നാലു വയസ്സുകാരിയെ പീഡിപ്പിച്ച 40കാരന് ജീവപര്യന്തം കഠിനതടവ്
text_fieldsകാമരാജ്
പുനലൂർ: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ തമിഴ്നാട് സ്വദേശിനിയായ നാല് വയസ്സുകാരിയ ലൈംഗിക പീഡനങ്ങൾക്കിരയാക്കിയ 40കാരന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ കലൈവാണൻ കാമരാജിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
കൊല്ലം ലക്ഷ്മി നടയിലും ബീച്ച് റോഡിലുമുള്ള വാടക വീടുകളിൽ ബാലികയെ ലൈംഗിക പീഡനങ്ങൾക്കും ശാരീരിക പീഡനങ്ങൾക്കും ഇരയാക്കിയെന്നാണ് കണ്ടെത്തിയത്. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ബാലനീതി നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ഡിസ്ട്രിക്റ്റ് ജഡ്ജ് അരവിന്ദ് ബി. ഇടിയോടിയാണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം മൂന്നുവർഷം കൂടി കഠിനതടവും ശിക്ഷയായി വിധിച്ചു. ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശവും ഉണ്ട്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടറായിരുന്ന ഷെഫീഖാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് കോടതിയിൽ ഹാജരായി.


