10 കിലോ കഞ്ചാവുമായി ബംഗാളി യുവാവ് അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ എക്സൈസ് വിഭാഗം പിടികൂടിയ കഞ്ചാവും അറസ്റ്റിലായ പ്രതി ദേബ് കുമാർ
ബിശ്വാസുമായി എക്സൈസ് ഉദ്യോഗസ്ഥർ
പെരിന്തൽമണ്ണ:10 കിലോ കഞ്ചാവും ലക്ഷത്തിലധികം രൂപയുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുലാമന്തോൾ വില്ലേജ് ചെമ്മലശ്ശേരി രണ്ടാം മൈലിൽനിന്ന് വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ജില്ലയിൽ ഗോൽജാർ ബാഗ് വില്ലേജിൽ ജിയാഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേബ് കുമാർ ബിശ്വാസ് (32) പിടിയിലായത്.
ഇയാളുടെ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവും 1.01 ലക്ഷം രൂപയും കണ്ടെടുത്തു. ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്ന രണ്ടു യുവാക്കളെ രണ്ടുദിവസം മുമ്പ് പിടികൂടിയിരുന്നു. തുടർന്ന് ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് മൊത്ത വിൽപനക്കാരൻ പിടിയിലായത്.
പെരിന്തൽമണ്ണയിലും പുലാമന്തോൾ ചെമ്മലശ്ശേരി ഭാഗങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും പെരിന്തൽമണ്ണ എക്സൈസ് സ്റ്റേഷൻ പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
ഇതരസംസ്ഥാന തൊഴിലാളികളെ നിരന്തരം നിരീക്ഷിച്ചുവരുകയും തുടർന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. യൂനുസ്, എ.ഇ.ഐ പി. അശോക്, പ്രിവന്റീവ് ഓഫിസർ സുനിൽകുമാർ, ഡി. ഷിബു, പ്രിവന്റിവ് ഓഫിസർ സായി റാം, സിവിൽ എക്സൈസ് ഓഫിസർമാരായ ഷംസുദ്ദീൻ, തേജസ്, അബ്ദുൽ ജലീൽ, പ്രസീദ മോൾ, എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി പി. ആർ. ജിഷ്ണു എന്നിവർ പങ്കെടുത്തു.