യല്ലലിംഗ കൊലക്കേസ്: ഒമ്പത് പ്രതികളും കുറ്റമുക്തർ
text_fieldsബംഗളൂരു: യല്ലലിംഗ കൊലപാതകക്കേസിൽ 10 വർഷത്തെ വിചാരണക്കൊടുവിൽ ഒമ്പത് പ്രതികളെയും കുറ്റമുക്തരാക്കി കൊപ്പാൾ കോടതി. കേസ് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കുകയും അന്നത്തെ മന്ത്രി ശിവരാജ് തങ്കഡഗി രാജിവെക്കാനിടയാക്കുകയും ചെയ്തിരുന്നു. യല്ലലിംഗയുടേത് കൊലപാതകമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആത്മഹത്യയാണെന്നും കോടതി കണ്ടെത്തിയതായി പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഗംഗാധർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
യല്ലലിംഗ
കനകഗിരി താലൂക്കിലെ വിദ്യാർഥിയായ യല്ലലിംഗയുടെ മൃതദേഹം 2015 ജനുവരി 11നാണ് കൊപ്പാൾ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്.തന്റെ ഗ്രാമത്തിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ യല്ലലിംഗയെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി ശിവരാജ് തങ്കഡഗിയുടെ അനുയായി കോൺഗ്രസ് നേതാവ് ഹനുമേഷ് നായിക്, ബാലനഗൗഡ, കടമഞ്ച്, മഹാന്തേഷ് നായിക്, മനോജ് പാട്ടീൽ, നന്ദിഷ്, പരശുറാം, യമനൂരപ്പ, ദുർഗപ്പ എന്നിവരായിരുന്നു പ്രതിപ്പട്ടികയിൽ.തന്റെ അനുയായി അറസ്റ്റിലായതോടെയാണ് കനകഗിരിയിൽനിന്നുള്ള മന്ത്രി ആയിരുന്ന ശിവരാജ് തങ്കഡഗിക്കുനേരെയും ആരോപണമുയർന്നതും രാജിവെക്കേണ്ടി വന്നതും.