എം.ഡി.എം.എയുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsജഹാംഗീർ
കൊടുവള്ളി: മാരക ലഹരി മരുന്നായ ആറ് ഗ്രാം എം.ഡി.എം.എയുമായി അന്തർസംസ്ഥാന തൊഴിലാളിയെ കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള അന്വേഷണസംഘം പിടികൂടി. കൊടുവള്ളിക്ക് സമീപം നെല്ലാങ്കണ്ടിയിൽ കഴിഞ്ഞ നാലു വർഷത്തോളമായി വാടകക്ക് താമസിച്ചുവരുന്ന അന്തർസംസ്ഥാന തൊഴിലാളിയും എക്സ്കവേറ്റർ ഡ്രൈവറുമായ കർണാടക മംഗളൂരു സ്വദേശി ജഹാംഗീർ (36)നെയാണ് ശനിയാഴ്ച രാവിലെ 10ഓടെ താമസസ്ഥലത്തുനിന്നും പിടികൂടിയത്.
ഇയാൾ പകൽ സമയങ്ങളിൽ എക്സ്കവേറ്റർ ഡ്രൈവറായി പല സ്ഥലങ്ങളിൽ ജോലിക്കു പോവുകയും ഇതിന്റെ മറവിൽ ലഹരി മരുന്ന് വിൽപന നടത്തുകയും ചെയ്യുകയാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപന നടത്തുന്നതിനായുള്ള നിരവധി സിപ്പ് ലോക്ക് കവറുകളും ഡിജിറ്റൽ ത്രാസും ഇയാളിൽനിന്ന് കണ്ടെടുത്തു. ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിൽ ചില്ലറ വിൽപനക്കാരനാണ് ഇയാൾ. ഒരു മാസത്തോളമായി കോഴിക്കോട് റൂറൽ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
നാർകോട്ടിക്സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ.എസ്.പി കെ. സുശീർ എന്നിവരുടെ നിർദേശ പ്രകാരം സ്പെഷൽ സ്ക്വാഡ് എസ്.ഐ. രാജീവ് ബാബു, സീനിയർ സി.പി.ഒമാരായ എൻ.എം. ജയരാജൻ പി.പി. ജിനീഷ്, കൊടുവള്ളി എസ്.ഐ ബേബി മാത്യു, സീനിയർ സി.പി.ഒമാരായ പി. പ്രസൂൺ. കെ. സിഞ്ചിത്ത്. എം. ശ്രീനിഷ്, കെ.എച്ച്.ജി. അരവിന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.