അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും
text_fieldsഅനൂപ്
കോയിപ്രം: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറുങ്ങഴ, കാഞ്ഞിരപ്പാറ തടത്തിൽ ഉന്നതിയിൽ അനൂപിനെ (38)യാണ് ശിക്ഷിച്ചത്. അയൽവാസിയായ സന്തോഷ് എന്ന യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്ത കുറ്റത്തിനാണ് അഞ്ചുവർഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
പത്തനംതിട്ട അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എഫ്. മിനിമോളാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് അനൂപിനെതിരെ സന്തോഷ് പരാതി അയച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കോയിപ്പുറം പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന സജീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തത് സബ് ഇൻസ്പെക്ടർ താഹ കുഞ്ഞ് ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിന്നി ബി. ഹാജരായി.


