മദ്യലഹരിയിൽ യുവാവ് അയൽവാസികളെ വീട്ടിൽ കയറി വെട്ടി; നാലുപേർക്ക് ഗുരുതര പരിക്ക്
text_fieldsകോലഞ്ചേരി: മദ്യലഹരിയിൽ യുവാവ് അയൽവാസികളായ നാലുപേരെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. കോലഞ്ചേരിക്കടുത്ത് എഴിപ്രത്താണ് സംഭവം. എഴിപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ (60), ഭാര്യ സാറാമ്മ (55), മകൾ റോസ് ലിൻ (28), മരുമകൻ ബേസിൽ (30) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ നാലുപേരെയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട്മൂന്നോടെയാണ് സംഭവം. ആക്രമണം നടത്തിയ അയൽവാസി മാന്താനത്തിൽ അനൂപിനെ (35) പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബൈക്കിൽ വീടിന് മുന്നിലൂടെ പോയപ്പോൾ നിരവധി തവണ കളിയാക്കി എന്നതാണ് പ്രകോപനത്തിന് കാരണമെന്ന് അനൂപ് പുത്തൻകുരിശ് പൊലീസിന് മൊഴി നൽകി. പട്ടിമറ്റത്തെ കടയിൽ പോയി വെട്ടുകത്തി വാങ്ങി തിരിച്ച് വന്നാണ് അക്രമം നടത്തിയത്. കനത്ത മഴയായതിനാൽ വീട്ടുകാർ അകത്തെ മുറികളിലായിരുന്നു. പീറ്ററിനെ ആക്രമിക്കുന്നത് കണ്ടാണ് മറ്റുള്ളവർ ഓടിെയത്തിയത്. ഇതോടെ ഇവരെയും വെട്ടി. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും കത്തിയുമായി നിൽക്കുന്ന അനൂപിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.
തുടർന്ന് കടയിരുപ്പിലെ ഓട്ടോ തൊഴിലാളികളായ രണ്ടുപേർ അകത്തുകയറിയാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് പുത്തൻകുരിശ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. അനൂപ് അയൽവാസികളെ ശല്യം ചെയ്യുന്നതും വഴക്കുണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടുകാരോട് പിണങ്ങിക്കഴിയുന്ന ഇയാൾ നാട്ടിലും വീട്ടിലും ആരോടും സംസാരിക്കുന്ന പ്രകൃതക്കാരനല്ല.