ആശുപത്രിയിൽ ബാഗ് മോഷണം; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്
text_fieldsമുറിയിൽനിന്ന് തല മറച്ച് വേഗത്തിൽ പുറത്തേക്ക് പോകുന്നു സി.സി ടി.വി ദൃശ്യം
പത്തനാപുരം: രോഗിയായ ഭർത്താവിനൊപ്പം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ പണമടങ്ങുന്ന ബാഗ് മോഷണംപോയി. ഇത് സംബന്ധിച്ച് ഇടത്തറ കോട്ടവിള വീട്ടിൽ എം. ആബിദബീവി പത്തനാപുരം പൊലീസിൽ പരാതി നൽകി. ഞായറാഴ്ച് ഉച്ചക്കായിരുന്നു സംഭവം. ഭർത്താവ് ഐ.സി.യുവിൽ ആയതിനാൽ തൊട്ടടുത്തുള്ള മുറിയിൽ ആബിദബീവിയും മകനും വിശ്രമിക്കുകയായിരുന്നു.
ഇതിനിടെ ഇരുവരും ഉറങ്ങിപ്പോയി. ഈ സമയത്താണ് പഴ്സ് മോഷണം പോയത്. പഴ്സിൽ 4800 രൂപയും വീടിന്റെ താക്കോൽ കൂട്ടവുമുണ്ടായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ആശുപത്രിയുടെ ഒന്നാംനിലയിലെത്തിയ ഒരു യുവതി വിവിധ റൂമുകൾ ചെക്ക് ചെയുന്നതും ഒടുവിൽ ആബിദബീവി കിടന്നിരുന്ന റൂമിൽ കയറുന്നതും, പിന്നീട് റൂമിൽനിന്ന് മുഖംമറച്ച് പുറത്തിറങ്ങുന്നതും കാണാം. പത്തനാപുരം പൊലീസ് കേസെടുത്തു.


