ഹൈടെക് രീതിയില്‍ എ.ടി.എം കവര്‍ച്ചശ്രമം: പ്രതികൾ പിടിയിൽ
text_fieldsപിടിയിലായവർ
കരുനാഗപ്പള്ളി: തഴവ വില്ലേജ് ജങ്ഷനില്‍ ഹൈടെക് രീതിയില്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി; പൊലീസ് തടഞ്ഞത് വന്‍ കവര്‍ച്ച. മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി (40), പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മൊസ്താക്കിൻ ഗാസി (19) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് തഴവയിലെ വില്ലേജ് ജങ്ഷനിലുള്ള ഹിറ്റാച്ചി എ.ടി.എമ്മിൽ മുഖം മൂടി ധരിച്ചുകയറിയ ഇരുവരും സി.സി.ടി.വിയില്‍ പ്രത്യേക കെമിക്കല്‍ സ്പ്രേ ചെയ്ത് ചിത്രം തെളിയുന്നത് ഒഴിവാക്കിയാണ് കവര്‍ച്ചശ്രമം നടത്തിയത്.
കൗണ്ടറിലെ കാമറ മറച്ചുവെച്ചശേഷം പ്രത്യേകതരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ചത്. ഈ ആയുധങ്ങള്‍ മുഴുവന്‍ പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. ചോദ്യംചെയ്യലില്‍ കരുനാഗപ്പള്ളിയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ഇവര്‍ വന്‍ കവർച്ചക്ക് പദ്ധതിയിടുകയായിരുന്നുവെന്ന് സമ്മതിച്ചു. തിരിച്ചറിയാതിരിക്കാൻ ഇവര്‍ രൂപമാറ്റം വരുത്തിയിരുന്നു.
എ.ടി.എം ഉടമ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നല്കിയ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് എ.ടി.എമ്മിലെയും പരിസരപ്രദേശങ്ങളിലെയും സി.സി. ടി.വികൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ചും തൊപ്പിവെച്ചും വന്ന രണ്ടുപേരാണ് പ്രതികളെന്ന് കണ്ടെത്തി.
പരിസരത്തുള്ള എ.ടി.എമ്മുകളില്‍ നടത്തിയ ഇടപാടുകള്‍ പിന്തുടര്ന്ന് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണവും ഇവര്‍ ഉപയോഗിച്ച കാര്‍ഡില്‍ നിന്നുള്ള വിവരങ്ങളും വിലാസവുമാണ് ഇരുവരെയും തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. വള്ളിക്കാവില്‍ താല്‍ക്കാലിക താമസക്കാരായ ഇവര്‍ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ജോലിയിലേർപ്പെടുന്നവരായിരുന്നു.
മറ്റ് എ.ടി.എമ്മുകൾ പൊളിക്കാൻ പദ്ധതിയിട്ടിരുന്ന സമയത്താണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷാജിമോൻ, എ. റഹീം, സനീഷകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.