ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ റിമാൻഡിൽ
text_fieldsപിടിയിലായവർ
ചവറ: നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെയും ബന്ധുവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ ചവറ കോടതി കോടതി റിമാൻഡ്ചെയ്തു. തേവലക്കര പടിഞ്ഞാറ്റേക്കര എ.ജെ ഭവനത്തിൽ അതുൽ (24), അരിനല്ലൂർ കൊല്ലച്ചേഴത്ത് കിഴക്കതിൽ ശ്യാം ശശിധരൻ (21) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് അക്രമിസംഘം കോയിവിള, പടപ്പനാൽ, അരിനല്ലൂർ ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനിടെ അക്രമി സംഘം സഞ്ചരിച്ച ബൈക്ക് കോയിവിള ഭരണിക്കാവ് ഷാ മൻസിലിൽ ഷഹൻഷയും ബന്ധുവും സഞ്ചരിച്ച ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചു.
ഇതോടെ ഷഹൻഷ ഇത് ചോദ്യം ചെയ്തു. തുടർന്ന് അക്രമി സംഘം തോട്ട പോലുള്ള സ്ഫോടക വസ്തു ഇവരുടെ നേരെ എറിഞ്ഞ് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. തെക്കുംഭാഗം സി.ഐ ശ്രീകുമാർ, എസ്.ഐ സായിസേനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാഗിൽനിന്ന് നാല് ബോംബുകൾ കൂടി കണ്ടെടുത്തു.
സ്റ്റേഷനിലെത്തിച്ച ബോംബുകൾ ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി. ബോംബ് നിര്‍മാണത്തില്‍ പങ്കാളികളായവരെ കുറിച്ച് അന്വഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.