വയോദമ്പതികളുടെ വീടിനുനേരെ ആക്രമണം
text_fieldsവൈരമലയിൽ ആക്രമണം നടന്ന വീട്ടിൽ പൊലീസ് തെളിവെടുക്കുന്നു
കല്ലമ്പലം: വയോദമ്പതികൾ താമസിക്കുന്ന വീടിനുനേരെ ആക്രമണം. അക്രമികൾ വീടിന് തീയിടുകയും ആടിനെ കഴുത്തറുത്ത് കൊന്ന് തോട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. നാവായിക്കുളം വൈരമല ഹനിയ മൻസിലിൽ ഷംസുദ്ദീന്റെ വീടാണ് തീവെച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച ഒന്നിനായിരുന്നു സംഭവം. ഷംസുദ്ദീനും ഭാര്യ സാബിറയും സുഖമില്ലാത്ത മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റൊരു മകനുണ്ടെങ്കിലും ഇവിടെയല്ല താമസം. ഉറങ്ങുകയായിരുന്നു ഇവർ അർദ്ധരാത്രി തീപിടിത്തം കണ്ടാണ് ഉണർന്നത്. വീടിന്റെ മുൻ ഭാഗത്ത് തീ ആളുകയായിരുന്നു.
അടുക്കള വാതിലിലൂടെ പുറത്തിറങ്ങിയ ഷംസുദ്ദീൻ വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയതിനാൽ മറ്റു ഭാഗങ്ങളിലേക്ക് വ്യപിച്ചില്ല. ഫർണീച്ചറുകൾ കത്തിനശിച്ചു. ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ ചെറുതോട്ടിൽ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. പഞ്ചായത്തംഗം വിജിൻ അറിയിച്ചതിനെത്തുടർന്ന് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി.
ശത്രുക്കളാരുമില്ലാത്ത ഷംസുദ്ദീന്റെ വീടിന് തീയിട്ടതിനും ആട്ടിൻകുട്ടിയെ കഴുത്തറുത്തു കൊന്നതിനും പിന്നിൽ ആരാണെന്ന് വ്യക്തമല്ല. വീടിനു സമീപത്തുനിന്ന് പൊട്ടിയ മദ്യക്കുപ്പിയും വീടിന്റെ ഭിത്തിയിൽ കല്ലുകൊണ്ട് സെയിദലി എന്ന് എഴുതിയതും കണ്ടെത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ആട്ടിൻകുട്ടിയെ മറവ് ചെയ്തു. സ്ഥലവാസി സൗജന്യമായി നൽകിയ ഭൂമിയിൽ ജീവകാരുണ്യ പ്രവർത്തകൻ ടോണി നിർമിച്ചുനൽകിയ വീട്ടിലാണ് ഷംസുദ്ദീനും കുടുംബവും താമസിക്കുന്നത്.


