ജനമധ്യത്തിൽ അരുംകൊല; അസം സ്വദേശിയുടെ ജീവനെടുത്തത് ചീട്ടുപയോഗിച്ചുള്ള ചൂതാട്ടം
text_fieldsകിഴിശ്ശേരി: ജനങ്ങള്‍ നോക്കിനില്‍ക്കെ സ്വന്തം നാട്ടുകാരനും സുഹൃത്തുമായ തൊഴിലാളിയെ പൊതുനിരത്തില്‍ നിര്‍ദയം ഓട്ടോ കയറ്റി കൊലപ്പെടുത്തിയ അസം സ്വദേശി നാഗൗണ്‍ ജില്ലയിലെ കച്ചുവ പാമില്ല ജരാണി സ്വദേശി ഗുര്‍ജാര്‍ ഹുസൈനെ കൊടും ക്രൂരതയിലേക്ക് നയിച്ചത് ചീട്ടുപയോഗിച്ചുള്ള ചൂതാട്ടം.
മൂന്ന് കുട്ടികളും ഭാര്യയുമായി സ്വന്തം നാട്ടില്‍ നിന്ന് കിഴിശ്ശേരിയിലെത്തി നിർമാണ ജോലികള്‍ ചെയ്തു വരികയായിരുന്ന അസം നാഗൗണ്‍ ജില്ലയിലെ കച്ചുവ ജൂരീര്പാര് സ്വദേശി അഹദുല്‍ ഇസ്ലാമിനെ ഇല്ലാതാക്കിയത് ഇരുവരുമൊന്നിച്ച പണം വെച്ചുള്ള ചീട്ടുകളിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്ക്കമായിരുന്നെന്ന് പ്രതിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചൂതാട്ടവും നിയന്ത്രണമില്ലാതെ തുടരുന്ന ലഹരി ഉപയോഗവും ആവര്‍ത്തിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ കൊലപാതകങ്ങളും കിഴിശ്ശേരി ഗ്രാമത്തില്‍ അശാന്തി പരത്തുകയാണ്.
ബന്ധുക്കളായ അസം സ്വദേശികളും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു ഗുര്‍ജാര്‍ ഹുസൈന്റെ കൊടും ക്രൂരത. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. പിടിയിലായ പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. പണം വെച്ചുള്ള ചൂതാട്ടത്തിന്റെ ലഹരിയും അരിശവും നിര്‍ദയമായ കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ സാക്ഷ്യം വഹിച്ച ഞെട്ടലിലാണ് കിഴിശ്ശേരിക്കടുത്തെ പൊക്കനാള്‍ ഗ്രാമം. അറുംകൊലക്ക് ഗുര്‍ജാര്‍ ഹുസൈന് അരങ്ങാക്കിയത് സ്കൂൾ കവാടവുമായിരുന്നു. കിഴിശ്ശേരിയെ ഞെട്ടിച്ച രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാഴി കൊലപാതകമായിരുന്നു ബുധനാഴ്ച രാത്രിയിലേത്. ഇതിനു മുമ്പ് 2023 മെയ് 13ന് ആള്‍ക്കൂട്ടത്തിന്റെ മർദനത്തിനിരയായി കിഴിശ്ശേരി ഒന്നാം മൈലില്‍ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയും കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ നാട്ടുകാരായിരുന്നു പ്രതികള്‍.
കോടതിയുടെ മുന്നിലെത്തിയ ഈ കേസ് പുനരന്വേഷണ പാതയിലാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ ബിഹാര്‍ സ്വദേശിയെ പ്രദേശത്തെ ഒരു വീട്ടുപരിസരത്ത് കണ്ടതാണ് ആള്‍ക്കൂട്ട ആക്രമണത്തിനും തൊഴിലാളിയുടെ മരണത്തിനും കാരണമായത്. കൊലപാതകത്തിന്റെയും കേസില്‍ നാട്ടുകാര്‍ പ്രതികളായതിന്റെയും നിലനിൽക്കേയാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും അരുംകൊല അരങ്ങേറിയത്.
വിവിധ സംസ്ഥാനങ്ങളില്നിന്നെത്തുന്നവര് പലരും മതിയായ രേഖകള്‍ പോലുമില്ലാതെയാണ് മിക്ക വാടക കെട്ടിടങ്ങളിലും കഴിയുന്നത്. രാത്രികളില്‍ കവലകളിൽ നിറയുന്ന ഒരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മദ്യ വിൽപനയും സജീവമാണെന്ന പരാതികള്‍ വ്യാപകമാണ്. ചൂതാട്ടം പോലുള്ള വിനോദങ്ങളും കൂടിയാകുമ്പോള്‍ പകയും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നത് തടയാന്‍ അടിയന്തര ഇടപെടലുകള്‍ ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.