പെൺകുട്ടിക്ക് പീഡനം; ലോഡ്ജിൽ മുറി അനുവദിച്ചയാൾ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജിൽ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു. ലോഡ്ജ് നടത്തിപ്പുകാരൻ താഴേക്കോട് സ്വദേശി കുന്നപ്പള്ളി വീട്ടിൽ അൻഷാദിനെയാണ് (33) പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവുൾപ്പെടെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
പ്രതികളെ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുവന്ന സമയത്ത് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെയും പരിശോധിക്കാതെയും മുറി കൊടുക്കുകയും പ്രതിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ബോധ്യപ്പെട്ടിരുന്നു.
പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പല ദിവസങ്ങളിലായി പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതായി പെൺകുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.


