അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദനം; പ്രതി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ മരവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. പൊറത്തിശ്ശേരി ഇക്കണ്ടപറമ്പിൽ ജിഷ്ണുവിനെയാണ് (30) ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്തിന് (43) നേരെ ആക്രമണമുണ്ടായത്.
പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. മരവടി കൊണ്ടുള്ള അടിയിൽ സുജിത്തിന് പരിക്കേറ്റിരുന്നു. പിടിയിലായ ജിഷ്ണു വധശ്രമം, പോക്സോ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട്, കൊരട്ടി, തൃശൂർ റൂറൽ വനിത പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി അഞ്ച് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. സമാധാന ലംഘനം നടത്താതിരിക്കാനുള്ള മുൻകരുതൽ നടപടികൾക്കും ഇയാൾ വിധേയനായിട്ടുണ്ട്.


