ബാലികയെ പീഡിപ്പിച്ച കേസിൽ 66 വർഷം കഠിനതടവും 1,10,000 രൂപ പിഴയും
text_fieldsകാട്ടാക്കട: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 66 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട ആമച്ചൽ ചന്ദ്രമംഗലം സെയിന്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം അലക്സ് ഭവനിൽ ബി. അലക്സിനെയാണ് (25) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി പ്രതി അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴത്തുക അപര്യാപ്തമായതിനാൽ മതിയായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിന് ആസ്പദമായ സംഭവം.
സ്കൂൾ അധികൃതർ നൽകിയ വിവരം അനുസരിച്ച് കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ്, അഡ്വ. പ്രസന്ന, അഡ്വ. പ്രണവ് എന്നിവർ ഹാജരായി.


