ആംബുലൻസിന്റെ ചില്ല് അടിച്ച് തകർത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsരഞ്ജീഷ്
കൊടുങ്ങല്ലൂർ: വെള്ളിയാഴ്ച രാത്രി എ.ആർ ആശുപത്രി അങ്കണത്തിൽ ആംബുലൻസിന്റെ ചില്ല് അടിച്ച് തകർക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് വീട്ടിൽ രഞ്ജീഷിനെയാണ് (44) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽനിന്ന് അപസ്മാരം ബാധിച്ച മൂന്നു വയസ്സുകാരി പെൺകുട്ടിയെയും കൊണ്ട് ഏ.ആർ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസ് ചന്തപ്പുരയിൽവെച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോ ടാക്സിയുടെ സെഡിൽ തട്ടിയിരുന്നു.
ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്താതെ സമീപത്തുള്ള എ.ആർ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് ഓട്ടോ ടാക്സിയുമായി എത്തിയ പ്രതി ജാക്കി ലിവർ കൊണ്ട് ആംബുലൻസിന്റെ മുൻവശം ഗ്ലാസ് തല്ലി പൊട്ടിച്ചതും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചതും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


