പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും
text_fieldsചാവക്കാട്: പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും. വാടാനപ്പള്ളി നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ അമര്‍ തേജസിനെയാണ് (26) ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
47 വർഷം കഠിനതടവിനും 140000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവായി.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവെച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്. 2021 ആഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ മാസം വരെയുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം.


