വീട്ടിൽ കയറി ആക്രമണം; പ്രതി പിടിയിൽ
text_fieldsസ്റ്റെഫിൻ
ചടയമംഗലം: ആയൂരിൽ ഭാര്യയുടെ മൊബൈൽ നമ്പർ ബന്ധുവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത് കണ്ടതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ കയറി ബന്ധുവിനെയും ഭാര്യയെയും തലക്കടിച്ചു മുറിവേൽപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് യുവാവ് പിടിയിൽ. ആയുർ വയ്ക്കൽ വഞ്ചിപ്പെട്ടി സ്റ്റെഫിൻ ഭവനിൽ സ്റ്റെഫിനെയാണ് (28) ചടയമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ രാത്രി 11 ഓടെ വഞ്ചിപ്പട്ടിയിൽ താമസിക്കുന്ന ബിനുരാജിന്റെ വീട്ടിൽ കയറി ബിനുരാജിനെയും ഭാര്യയെയുമാണ് സ്റ്റെഫിൻ തടി കമ്പ് കൊണ്ട് മർദിച്ചു മുറിവേൽപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബിനു രാജിന്റെ മൊബൈൽ ഫോണിൽ പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ സേവ് ചെയ്തിരിക്കുന്നത് കണ്ടതിന്റെ വൈരാഗ്യത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ തടി കമ്പുമായി വീടിനകത്തേക്ക് അതിക്രമിച്ചു കയറി ബിനു കുമാറിനെ തലക്കും ദേഹത്തും അടിച്ചു മുറിവേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ബിനു കുമാറിന്റെ ഭാര്യയെയും അക്രമിച്ചു.
ബോധം നഷ്ടപ്പെട്ട് തറയിൽ കിടന്ന ബിനു കുമാറിനെയും തലയ്ക്കു മുറിവേറ്റ ഭാര്യയെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചടയമംഗലം പൊലീസ് ബിനുരാജിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതി സ്റ്റെഫിനെ വയ് ക്കൽ ഭാഗത്തുനിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


