ഹജ്ജിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് 24 ലക്ഷം തട്ടി
text_fieldsചക്കരക്കല്ല്: ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് രണ്ടുകേസുകളിലായി 24 ലക്ഷം തട്ടിയതായി പരാതി. ഏച്ചൂർ സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ നാലു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്.
ഏച്ചൂർ കൊട്ടാണിച്ചേരിയിലെ ബൈത്തുൽ റഹ്മാനിൽ എം. ഹാഷിമിന്റെ പരാതിയിലാണ് മലപ്പുറം തിരൂരങ്ങാടി തിരുകുളം സ്വദേശി മുഹമ്മദ് അഫ്സൽ വലിയപീടിക, വെളിയങ്കോട് സ്വദേശി പി.വി. ഷൈലോക്ക്, കൊയിലാണ്ടിയിലെ എഴുത്തുപറമ്പിൽ സൂപ്പി, കോട്ടക്കൽ ഇരിങ്ങൽ സ്വദേശി ഷക്കീർ അൻവാരി എന്നിവർക്കെതിരെ ചക്കരക്കൽ പൊലീസ് കേസെടുത്തത്. ഹജ്ജ് കർമത്തിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽനിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മേയ് 17 വരെയുള്ള കാലയളവിൽ പല തവണകളായി 12 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഹജ്ജിന് കൊണ്ടുപോകാതെയും നൽകിയ പണം തിരികെ നൽകാതെയും വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.
അതേസമയം, ഹജ്ജിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കാഞ്ഞിരോട് സ്വദേശിയുടെ പരാതിയിലും പൊലീസ് കേസെടുത്തു.
കാഞ്ഞിരോട് സ്വദേശി ആലറമ്പിൽ അഷറഫിന്റെ പരാതിയിലാണ് മലപ്പുറം തിരൂരങ്ങാടി തിരുക്കുളത്തെ മുഹമ്മദ് അഫ്സൽ വലിയപീടിക, പി.വി. ഷൈലോക്ക്, കൊയിലാണ്ടിയിലെ എഴുത്തുപറമ്പിൽ സൂപ്പി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 31 മുതൽ മേയ് 17 വരെയുള്ള കാലയളവിൽ പലതവണകളായി 12 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഹജ്ജിന് കൊണ്ടുപോകാതെയും നൽകിയ പണം തിരിച്ചുനൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.