വിശ്വാസം മതത്തെ ഏറ്റെടുക്കുമ്പോൾ
text_fields1990കളുടെ മധ്യത്തിലാണ്. ഇ- മെയിൽ കൗതുകത്തോടെ കാണുന്ന കാലം, ഇന്റർനെറ്റ് ഒരു സയൻസ് ഫിക്ഷൻ പോലെയും. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ എഡിറ്റോറിയൽ പേജ് ചുമതലയിലാണ് ഞാൻ. ഒരു ദിവസം ഉച്ചക്കുശേഷം സഹപ്രവർത്തകനായ സുഹൃത്ത് പ്രതീക് കാഞ്ചിലാൽ -നൊബേൽ ജേതാവ് അമർത്യ സെന്നിന്റെ മരുമകൻ മാത്രമായി പരിചയപ്പെടുത്തപ്പെടുന്നത് താൽപര്യമില്ലാത്ത, പുരസ്കാര ജേതാവായ വിവർത്തകനാണ്- ഹോട്മെയ്ൽ എന്ന ഒരു പുതിയ ഇ- മെയിൽ സേവനം പരിചയപ്പെടുത്തിത്തന്നു.
പ്രതീക് ഇതിനകം അതിലൊരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ കാലത്ത് ഞാൻ മാത്രം പിറകിലായി പോകരുതെന്ന് അവന് നിർബന്ധം. ക്ഷമയോടെ അവൻ എനിക്കൊപ്പം ഇരുന്ന് ഹോട്ട്മെയിലിൽ എന്റെ ആദ്യ ഇ- മെയിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചു. ഒരു നവലോകത്തേക്ക് കാലെടുത്തുവെച്ച മനസ്സായിരുന്നു അപ്പോൾ.
സബീർ ഭാട്ടിയ വൈകാതെ ഹോട്ട്മെയിൽ മൈക്രോസോഫ്റ്റിന് വിൽപന നടത്തിയപ്പോൾ പല ഇന്ത്യക്കാർക്കും വല്ലാത്ത പരിഭവം തോന്നി. ഹോട്ട്മെയിൽ നമ്മുടെ സ്വന്തമാണെന്ന ഭാവമായിരുന്നു. അത് തുടങ്ങിയത് നമ്മിലൊരാളാണല്ലോ. ഭാട്ടിയക്ക് പക്ഷേ, കുറേക്കൂടി വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നു. കൈയിലെത്തിയ നേട്ടത്തിൽ തൃപ്തിയടയാതെ, വിൽപനവഴി നേടിയ 40 കോടി ഡോളർകൊണ്ട് യു.എസിൽ പുതിയ സാങ്കേതിക സംരംഭങ്ങൾ സ്ഥാപിക്കാൻ തുടങ്ങി അദ്ദേഹം.
അടുത്തിടെ, അദ്ദേഹം ഒരു കൊടുങ്കാറ്റിന് തുടക്കമിട്ടു. ഒരു ഉൽപന്നം അവതരിപ്പിച്ചായിരുന്നില്ല, പകരം, മൂല്യങ്ങളെ പ്രശംസിച്ചായിരുന്നു. ഒരു എക്സ് പോസ്റ്റിൽ അഞ്ച് ഇസ്ലാമിക രീതികൾ അദ്ദേഹം സവിശേഷമായി എടുത്തുപറഞ്ഞു: ദിവസവും കൃതജ്ഞത കാണിക്കൽ (ശുക്റ്), വ്രതമെടുത്ത് സ്വയം അച്ചടക്കം ശീലിക്കൽ, നമസ്കാരത്തിന് മുന്നേ ആചാരപരമായ ശുചിത്വം വരുത്തൽ, എല്ലാവരോടുമുള്ള സഹാനുഭൂതി. ‘വിശ്വാസം മാറ്റിനിർത്താം- ഇവയത്രയും ഒരു മികച്ച മനുഷ്യനാകാനുള്ള മാർഗങ്ങളാണ്’’- അദ്ദേഹം എഴുതി. എല്ലാ വിശ്വാസക്കാരും ഈ മൂല്യങ്ങൾ സ്വാംശീകരിക്കണമെന്നുകൂടി അദ്ദേഹം ആവശ്യപ്പെട്ടു.
ധ്യാനം, യോഗ, ദാനം എന്നിവയൊക്കെയായിരുന്നു അദ്ദേഹം പ്രശംസിച്ചതെങ്കിൽ സമൂഹമാധ്യമങ്ങൾ അനുമോദനം കൊണ്ട് മൂടുമായിരുന്നു. ഈ ആചാരങ്ങൾ പക്ഷേ, ഇസ്ലാമിന്റേതായതിനാൽ ഒരു വിഭാഗം ആളുകൾ അയാളെ ആക്രമിച്ചു. അവിടെ കൃതജ്ഞതയും സഹാനുഭൂതിയുമല്ല, അവർ അവിശ്വസിക്കുന്ന വിശ്വാസമാണ് അവർക്ക് പ്രശ്നമായത്.
ഈ വിമർശകർ സ്വാമി വിവേകാനന്ദനെ വായിച്ചിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചുപോയി. ‘അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ’ എന്നു വിളിച്ച് അമേരിക്കയെ ആവേശത്തിലാഴ്ത്തിയ മഹാനായ ആ ഋഷിവര്യൻ ഇസ്ലാമിനെ കണ്ടത് ഒരു ശത്രുവായല്ല, മറിച്ച് ഇന്ത്യയുടെ ആത്മാവിന് ഗണ്യമായ സംഭാവനകളർപ്പിച്ച ഒന്നായിട്ടാണ്. ഇന്ത്യയുടെ ഭാവി നിർമിക്കപ്പെടേണ്ടത് ‘വേദാന്ത മസ്തിഷ്കവും ഇസ്ലാമിന്റെ ശരീരവും’ കൊണ്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. വേദാന്തങ്ങളുടെ ആത്മീയ ആഴവും ഒപ്പം ഇസ്ലാമിൽ ദർശിച്ച സമത്വവും അച്ചടക്കവും സാമൂഹിക പ്രായോഗികതയും ഒന്നിച്ചാകണമെന്ന് അദ്ദേഹം കണ്ടു. അടിച്ചമർത്തപ്പെട്ടവർക്ക് ഇസ്ലാം മാന്യതയും ആശ്രയവും നൽകുന്നുവെന്നും ജാതി തീർക്കുന്ന വേലിക്കെട്ടുകളുടെ ക്രൂരത എടുത്തുകളയുന്നുവെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ അത്യുദാത്ത തത്ത്വചിന്തയിൽ നിലയുറപ്പിച്ച്, 2022ൽ അന്തരിച്ച വ്യവസായി രാഹുൽ ബജാജിന്റെ മക്കളിലൊരാൾ പങ്കുവെച്ച ഒരു ലളിത സംഭവം ഞാൻ പറയാം. ബജാജ് സഹോദരന്മാർ- രാജീവും സഞ്ജീവും- കുട്ടികളായ കാലത്ത് അവരൊരിക്കൽ പുണെയിലേക്ക് കുടുംബസമേതം അംബാസഡർ കാറിൽ യാത്ര ചെയ്തു. കാറോടിച്ചത് വിശ്വസ്തനായ ജോലിക്കാരൻ ഹുസൈനാണ്. കുട്ടികളുടെ പ്രകൃതം വെച്ച് ഒരാൾ ഹുസൈനോട് വേഗത്തിൽ ഓടിക്കാൻ ആവശ്യപ്പെട്ടു. ശാന്തനായി ഹുസൈൻ അത് നിരസിച്ചു: ‘നിങ്ങളുടെ പിതാവ് ആകെയുള്ള മക്കളെ എന്നെ വിശ്വസിച്ചേൽപിച്ചതാണ്. ആ വിശ്വാസം എനിക്ക് വഞ്ചിക്കാനാകില്ല’- ഇതായിരുന്നു വാക്കുകൾ. ഉത്തരവാദിത്തത്തെക്കുറിച്ചും ആദരത്തെക്കുറിച്ചും മതാതീതമായ പാഠമായിരുന്നു ഇത്.
ഈ കഥ അടുത്തിടെ ഒരിക്കൽ എനിക്ക് തിരിച്ചുകിട്ടി. പശ്ചാത്തലം വേറെയാണെന്ന് മാത്രം. ഒരു ആപ് വഴി ഞാൻ വാഹനം ബുക്ക് ചെയ്തു. വിചിത്രമായി തോന്നി, പല ഡ്രൈവർമാരും എന്നോട് എവിടേക്കെന്ന് ചോദിച്ച് വരില്ലെന്നറിയിച്ചു. അൽപം കഴിഞ്ഞ് ഒരു ഡ്രൈവറെ വിളിച്ചപ്പോൾ അയാളുടെ അപേക്ഷ, ‘ദയവായി യാത്ര കാൻസൽ ചെയ്യരുത്, സാർ’. കൗതുകം തോന്നി, യാത്രക്കിടെ എന്തേ അങ്ങനെ പറയാനെന്നായി ഞാൻ. മടിയോടെയാണെങ്കിലും അദ്ദേഹം സങ്കടകരമായ ഒരു സത്യം പറഞ്ഞു: ഡ്രൈവറുടെ പേരിലെ മുസ്ലിം കാണുമ്പോഴേക്ക് പല യാത്രക്കാരും യാത്ര മുടക്കും. സുരക്ഷിതമായി ഡ്രൈവ് ചെയ്യുമെന്ന് അവർക്ക് വിശ്വാസമില്ല.
അതുണ്ടാക്കുന്ന നാണക്കേട് ഒന്ന് ഓർത്തുനോക്കൂ. സ്വന്തം രാജ്യത്ത് ജീവിക്കുക. സത്യസന്ധമായ ഒരു ഉപജീവനം കണ്ടെത്തുക. നികുതിയൊടുക്കുക- എന്നിട്ടും പേരിന്റെ പേരിൽ സംശയിക്കപ്പെടുക. ബജാജ് സന്തതികളുടെ വിശ്വാസം ഉറപ്പായും പാലിച്ച അന്നത്തെ ഹുസൈനിൽനിന്ന് ടാക്സി ക്യൂവിൽ ഒന്ന് വിശ്വസിക്കണേയെന്ന് യാചിക്കുന്ന നിരവധി ഹുസൈന്മാരിലേക്ക് നാമെത്തി. എവിടെയാണ് മാറ്റമുണ്ടായത്- ഹുസൈന്മാരുടെ പെരുമാറ്റത്തിലല്ല- നമ്മുടെ മുൻവിധികളിലൂന്നിയ സ്വഭാവത്തിൽ.
ഇതേക്കുറിച്ച് ഞാൻ ചിന്തിച്ചപ്പോൾ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ടെലിഗ്രാഫിൽ എഴുതിയ ഒരു കരുത്തുള്ള ലേഖനം കാണാനിടയായി. അർഹിക്കാതെ പ്രശംസിക്കാൻ മാത്രം ഉദാരതയൊന്നും കാണിക്കാത്തയാളാണ് അദ്ദേഹം. ഝാർഖണ്ഡിലെ ഗോത്രവർഗക്കാരെക്കുറിച്ച് ഒരു ഡോക്ടറൽ തീസിസ് അദ്ദേഹം വായിക്കാനിടയായി. ഗവേഷണത്തെ അദ്ദേഹം വാഴ്ത്തുന്നുണ്ട്, എഴുത്തിനെയും. രചയിതാവ് ആരാണ്?
ഉമർ ഖാലിദാണയാൾ. ഇനിയും കുറ്റം ചുമത്തപ്പെടാതെ അഞ്ചുവർഷമായി ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നയാൾ. അയാൾക്കെതിരായ ആരോപണങ്ങൾ? അദ്ദേഹം ‘ഭരണമാറ്റം’ ആഗ്രഹിച്ചത്രെ. മുതിർന്ന മാധ്യമ പ്രവർത്തക പമേല ഫിലിപ്പോസ് അടുത്തിടെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്, ഏത് പ്രതിപക്ഷ രാഷ്ട്രീയക്കാരനാണ് ഭരണമാറ്റം തേടാത്തത്? എന്നാണ്. ജനാധിപത്യം നിലനിൽക്കുന്നതുതന്നെ അതിന് മുകളിലാണ്. ഉമർ ഖാലിദ് മറ്റൊരിടത്തായിരുന്നു ജനിച്ചതെങ്കിൽ, ഇന്നദ്ദേഹം വിദ്യാർഥികളെ രൂപപ്പെടുത്തുന്ന, അവരുടെ പഠനം നിയന്ത്രിക്കുന്ന യുവ പ്രഫസറായിട്ടുണ്ടാകും. ഇവിടെ പക്ഷേ, അയാൾ ജയിലഴിക്കുള്ളിലാണ്.
സ്വത്വത്തിന്റെ പേരിൽ പാണ്ഡിത്യം സംശയമുനയിലാകുന്നെങ്കിൽ രാജ്യം ആത്മവിചാരം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മാധ്യമങ്ങൾ വൈവിധ്യവും വിമർശനവും കടുത്ത ചിന്തകളും ആഘോഷിച്ച നാളുകൾ ഞാൻ ഓർത്തുപോകുകയാണ്. മലയാളിയായ ആർ. രാജഗോപാൽ ടെലിഗ്രാഫ് എഡിറ്റ് ചെയ്തപ്പോൾ ഓരോ പ്രഭാതത്തിലും രാജ്യം മുഴുക്കെ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ ഒന്നാം പേജ് തലക്കെട്ടുകൾക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, അടുത്തിടെ കേരളത്തിൽ സംഭവിച്ച മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടു. ‘കേരളം ഒരുകാലത്ത് ദരിദ്രമായിരുന്നു. എന്നാലിന്ന് മനുഷ്യ വികസനത്തിൽ അത് ബഹുകാതം ഉയരെയാണ്. ആരാകും ഈ മാറ്റത്തിലെ ചാലകശക്തി? ഗൾഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികൾ- അഥവാ, ‘മുസ്ലിം പണം’, രാജഗോപാൽ തുറന്നടിക്കുന്നു. അവിടെ ഡ്രൈവർമാരും കൽപണിക്കാരും വെയ്റ്റർമാരും സാധാരണ തൊഴിലാളികളുമായി കത്തിയാളുന്ന സൂര്യന് ചുവടെ വിയർപ്പൊഴുക്കുന്നവർ നാട്ടിലേക്ക് പണമയക്കുന്നു. അവരുടെ സമ്പാദ്യങ്ങൾകൊണ്ട് വീടുകളുയർന്നു. വിദ്യാഭ്യാസത്തിന് ഫണ്ട് ലഭിച്ചു. ഒരു സമൂഹത്തെ മൊത്തത്തിൽ അഭ്യുന്നതിയിലെത്തിച്ചു.
ഇന്ന്, അതേ മുസ്ലിംകൾ കേരളത്തിൽ വൻതോതിൽ നിക്ഷേപമിറക്കിയിട്ടുണ്ട്. അതിനിടെ, സ്വന്തം ഇളമുറക്കാർ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് കുടിയേറിയതിനാൽ ഇവിടെ എല്ലാം നഷ്ടമാകുന്നുവെന്ന് ചിലർ പരിഭവിക്കുന്നു. അപ്പോഴും, മുസ്ലിംകൾ സ്വന്തം നാട്ടിൽ വേരുറച്ചുനിന്ന് നാടിന് സംഭാവന അർപ്പിക്കുന്നു. ഇതോട് ചേർത്തു ഞാൻ പറയട്ടെ, സ്ഥിരമായി വിദേശത്തേക്ക് കുടിയേറുന്ന അതിസമ്പന്ന ഇന്ത്യക്കാരിൽ മുസ്ലിംകൾ തുലോം കുറവാണ്. എന്നാലും, സംശയത്തിന്റെ മുന അവർക്ക് നേരെയാണ്. ഇത് യുക്തിയല്ല- മുൻവിധിയാണ്.
സബീർ ഭാട്ടിയ പ്രശംസിച്ച സാർവലൗകിക നന്മകളും വിവേകാനന്ദന്റെ സൗഹാർദത്തിലൂന്നിയ രാഷ്ട്രവും ഒരു വ്യവസായ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളുടെ സുരക്ഷ വിശ്വസിച്ചേൽപിക്കപ്പെട്ട വിധേയനായ ഡ്രൈവറും മുതൽ തന്റെ പേരു കണ്ട് തെറ്റിദ്ധരിക്കല്ലേയെന്ന് കേഴുന്ന ടാക്സി ഡ്രൈവർവരെ എല്ലാവരിലും ഉൾച്ചേർന്നുനിൽക്കുന്നത് വിശ്വാസവും അഭിമാന ബോധവുമാണ്. അത് രണ്ടും പക്ഷേ, മതത്തിലൂടെയാണ് ഇന്ന് അളക്കപ്പെടുന്നത്.
ഇന്ത്യയുടെ ശക്തി ഒരിക്കലും ഏകാത്മകത്വത്തിലായിരുന്നില്ല- രഞ്ജിപ്പിലായിരുന്നു. നമ്മുടെ സംസ്കാരം വളർന്നത് ഇതരരെ പുറത്താക്കിയല്ല, സ്വാംശീകരിച്ചാണ്. ആശയങ്ങൾ സഞ്ചരിച്ചു, സംസ്കാരങ്ങൾ ഉൾച്ചേർന്നു, വിശ്വാസങ്ങൾ പരസ്പരം സംവദിച്ചു. അങ്ങനെ അവയോരോന്നും തിടംവെച്ചു വളർന്നു.
സ്വന്തം ജനതയെ ഭയന്നിട്ട് സ്വന്തം പൈതൃകത്തെ നാം ആദരിക്കുന്നവരാകില്ല. വൈവിധ്യത്തിന്റെ പേരിൽ ഒരു രാജ്യവും തകർന്നുപോകില്ല. അവിശ്വാസം കൊണ്ടാണ് തളരുക. വിശ്വാസം ഒരു മതത്തെ ഏറ്റെടുക്കുമ്പോൾ ജനാധിപത്യത്തിന് ആത്മാവ് നഷ്ടമാകുന്നു.
ഒരു പേരിന്റെ പേരിൽ യാത്ര മുടക്കുംമുമ്പ്, വിശ്വാസത്തിന്റെ പേരിൽ ഒരു ആലോചന പങ്കുവെക്കുന്നവനെ നിരാകരിക്കുന്നതിനും ‘ഇതരന്റെ’തായതിന് നന്മകളെ പരിഹസിക്കുന്നതിനും മുമ്പ് നാം ആലോചിക്കുക. പരമമായി കൃതജ്ഞത, അച്ചടക്കം, ദാനം, സഹാനുഭൂതി എന്നിവയൊന്നും ഒരു മതത്തിനും അവകാശപ്പെട്ടതല്ല. അവ മനുഷ്യവർഗത്തിന്റെയാണ്.
നമുക്ക് മുന്നിലെ ചോദ്യം ലളിതമാണ്. ബജാജിന്റെ മക്കളെ ഹുസൈനെ വിശ്വസിച്ചേൽപിച്ച രാജ്യമാകണോ? അതല്ല, ഒരു റൈഡ് കിട്ടാൻ ഹുസൈൻ യാചിക്കുന്ന രാജ്യമാകണോ? തീരുമാനം നമ്മുടേതുതന്നെ- അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും....


