വാഹന പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ വിഷ്ണു, ശരത്
പാരിപ്പള്ളി: കല്ലുവാതുക്കൽ ബിവറേജിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേൽപിക്കുകയും വാഹനം അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിൽ.കല്ലുവാതുക്കൽ പാമ്പുറം ശ്രീരാമവിലാസം വീട്ടിൽ വിഷ്ണു (33), ചിറക്കര ഇടവട്ടം ഹരിതശ്രീയിൽ ശരത് (33) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കല്ലുവാതുക്കൽ ബിവറേജിൽ മദ്യം വാങ്ങാനെത്തിയ പാരിപ്പള്ളി കാവടിക്കോണം സ്വദേശി വീനസിനെയും (37) സുഹൃത്തുക്കളെയുമാണ് പ്രതികൾ ഉൾപ്പെട്ട സംഘം മർദിച്ചച്ചത്. ബിവറേജിന് മുന്നിൽ ഇവരുടെ വാഹനം ശരിയായ രീതിയിലല്ല പാർക്ക് ചെയ്തതെന്ന് ആരോപിച്ച് പ്രതികൾ ചീത്ത വിളിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വീനസിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയുമായിരുന്നു.
ബിയർ കുപ്പികൊണ്ട് തലയിലും മുഖത്തും മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും തടിക്കഷണം ഉപയോഗിച്ച് തലക്ക് പുറകിൽ അടിക്കുകയും ചെയ്തു. വീനസും സുഹൃത്തുക്കളും എത്തിയ വാഹനവും പ്രതികൾ തകർത്തു. പാരിപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്.ഐമാരായ നിതിൻ നളൻ, അനിൽ, പ്രകാശ്, അനന്തു, സി.പി.ഒമാരായ സബിത്, നികേഷ്, നൗഫൽ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.