്ടെത്തിയത് അവിചാരിതമോ ആലോചനാരഹിതമോ ആയ പ്രവൃത്തിയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇത്തരം തീരുമാനങ്ങൾ പെട്ടെന്നുണ്ടാകുന്നവയല്ല; ആസൂത്രണത്തികവോടെ ചർച്ച ചെയ്ത്, ഉന്നതങ്ങളിൽനിന്നുള്ള അനുമതിയോടെ തീരുമാനിക്കപ്പെടുന്നവയാണ്. പ്രധാനമന്ത്രിയുടെ ഓഫിസിന് ഇതേക്കുറിച്ച് അറിവില്ലെന്നുപോലും കരുതാനാവില്ല.
ഇത് ഈ സംഭവത്തെ കൂടുതൽ കൗതുകകരമാക്കുന്നു. കാരണം, മോദി പ്രധാനമന്ത്രിയായതിന്റെ നാലാം വർഷം, 2018ൽ പ്രസിദ്ധീകരിച്ച ‘ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ: നരേന്ദ്ര മോദി ആൻഡ് ഹിസ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് തരൂർ. ‘‘മോദി ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു’’ എന്ന് ആ പുസ്തകത്തിൽ തരൂർ വാദിച്ചിരുന്നു. ഹിന്ദുത്വത്തെയും വി.ഡി. സവർക്കറെയും അതിലദ്ദേഹം തുറന്നെതിർത്തു. ഹിന്ദുക്കളും മുസ്ലിംകളും രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന് ആദ്യം വാദിച്ചത് സവർക്കറാണ്, ഈ ആശയമാണ് പിന്നീട് മുഹമ്മദലി ജിന്ന സ്വീകരിച്ചത്.
എന്നിട്ടും, തരൂർ അവാർഡ് സ്വീകരിച്ചിരുന്നെങ്കിൽ ആരും അത്ഭുതപ്പെടുമായിരുന്നില്ല. ബി.ജെ.പിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പലപ്പോഴും ‘ടോം ആൻഡ് ജെറി’ പോലെയാണ്. ബദ്ധശത്രുക്കളായി തോന്നുമെങ്കിലും, ഒരു പൊതുശത്രു വരുമ്പോൾ അവർ കൈകോർക്കുന്നു. തമ്മിൽ പോരടിക്കുമെങ്കിലും, ഒരിക്കലും പരസ്പരം മാരകമായി ഉപദ്രവിക്കാറില്ല.
പതിറ്റാണ്ടുകൾക്കുമുമ്പ് തരൂർ ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിരുന്ന കാലം മുതൽ ‘ദി ഹിന്ദു’വിൽ എഴുതിയിരുന്ന കോളങ്ങളുടെ സ്ഥിരം വായനക്കാരനാണ് ഞാൻ. 1995ൽ ഗണപതി വിഗ്രഹങ്ങൾ പാൽ കുടിക്കുന്നു എന്ന പ്രചാരണത്തെ ന്യായീകരിച്ച് അദ്ദേഹമെഴുതിയ കോളം വായിച്ചപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും ഓർക്കുന്നു. യുക്തിവാദികൾ ഇതിനെ കാപിലറി ആക്ഷൻ എന്ന് വിശദീകരിച്ചപ്പോൾ, തരൂർ ആ ആവേശത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. തരൂരിന് എന്തിനെയും ന്യായീകരിക്കാൻ കഴിയുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി.
ദക്ഷിണ കൊറിയയുടെ ബാൻ കി മൂണിനെതിരെ യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തരൂരിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച പ്രധാനമന്ത്രി മൻമോഹൻ സിങ് ചെയ്തത് വലിയൊരു രാഷ്ട്രീയ അബദ്ധമായിരുന്നു. തരൂരിന്റെ കഴിവിനായിരുന്നില്ല പ്രശ്നം, മറിച്ച് മറ്റൊരു ഏഷ്യൻ സ്ഥാനാർഥിക്കെതിരെ അദ്ദേഹത്തെ മത്സരിപ്പിച്ചു എന്നതായിരുന്നു. തരൂർ പരാജയപ്പെട്ടു, വൈകാതെ അദ്ദേഹം യു.എൻ ജോലിയും അവസാനിപ്പിച്ചു.
ആ സമയത്താണ്, വിശ്വസ്തരായ പല പാർട്ടി പ്രവർത്തകരെയും മറികടന്ന് കോൺഗ്രസ് അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്ന് മത്സരിപ്പിച്ചത്. പുറത്തുനിന്നുള്ള പ്രശസ്തരെ തെരഞ്ഞെടുത്ത ചരിത്രം തിരുവനന്തപുരത്തിനുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗവും ലണ്ടനിൽ ചെലവഴിച്ച വി.കെ. കൃഷ്ണമേനോൻ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചപ്പോൾ ഇവിടത്തുകാർ വിജയിപ്പിച്ച് പാർലമെന്റിലേക്കയച്ചിട്ടുണ്ട്.
തരൂർ നാലുതവണ ഈ സീറ്റിൽ വിജയിച്ചു. യു.ഡി.എഫ് നടത്തിയ കഠിന പരിശ്രമത്തിന്റെയും, ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉറച്ച പിന്തുണയുടെയും ഫലമായാണ് ഈ വിജയങ്ങൾ സാധ്യമായതെന്ന് രാഷ്ട്രീയ എതിരാളികൾപോലും സമ്മതിക്കും. ഒരിക്കൽ അദ്ദേഹത്തെ പരാജയപ്പെടുത്തുന്നതിന് തൊട്ടടുത്തെത്തിയ മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. രണ്ടാം യു.പി.എ സർക്കാറിൽ തരൂരിന് വിദേശകാര്യ സഹമന്ത്രി പദവി നൽകിയെങ്കിലും എല്ലാ ബുദ്ധിസാമർഥ്യങ്ങൾക്കുമപ്പുറം, ഒരു ക്രിക്കറ്റ് ടീം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. ഒരു ഇടവേളക്കുശേഷം വീണ്ടും മാനവശേഷി വകുപ്പിലെ സഹമന്ത്രിയാക്കി മൻമോഹൻ.
2009ലും 2019ലും ഒരു ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന തരൂർ കഴിഞ്ഞ വർഷം, 16,077 വോട്ടുകൾക്കാണ് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിയത്. വ്യക്തിപ്രഭാവം കൊണ്ടുമാത്രം അദ്ദേഹത്തിന് ജയിക്കാനാകുമായിരുന്നില്ല. കോൺഗ്രസ് സംഘടനാ സംവിധാനവും യു.ഡി.എഫ് വോട്ടുകളും ഒറ്റക്കെട്ടായി ലഭിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം അതിജീവിക്കില്ലായിരുന്നു.
മല്ലികാർജുൻ ഖാർഗെ, ഡോ. മൻമോഹൻ സിങ്, ബാൻ കി മൂൺ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ടു. പണ്ടേ മുഖ്യമന്ത്രിയാകാമായിരുന്ന ഖാർഗെ, ബി.ജെ.പിയെ വിട്ടുവീഴ്ചയില്ലാതെ എതിർത്തും, മതനിരപേക്ഷതക്കും സാമൂഹിക നീതിക്കുംവേണ്ടി ഉറച്ചുനിന്നും പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ തന്റെ കരുത്ത് തെളിയിച്ചു. കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാകാമെന്ന് കുറച്ചുകാലത്തേക്ക് തരൂർ വിശ്വസിച്ചിരുന്നു. എന്നാൽ, ആ പ്രചാരണം തുടങ്ങിയ ഉടനെ തന്നെ അവസാനിച്ചു.
തരൂർ യഥാർഥത്തിൽ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇന്ന് പലരും അത്ഭുതപ്പെടുന്നു. സ്വന്തം പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ അദ്ദേഹം നിരന്തരം നടത്താറുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യാ സഖ്യം ബി.ജെ.പിക്കെതിരെ പോരാടുമ്പോൾ, ബിഹാർ തെരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധിയെയും സഹോദരിയെയും പരാമർശിച്ച് കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ തരൂർ സംസാരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടുത്തിടെ ഡൽഹി സന്ദർശിച്ചപ്പോൾ, പാർലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തത് അവഗണിച്ച് തരൂർ അത്താഴവിരുന്നിൽ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയെപ്പോലെ, തനിക്ക് സൗകര്യമുള്ളപ്പോൾ മാത്രം പാർലമെന്റിൽ എത്തുന്ന പ്രകൃതമാണ് അദ്ദേഹത്തിനും.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ നേടിയ വിജയത്തെക്കുറിച്ച്, മുഴു സംസ്ഥാനവും ബി.ജെ.പി പിടിച്ചടക്കിയെന്നതുപോലെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. സാധാരണഗതിയിൽ, തരൂർ ഇതൊരു വ്യക്തിപരമായ രാഷ്ട്രീയ തിരിച്ചടിയായി കാണേണ്ടതായിരുന്നു. പകരം, അതിലും അദ്ദേഹമൊരു നിഗൂഢ ആനന്ദം പുൽകിയതുപോലെ തോന്നിച്ചു.
അതാണ് ശശി തരൂർ-ദേശീയനാകേണ്ടപ്പോൾ അന്തർദേശീയനും, പ്രാദേശികനാകേണ്ടപ്പോൾ ദേശീയനും. അദ്ദേഹത്തിന് രാഷ്ട്രീയം എന്നത് സാധാരണക്കാരുടെ ദൈനംദിന പോരാട്ടങ്ങളേക്കാളേറെ ഗ്ലാമറിന്റെയും കാഴ്ചപ്പകിട്ടിന്റെയും വിഷയമാണ്. ചുരുക്കത്തിൽ, ശശി തരൂർ ഒരു വൈരുധ്യങ്ങളുടെ എം.പിയാണ്: വാഗ്മിയും ബുദ്ധിമാനും ലോകമെമ്പാടും ആദരിക്കപ്പെടുന്നയാളുമൊക്കെയായിരുന്നിട്ടും സ്വന്തം നാട്ടിൽ അനിശ്ചിതത്വത്തിലാണ് നിൽപ്. അദ്ദേഹം വലിയ വർത്തമാനങ്ങൾ പറയുന്നുണ്ടെങ്കിലും, ആ രാഷ്ട്രീയത്തിന്റെ അടിത്തറ ഏതുസമയവും അടർന്നു വീഴാവുന്നവിധം അത്രമേൽ ദുർബലമാണ്.
jphilip@gmail.com


