പാനിപൂരി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിളിച്ചിറക്കി; യു.പിയിൽ എട്ടുവയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചുകൊന്നു
text_fieldsഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനായ രവി കശ്യപ് എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് വെള്ളിയാഴ്ചയാണ് പ്രതി കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്.
തുടർന്ന് വീടിന് സമീപത്തെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അതിനുശേഷം ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതിയായ രവി കശ്യപ് കണ്ണൗജ് ജില്ലയിലെ ഛിബ്രമൌ സ്വദേശിയാണ്. കുട്ടിയുടെ പിതാവും പ്രതിയും ഒരേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഒരേ കെട്ടിടത്തിലെ വാടകമുറികളിലായിരുന്നു താമസിച്ചിരുന്നതും. യഥാർഥത്തിൽ ബദൗൺ ജില്ലക്കാരായ കുട്ടിയുടെ കുടുംബം, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.
ബുലന്ദ്ഷഹർ ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ സികന്ദ്രാബാദ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1), 238 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിച്ച് വിവിധയിടങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.


