ഹോട്ടൽ തൊഴിലാളിയെ ആക്രമിച്ചവര്‍ പിടിയില്‍
text_fieldsനേമം: പൂജപ്പുരയിലെ ഹോട്ടലിലെ തൊഴിലാളികളെ ആക്രമിച്ചവര്‍ പിടിയിലായി. കുഞ്ചാലുമ്മൂട് ടി.സി 20/19 പള്ളിവിളാകം വീട്ടില്‍ അന്‍സാരി (49), കുഞ്ചാലുമ്മൂട് ടി.സി 20/1425 പള്ളിവിളാകം വീട്ടില്‍ ബാദുഷ (52) എന്നിവരാണ് പിടിയിലായത്. ജൂലൈ 20ന് രാത്രി 12.30നായിരുന്നു സംഭവം. പൂജപ്പുരയിലെ ഇറാനി ഹോട്ടലിലെ ജോലിക്കാരന് ബാദുഷ (25) ആണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നാലംഗസംഘം സംഭവദിവസം മദ്യപിച്ചശേഷം ഹോട്ടലിനു സമീപത്തിരുന്നത് മൂന്ന് തൊഴിലാളികള്‍ ചോദ്യംചെയ്തു. ഇതിന്റെ വിരോധത്തില്‍ സംഘം തൊഴിലാളികളെ വാള്‍കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
ചോദ്യം ചെയ്തതിനാണ് കാസര്‍കോഡ് പാടി ഇടനീര്‍ ചുരിഹൗസില് ബാദുഷയെ ആക്രമിച്ചത്. ഹോട്ടല്‍ജോലി കഴിഞ്ഞ് കുഞ്ചാലുമ്മൂട്ടിലെത്തിയ ബാദുഷയെ ബസ്റ്റോപ്പില്‍ വച്ച് സംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബാദുഷ ആശുപത്രിയില്‍ ചികിത്സ തേടി.
സി.സി ടി.വി ദൃശ്യങ്ങള്‍ പ്രതികളെ തിരിച്ചറിയാന്‍ സഹായകമായി. ഫോര്‍ട്ട് സി.ഐ എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ കരമന സി.ഐ അനൂപ്, എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ജയചന്ദ്രന്, ഹിരണ്‍, കൃഷ്ണകുമാര്‍, ശരത്ചന്ദ്രന് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.