'ആത്മഹത്യക്ക് പിന്നിൽ കുടുംബമോ നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പോ അല്ല'; കോട്ടയിൽ വീണ്ടും നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി
text_fieldsകോട്ട (രാജസ്ഥാൻ): നീറ്റ് പരീക്ഷാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 18 വയസ് പ്രായം വരുന്ന ബീഹാർ സ്വദേശിയാണ് രാജസ്ഥാനിലെ കോട്ട ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
തന്റെ ആത്മഹത്യക്ക് പിന്നിൽ കുടുംബമോ നീറ്റ് യുജി പരീക്ഷക്കുള്ള തയ്യാറെടുപ്പോ അല്ല കാരണമെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ബിഹാറിലെ ചാപ്ര സ്വദേശിയായ വിദ്യാർഥി ഒരു വർഷത്തോളമായി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ്-യുജി പരീക്ഷ പരീശീലന വിദ്യാർഥിയാണെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് വിദ്യാർഥി സഹോദരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് ഹോസ്റ്റൽ മുറി പരിശോധിക്കുന്നതിന് കാരണമായത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
തന്റെ പേര്, കുടുംബ വിവരങ്ങൾ, ഫോട്ടോ എന്നിവ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് വിദ്യാർഥി ആത്മഹത്യകുറിപ്പിൽ ഉൾപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എം.ബി.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ എത്തിയതിനുശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കോച്ചിങ് സെന്‍ററിൽ ഈ വർഷം പതിനൊന്നാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ വർഷം17 പേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)