വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരസംഘം സംരക്ഷണകേന്ദ്രത്തിൽ
text_fieldsആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ അടുത്ത ബന്ധുവായ 13കാരിയടക്കമുള്ള കൗമാരസംഘത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. നിയമത്തെ അനുസരിക്കാത്ത കുട്ടികളെ പാർപ്പിക്കുന്ന സംരക്ഷകേന്ദ്രത്തിലേക്കാണ് പെൺകുട്ടിയെയും 16ഉം 17ഉം വയസ്സുള്ള ആൺകുട്ടികളെയും മാറ്റിയത്.
എല്ലാവരും 18 വയസ്സിന് താഴെയുള്ളവരായതിനാൽ ബാലനീതി നിയമപ്രകാരം തുടർനടപടികളുണ്ടാകും. മുതിർന്നവർ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ ലഭിക്കുന്നതിനേക്കാൾ ലഘുവായ ശിക്ഷയാവും ലഭിക്കുക. അതിനാൽ 16-18 പ്രായപരിധിയിലുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ അവരെ മുതിർന്നവരായി കണ്ട് വിചാരണ നടത്താൻ പൊലീസ് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക കൗൺസലിങ് നൽകും.
കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുടുംബ ബന്ധങ്ങളിലെ തകർച്ചയും മതിയായ സ്നേഹവും കരുതലും ലഭിക്കാത്തതും ദുഷിച്ച കൂട്ടുകെട്ടിലേക്ക് ഇവരെ നയിച്ചു. ഫോണിന്റെയും സിനിമകളിലെ കുറ്റകൃത്യങ്ങളുടെയും സ്വാധീനം കൗമാരക്കാരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു.
ഇത്തരത്തിലാണ് ആസൂത്രിത കുറ്റകൃത്യം നടത്താനും തെളിവ് നശിപ്പിക്കാനുമുള്ള ധൈര്യവും കഴിവും ആർജിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം മനോരോഗ വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും നടത്തും.


