യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsകാക്കനാട്: കുടുംബതർക്കത്തെത്തുടർന്ന് രണ്ടാംഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി അനിൽകുമാറാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കാക്കനാട് അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. ജയശ്രീ താമസിച്ചിരുന്ന ഹോസ്റ്റലിന് മുന്നിലെത്തിയ അനിൽകുമാർ, കാനിൽ കരുതിയ പെട്രോൾ ഇവരുടെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തിയശേഷം ഓടുകയായിരുന്നു.
ജയശ്രീയുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.


