വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം അറസ്റ്റിൽ
text_fieldsവ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘത്തിൽ അറസ്റ്റിലായവർ
പെരുമ്പടപ്പ്: പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പിടിയിൽ. അന്തർസംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സിയാൻ ഫോട്ടോ സ്റ്റുഡിയോ ഉടമ തെലക്കൽ ഷമീർ (32) എന്നിവരെയാണ് പെരുമ്പാവൂരിൽനിന്ന് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് കമ്പ്യൂട്ടറും കളർ പ്രിൻററുകളും പിടിച്ചെടുത്തു.
കഴിഞ്ഞയാഴ്ച അന്തർസംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ പെരുമ്പടപ്പ് സി.ഐ കേഴ്സൻ മാർകോസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ തണ്ടേക്കാടുള്ള ഇവരുടെ താമസസ്ഥലം പരിശോധിച്ചതിൽ പ്രതികളായ കാവനാട് ശശിയും കൊലക്കേസ് പ്രതി കൂടിയായ ഉണ്ണികൃഷ്ണനും വ്യാജ മേൽവിലാസത്തിലാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. തുടരന്വേഷണത്തിലാണ് ഇവരെ ജാമ്യത്തിലിറക്കുകയും ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയാൻ വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും സംഘടിപ്പിച്ച് നൽകുകയും ചെയ്തത് പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശി ഷംസുദ്ദീനാണെന്ന് വ്യക്തമായത്.
ആവശ്യക്കാരിൽനിന്ന് വൻ തുക ഈടാക്കിയാണ് ഷംസുദ്ദീനും ഷമീറും രേഖകൾ വ്യാജമായി നിർമിച്ച് നൽകുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിച്ചുവരുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ തിരിച്ചറിയൽ കാർഡുകൾ വൻതോതിൽ നിർമിച്ച് നൽകിയതായി പൊലീസ് സംശയിക്കുന്നുണ്ട്. സി.ഐക്ക് പുറമെ എസ്.ഐമാരായ ശ്രീനി, പോൾസൺ, എ.എസ്.ഐ ശ്രീലേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, നാസർ, വിഷ്ണു, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.