പോക്സോ കേസിൽ 35 വർഷം കഠിനതടവും പിഴയും
text_fieldsനെടുമങ്ങാട്: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ നെല്ലനാട് കുറ്ററ അസ്ലം മൻസിലിൽ മുഹമ്മദ് അസ്ലമിന് (22) 35 വർഷം കഠിനതടവും ഒരുലക്ഷത്തി എഴുപതിനായിരം രൂപ പിഴയും വിധിച്ച് നെടുമങ്ങാട് അതിവേഗ പോക്സോ കോടതി. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും ഇല്ലെങ്കിൽ ആറു മാസം അധികം തടവ് അനുഭവിക്കണമെന്നും ജഡ്ജ് സുധീഷ്കുമാർ വിധിയിൽ പറഞ്ഞു.
കൂടെച്ചെന്നില്ലെങ്കിൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാഹനങ്ങളിൽ കടത്തി കൊണ്ടുപോയാണ് ഓരോ തവണയും പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാവിനോട് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്. നാലുവർഷം മുമ്പാണ് സംഭവം. 26 സാക്ഷികളിൽ 23 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സരിതാ ഷൗക്കത്തലിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. എയ്ഡ് പ്രോസിക്യൂഷൻ സുനിത സഹായിയായി.


