എം.ഡി.എം.എയുമായി പിടിയിൽ
text_fieldsതൻസീർ
ചടയമംഗലം: നിലമേലിൽ ഒരു ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൊത്തവിതരണക്കാരൻ ചടയമംഗലം എക്സൈസിന്റെ പിടിയിൽ. നിലമേൽ, കൈതോട് ഭാഗങ്ങളിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ മൊത്തവിതരണക്കാരനായ തിരുവനന്തപുരം വർക്കല മടവൂർ ഈട്ടിമൂട് തങ്കക്കല്ല് തൻസീർ മൻസിലിൽ തൻസീർ (43) ആണ് പിടിയിലായത്. ഇയാളിൽനിന്നും 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്.
നിലമേൽ കണ്ണങ്കോട് ജങ്ഷനിൽനിന്നും പള്ളിയിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്. ബംഗളുരുവിൽനിന്നും നേരിട്ട് എം.ഡി.എം.എ വൻതോതിൽ നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് രീതി. രാത്രി സർവിസ് ബസുകളിലാണ് ഇയാൾ സാധാരണയായി ലഹരിമരുന്ന് കടത്തുന്നത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പ്രതി ഉൾപ്പെട്ട ലഹരി മാഫിയ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്സൈസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കും. അറസ്റ്റിന് ശേഷം പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.ബി. നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ബിനു, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സബീർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയേഷ്, ചന്തു, ബിൻസാഗർ, ശ്രേയസ്, അരുൺ, ജിനു, ശരണ്യ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ സാബു എന്നിവരും പങ്കെടുത്തു.


